ക്രൈസ്റ്റ് കോളജ് കേന്ദ്രീകരിച്ച് കലാമേളകള്‍ സംഘടിപ്പിച്ചിരുന്ന ആര്‍ട്സ് കേരള വീണ്ടും സജീവമാകുന്നു
ഇരിങ്ങാലക്കുട: കേരളത്തിലെ കോളജുകളെ പങ്കെടുപ്പിച്ചുകൊണ്ട് ക്രൈസ്റ്റ് കോളജ് കേന്ദ്രീകരിച്ച് കലാമേളകള്‍ സംഘടിപ്പിച്ചിരുന്ന ആര്‍ട്സ് കേരള എന്ന സംഘടന നീണ്ട ഇടവേളക്ക് ശേഷം സജീവമാകുന്നു. കണ്ടംകുളത്തി ഗ്രൂപ്പിന്റെ പിന്തുണയോടെ ഗ്രൂപ്പ് ഡാന്‍സ് മത്സരങ്ങള്‍ സംഘടിപ്പിച്ചുകൊണ്ടാണ് ആര്‍ട്സ് കേരള വീണ്ടും പ്രവര്‍ത്തനങ്ങള്‍ക്ക് തുടക്കമിടുന്നത്. മികച്ച ടീമുകള്‍ക്കുള്ള ട്രോഫികളും കാഷ് പ്രൈസുകളോടൊപ്പം കോളജില്‍ ദീര്‍ഘകാലം പ്രവര്‍ത്തിച്ച ചമയ കലാകാരന് വി. രാമകൃഷ്ണന്റെ സ്മരണാര്‍ഥം മികച്ച ചമയത്തിനുള്ള അവാര്‍ഡും നല്‍കുന്നുണ്ട്. കോളജില്‍ നടന്ന ചടങ്ങില്‍ ഉന്നത വിദ്യാഭ്യാസ വകുപ്പ് മന്ത്രി ഡോ. ആര്. ബിന്ദു ആര്‍ട്സ് കേരളയുടെ പ്രവര്‍ത്തനോദ്ഘാടനം നിര്‍വഹിച്ചു. സമൂഹത്തില്‍ വര്‍ധിച്ചുവരുന്ന അപര വിദ്വേഷവും അസഹിഷ്ണുതയും പ്രതിരോധിക്കാന്‍ സര്‍ഗാത്മകതയെ ആയുധമാക്കാന്‍ കഴിയണമെന്ന് മന്ത്രി പറഞ്ഞു. കലയും സാഹിത്യവും മനസുകളെ കൂട്ടിയിണക്കാന്‍ ഉപയോഗിക്കണമെന്നും ആര്‍ട്സ് കേരളയുടെ സുവര്‍ണദിനങ്ങള്‍ തിരിച്ചുപിടിക്കാന്‍ ക്രൈസ്റ്റ് കലാലയത്തിന് കഴിയട്ടെയെന്നും മന്ത്രി പറഞ്ഞു. കോളജ് മാനേജര്‍ ഫാ. ജേക്കബ് ഞെരിഞ്ഞാമ്പിള്ളി അധ്യക്ഷത വഹിച്ചു. പ്രിന്‍സിപ്പല്‍ ഫാ. ജോളി ആന്‍ഡ്രൂസ്, കണ്ടംകുളത്തി ഗ്രൂപ്പ് ഡയറക്ടര്‍ ജോസ് ജോണ്‍ എന്നിവര്‍ ആശംസകള്‍ നേര്‍ന്നു. വൈസ് പ്രിന്‍സിപ്പല്‍മാരായ ഫാ. ജോയ് പീണിക്കപറമ്പില്‍ സ്വാഗതവും ഡോ. കെ.വൈ. ഷാജു നന്ദിയും പറഞ്ഞു. യൂണിവേഴ്സിറ്റി തലത്തിലുള്ള ഇന്റര്‍സോണ്‍ മത്സരങ്ങള്‍ വരുന്നതിന് മുന്‍പ് 1970കളില്‍ സംസ്ഥാനതലത്തില്‍ കോളജുകളെ പങ്കെടുപ്പിച്ചുകൊണ്ട് ക്രൈസ്റ്റ് കോളജ് സംഘടിപ്പിച്ചിരുന്ന കലാമേളയാണ് ആര്‍ട്സ് കേരള. മികച്ച സംഘാടനം കൊണ്ടും കഴിവുറ്റ കലാപ്രതിഭകളുടെ സാന്നിധ്യം കൊണ്ടും ശ്രദ്ധേയമായിരുന്ന ആര്‍ട്സ് കേരള കലാമേളയില്‍ സമ്മാനം നല്‍കുന്നതിനായി വന്നിരുന്നത് അന്നത്തെ പ്രശസ്ത സിനിമ താരങ്ങളായിരുന്ന പ്രേം നസീര്‍, ജയഭാരതി, ഷീല തുടങ്ങിയവരായിരുന്നു. പിന്നീട് കാലക്രമേണ നിലച്ചുപോയ ഈ കലാമേളയാണ് ആര്‍ട്സ് കേരള എന്ന പേരില്‍ ക്രൈസ്റ്റ് കോളജില്‍ പുനര്‍ജനിക്കുന്നത്. ആര്‍ട്സ് കേരള ഡാന്‍സ് ഫെസ്റ്റില്‍ ഒന്നാം സമ്മാനം നേടിയത് കോഴിക്കോട് ഫാറൂഖ് കോളജാണ്. തേവര സേക്രഡ് ഹാര്‍ട്ട് കോളജ്, ഇരിങ്ങാലക്കുട ക്രൈസ്റ്റ് കോളജ് എന്നിവര്‍ യഥാക്രമം രണ്ടും മൂന്നും സ്ഥാനങ്ങള്‍ കരസ്ഥമാക്കി. മികച്ച ചമയത്തിനുള്ള ‘രാമേട്ടന്‍സ് ബെസ്റ്റ് മേക്കപ്പ്’ അവാര്‍ഡ് നേടിയത് കൊല്ലം ഫാത്തിമ മാതാ കോളജാണ്. ഒന്നാം സമ്മാനമായി കെ.പി. ജോണ്‍ മെമ്മോറിയല്‍ ട്രോഫിയും മുപ്പതിനായിരം രൂപ കാഷ് അവാര്‍ഡും നല്കി. രണ്ടാം സമ്മാനമായി 20,000 രൂപ കാഷ് അവാര്‍ഡും ശില്പവും, മൂന്നാം സമ്മാനമായി 10,000 രൂപ കാഷ് അവാര്‍ഡും ശില്പവും നല്കി. പ്രശസ്ത മോഹിനിയാട്ടം നര്‍ത്തകിയായ അനുപമ മേനോന് വിജയികള്‍ക്ക് സമ്മാനം നല്കി.