കരൂപ്പടന്ന മുസാഫരിക്കുന്നിലെ മണ്ണിടിച്ചില്‍ ഭീഷണി
ഭൂമി കണ്ടെത്താന്‍ നിര്‍ദേശം
കരൂപ്പടന്ന: മണ്ണിടിച്ചില്‍ ഭീഷണി നേരിടുന്ന വെള്ളാങ്കല്ലൂര്‍ പഞ്ചായത്തിലെ കരൂപ്പടന്ന മുസാഫരിക്കുന്നിലെ കുടുംബങ്ങളെ മാറ്റിത്താമസിപ്പിക്കാനുള്ള നടപടികള്‍ ത്വരിതപ്പെടുത്താന്‍ തീരുമാനം. മുസാഫരിക്കുന്ന് മദ്രസ ഹാളില്‍ വി.ആര്. സുനില്‍കുമാര്‍ എംഎല്‍എയുടെ അധ്യക്ഷതയില്‍ ചേര്‍ന്ന യോഗത്തിലാണ് തീരുമാനം. ഇതിന്റെ ഭാഗമായി എല്ലാ പദ്ധതി ഗുണഭോക്താക്കളും മണ്ണിടിച്ചില്‍, വെള്ളപ്പൊക്കം എന്നിവ ബാധിക്കാത്ത, വില്ലേജ് രേഖകള്‍ പ്രകാരം പുരയിടം തരത്തില്‍ ഉള്‍പ്പെട്ട ഭൂമി കണ്ടെത്താന്‍ നിര്‍ദേശം നല്കി. മുസാഫരിക്കുന്നില്‍ 2008ലാണ് വ്യാപകമായ മണ്ണിടിച്ചില്‍ ഉണ്ടാകുന്നത്. പിന്നീട് പലപ്പോഴായി മണ്ണിടിച്ചില്‍ തുടരുകയും 2018ലെ പ്രളയവുമായി ബന്ധപ്പെട്ട കനത്ത മഴയില്‍ കൂടുതല്‍ പ്രദേശത്ത് മണ്ണിടിച്ചില്‍ ഉണ്ടാകുകയും ചെയ്തു. 2019ലെ മഴയിലും മണ്ണിടിച്ചില്‍ രൂക്ഷമായി. അന്നത്തെ കളക്ടര്‍ എസ്. ഷാനവാസ് സ്ഥലം സന്ദര്‍ശിക്കുകയും കൂടുതല്‍ അപകടാവസ്ഥയിലുള്ള അഞ്ച് കുടുംബങ്ങളെ പുനരധിവാസപദ്ധതിയില്‍ ഉള്‍പ്പെടുത്തി പത്ത് ലക്ഷം രൂപവീതം അനുവദിക്കുകയും ചെയ്തു. പിന്നീട് മണ്ണിടിച്ചില്‍ ഭീഷണിയുള്ള കുടുംബങ്ങളുടെ വിശദമായ റിപ്പോര്‍ട്ട് സമര്‍പ്പിക്കുകയും വിശദമായ പരിശോധനകള്‍ക്കുശേഷം ജില്ലാ ദുരന്ത നിവാരണ അതോറിറ്റിയുടെ യോഗത്തില്‍ പ്രദേശത്തെ 21 കുടുംബങ്ങളെ പുനരധിവാസ പദ്ധതിയുടെ ഭാഗമായി തയ്യാറാക്കിയ ലിസ്റ്റില്‍ ഉള്‍പ്പെടുത്തുകയും ചെയ്തു. മുസാഫരിക്കുന്നില്‍ 2008ലാണ് വ്യാപകമായ മണ്ണിടിച്ചില്‍ ഉണ്ടാകുന്നത്. മണ്ണിടിച്ചില്‍ ഭീഷണിയുള്ള കുടുംബങ്ങളുടെ വിശദമായ റിപ്പോര്‍ട്ട് സമര്‍പ്പിക്കുകയും വിശദമായ പരിശോധനകള്‍ക്കുശേഷം ജില്ലാ ദുരന്തനിവാരണ അതോറിറ്റിയുടെ യോഗത്തില്‍ പ്രദേശത്തെ 21 കുടുംബങ്ങളെക്കൂടി പുനരധിവാസപദ്ധതിയുടെ ഭാഗമായി തയ്യാറാക്കിയ ലിസ്റ്റില്‍ ഉള്‍പ്പെടുത്തുകയും ചെയ്തു. നേരത്തെ കൂടുതല്‍ അപകടാവസ്ഥയിലുള്ള അഞ്ച് കുടുംബങ്ങളെ പുനരധിവാസപദ്ധതിയില്‍ ഉള്‍പ്പെടുത്തി പത്ത് ലക്ഷം രൂപവീതം അനുവദിച്ചിരുന്നു. തിരഞ്ഞെടുക്കപ്പെട്ട കുടുംബങ്ങളുടെ അംഗങ്ങളെ പങ്കെടുപ്പിച്ചുകൊണ്ടാണ് യോഗം നടത്തിയത്. യോഗത്തില്‍ പഞ്ചായത്ത് പ്രസിഡന്റ് എം.എം. മുകേഷ്, തഹസില്‍ദാര്‍ കെ. ശാന്തകുമാരി, ഡപ്യൂട്ടി തഹസില്‍ദാര്‍ ശശിധരന്, കെ.ബി. ബിനോയ്, എം.എച്ച്. ബഷീര്‍, കെ.എ. സദക്കത്തുള്ള, നിഷാ ഷാജി, സി.ആര്. ജോയ്സണ്‍, താരിഖ് ബാബു തുടങ്ങിയവര്‍ പ്രസംഗിച്ചു.