ജലസാക്ഷരതയ്ക്ക് ആളൂരിന്റെ നീന്തല്‍ പരിശീലനം
പരിശീലനം 23 വാര്‍ഡുകളില്‍ നിന്നായി 400 വിദ്യാര്‍ഥികള്‍ക്ക്
ഇരിങ്ങാലക്കുട: സമ്പൂര്‍ണ ജലസാക്ഷരത ലക്ഷ്യമാക്കി ആളൂര്‍ ഗ്രാമപഞ്ചായത്ത് നടപ്പാക്കുന്ന നീന്തല്‍ പരിശീലന ക്യാമ്പ് സന്ദര്‍ശിച്ച് ഉന്നത വിദ്യാഭ്യാസ സാമൂഹ്യനീതി വകുപ്പ് മന്ത്രി ഡോ. ആര്. ബിന്ദു. കേരളത്തിലെ മുഴുവന്‍ തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളും മാതൃകയാക്കേണ്ട പദ്ധതിയാണ് ആളൂര്‍ പഞ്ചായത്ത് നടപ്പിലാക്കുന്നതെന്ന് മന്ത്രി പറഞ്ഞു. നീന്തലിന്റെ പ്രാധാന്യം മനസിലാക്കി നല്കി കുട്ടികള്‍ക്ക് നിര്‍ബന്ധമായും പരിശീലനം നല്‍കണം. കുട്ടികള്‍ക്ക് വെള്ളത്തിനോടും നീന്തലിനോടുമുളള ഭയം മാറ്റിയെടുക്കണമെന്ന് പറഞ്ഞ മന്ത്രി ആരോഗ്യ സംരക്ഷണത്തില്‍ നീന്തലിന് വലിയ പ്രാധാന്യമുണ്ടെന്നും അവരെ ഓര്‍മ്മിപ്പിച്ചു. ആളൂര്‍ പഞ്ചായത്തിലെ 23 വാര്‍ഡുകളില്‍ നിന്നായി ഏകദേശം 400 വിദ്യാര്‍ഥികള്‍ക്കാണ് നീന്തല്‍ പരിശീലനം നല്‍കുന്നത്. 202223 സാമ്പത്തിക വര്‍ഷത്തെ വാര്‍ഷിക പദ്ധതിയില്‍ ഉള്‍പ്പെടുത്തി 1,50,000 രൂപ വകയിരുത്തിയാണ് പദ്ധതി നടപ്പിലാക്കുന്നത്. പരിശീലകന് മൂത്തേടത്ത് ഹരിലാലിന്റെ നേതൃത്വത്തിലുള്ള ഏഴംഗ സംഘമാണ് പരിശീലനം നല്‍കുന്നത്. പഞ്ഞപ്പിള്ളി പന്തലിച്ചിറയില് രാവിലെ 6.30 മുതല്‍ 7.30 വരെയും കുഴിക്കാട്ടുശ്ശേരി മഷികുളത്തില് വൈകിട്ട് മൂന്ന് മുതല്‍ 5.30 വരെയുമാണ് പരിശീലനം. ക്രിസ്മസ് അവധിയില്‍ ആരംഭിച്ച പരിശീലനം ജനുവരി രണ്ട് വരെയുണ്ടാകും. പഞ്ചായത്തിലെ കൊച്ചുകുട്ടികള്‍ മുതല്‍ മുഴുവന്‍ പേര്‍ക്കും അഞ്ച് വര്‍ഷത്തിനകം ജലസാക്ഷരത നല്‍കുകയാണ് പദ്ധതിയിലൂടെ പഞ്ചായത്ത് ലക്ഷ്യമിടുന്നത്. പന്തലിച്ചിറയില് നടന്ന ചടങ്ങില്‍ പഞ്ചായത്ത് പ്രസിഡന്റ് കെ.ആര്. ജോജോ അധ്യക്ഷനായി. ജില്ല പഞ്ചായത്ത് പ്രസിഡന്റ് പി.കെ. ഡേവിസ് മാസ്റ്റര്‍, മാള ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് സന്ധ്യ നൈസണ്‍, മുരിയാട് പഞ്ചായത്ത് പ്രസിഡന്റ് ജോസ് ജെ. ചിറ്റിലപ്പിള്ളി, ആളൂര്‍ പഞ്ചായത്ത് വൈസ് പ്രസിഡന്റ് രതി സുരേഷ്, വാര്‍ഡ് മെമ്പര്‍ ഓമന ജോര്‍ജ്, ഷൈനി തിലകന്, കെ.ബി. സുനില്‍, പി.സി. ഷണ്മുഖന്, മിനി പോളി, പ്രഭ കൃഷ്ണനുണ്ണി, രേഖ സന്തോഷ്, മേരി ഐസക്, പഞ്ചായത്ത് സെക്രട്ടറി അനൂപ് എന്നിവര്‍ പങ്കെടുത്തു.