കാറളം കൃഷിഭവനിലെ പ്രവര്‍ത്തനം പ്രതിസന്ധിയില്‍, ആവശ്യത്തിന് ജീവനക്കാരില്ല, കര്‍ഷകര്‍ വലയുന്നു.
കൃഷി ഒഫീസറില്ല. രണ്ട് കൃഷി അസിസ്റ്റന്റുമാര്‍ മാത്രമാണുള്ളത്
കാറളം: കൃഷിഭവനില്‍ ആവശ്യത്തിന് ജീവനക്കാരില്ലാത്തത് ദൈനംദിന പ്രവര്‍ത്തനങ്ങളെ ബാധിക്കുന്നതായി പരാതി. കാറളം കൃഷിഭവനില്‍ ഒരു കൃഷി ഓഫീസറും നാല് കൃഷി അസിസ്റ്റന്റുമാരും വേണ്ടിടത്ത് നിലവില്‍ രണ്ടു കൃഷി അസിസ്റ്റന്റുമാര്‍ മാത്രമാണുള്ളത്. കൃഷി ഓഫീസര്‍ ഒക്ടോബറില്‍ ജോലിക്കയറ്റം കിട്ടിപ്പോയി. പിന്നാലെ ഒരു കൃഷി അസിസ്റ്റന്റിനും സ്ഥലംമാറ്റമുണ്ടായി. ശേഷിക്കുന്ന രണ്ടുപേരില്‍ ഒരാള്‍ ലീവിലായിരുന്നുവെങ്കിലും പകരം ഒരാളെ കൂടി നിയമിക്കുകയായിരുന്നു. വിള ഇന്‍ഷുറന്‍സ് അടക്കമുള്ള കര്‍ഷകരുടെ അപേക്ഷകളില്‍ പരിശോധന നടത്തി തീരുമാനമെടുക്കേണ്ട സമയമാണിതെന്നും എന്നാല്‍, ആവശ്യത്തിന് ജീവനക്കാരില്ലാത്തത് വലിയ ബുദ്ധിമുട്ടുണ്ടാക്കുന്നുണ്ടെന്നും കര്‍ഷകര്‍ പറഞ്ഞു. കഴിഞ്ഞ ഏപ്രില്‍ മേയ് മാസങ്ങളില്‍ പെയ്ത മഴയില്‍ ഏറ്റവും കൂടുതല്‍ കൃഷിനാശം സംഭവിച്ച മേഖലകളാണ് കാറളം കൃഷിഭവന് കീഴിലുള്ളത്. ഇതിന്റെ ഇന്‍ഷുറന്‍സ് തുക ഇതുവരെ പൂര്‍ണമായും ലഭിച്ചിട്ടില്ലെന്ന് കര്‍ഷകര്‍ പറഞ്ഞു. കഴിഞ്ഞ മഴയിലും മേഖലയിലെ പല പാടശേഖരങ്ങളിലും വെള്ളം കയറി കൃഷി നശിച്ചിരുന്നു. എന്നാല്‍, ഇവ പരിശോധിക്കാനോ റിപ്പോര്‍ട്ട് സമര്‍പ്പിക്കാനോ കൃഷിഭവനായിട്ടില്ല. കൃഷിസ്ഥലങ്ങള്‍ സന്ദര്‍ശിക്കാനോ കര്‍ഷകര്‍ക്ക് നിര്‍ദേശങ്ങള്‍ നല്‍കാനോ ആളില്ലാത്ത അവസ്ഥയിലാണ്. പഞ്ചായത്തിന്റെയും കൃഷിവകുപ്പിന്റെയും പദ്ധതികളുമായി ബന്ധപ്പെട്ട പ്രവര്‍ത്തനങ്ങളും കൃഷിഭവനുമായി ബന്ധപ്പെട്ട് നടന്നുവരുന്നുണ്ട്. എന്നാല്‍, ഇവ നടപ്പാക്കുന്നതിനും കര്‍ഷകര്‍ക്കുള്ള ആനുകൂല്യങ്ങളും വിത്തും വളവുമെല്ലാം എത്തിച്ചുനല്കുന്നതിനും കൃഷിഭവനില്‍ ജീവനക്കാരില്ല. നിലവില്‍ പൊറത്തിശേരി കൃഷി ഓഫീസര്‍ക്കാണ് കാറളം കൃഷിഭവന്റെ അധികച്ചുമതല നല്‍കിയിരിക്കുന്നത്. ഇരിങ്ങാലക്കുടയിലെ പ്രധാനപ്പെട്ട മൂന്ന് കോള്മേഖലകളില് ഒന്ന് കാറളം കോള്മേഖലയാണ്. 15 വാര്‍ഡുകളിലായി ഏഴ് പാടശേഖരങ്ങളുണ്ട്. മൂവായിരത്തോളം കര്‍ഷകര്‍ വിവിധ കൃഷികള്‍ ചെയ്തുവരുന്നുണ്ട്.