സ്വിച്ചിട്ടാല്‍ തുമ്പിക്കൈയില്‍നിന്ന് വെള്ളം ചീറ്റും, ഒരിക്കലും മദം പൊട്ടില്ല; ഉല്സവങ്ങള്ക്കിനി റോബോട്ടിക് ആനയും.
ഇരിങ്ങാലക്കുട: കണ്ടാല്‍ ആരായാലും ഒന്ന് നോക്കിനിന്നുപോകും, അത്രയ്ക്ക് തലയെടുപ്പ്, വിടര്‍ന്ന ചെവികള്‍, പതിനെട്ടു നഖങ്ങള്‍, നീണ്ടരോമങ്ങള്‍ നിറഞ്ഞവാല്. ലക്ഷണമൊത്ത ഈ ഗജവീരന് ഉയരം പത്തര അടി, തൂക്കം എണ്ണൂറ് കിലോ, നാലുപേരെ പുറത്തേറ്റും. എന്നാല്‍, അടുത്തുചെന്നാല്‍ അറിയാം ഇതൊരു റോബോട്ട് ആനയാണെന്ന്. കല്ലേറ്റുംകര ഇരിഞ്ഞാടപ്പിള്ളി ശ്രീകൃഷ്ണക്ഷേത്രത്തില്‍ നടയിരുത്തുന്ന ഗജരാജന്റെ
അഴക് കണ്ടുതന്നെ അറിയണം. ഒറ്റനോട്ടത്തില്‍ ഒറിജനല്‍ ആന അല്ലെന്ന് ആരും പറയില്ല. അത്രയും മനോഹരമായിട്ടാണ് ഒറിജിനലിനെ വെല്ലുന്ന ആനയെ നിര്‍മിച്ചത്. ക്ഷേത്രത്തില്‍ ആദ്യമായാണ് റോബോര്‍ട്ട് ആനയെ നടയിരുത്തുന്നത്. ഇരിഞ്ഞാടപ്പിള്ളി ശ്രീകൃഷ്ണക്ഷേത്രത്തിലേക്ക് ഒരുകൂട്ടം ഭക്തരുടെ സംഭാവനയാണ് ഈ റോബോര്‍ട്ട് കൊമ്പന്. ഇരിഞ്ഞാടപ്പിള്ളി രാമന് എന്നാണ് പേര്. 26ന് നാലിന് ക്ഷേത്രത്തില്‍ നടയിരുത്തല്‍ ചടങ്ങില്‍ താന്ത്രികമേഖലയിലെ പ്രമുഖര്‍ പങ്കെടുക്കും. കളഭാഭിക്ഷേകത്തിനുശേഷം നടക്കുന്ന എഴിന്നള്ളിപ്പിന് ഇരിഞ്ഞാടപ്പിള്ളി രാമന് തിടമ്പേറ്റും. പെരുവനം സതീശന്‍മാരാരുടെ നേതൃത്വത്തിലാണ് മേളം. നാലുപേര്‍ക്ക് ഇരിക്കാവുന്ന ആനപ്പുറത്ത് ആലവട്ടവും വെഞ്ചാമരവും വീശാനും ആളുണ്ടാകും. വൈദ്യുതിയില്‍ പ്രവര്‍ത്തിക്കുന്ന ആനയുടെ തല, ചെവികള്‍, കണ്ണ്, വായ, വാല് എന്നിവ എപ്പോഴും ചലിപ്പിക്കുന്ന രീതിയിലാണ് ഒരുക്കിയിരിക്കുന്നത്. ആനയുടെ സഞ്ചാരം ട്രോളിയിലാണ്. അഞ്ച്ലക്ഷം രൂപ ചെലവഴിച്ച് രണ്ടുമാസം പണിയെടുത്താണ് ആനയെ നിര്‍മിച്ചിരിക്കുന്നത്. അഞ്ച് മോട്ടോറുകള്‍ ഉപയോഗിച്ചാണ് ഇതിന്റെ ചലനം. നേരത്തെ ദുബായ് ഉത്സവത്തിന് ചാലക്കുടി പോട്ട പനമ്പിള്ളി കോളജ് റോഡില്‍ പ്രവര്‍ത്തിക്കുന്ന ഫോര്ഹി ആര്‍ട്ട്സിലെ ശില്പികളായ പ്രശാന്ത്, സാന്റോ, ജിനേഷ്, റോബിന് എന്നിവരുടെ രണ്ടുമാസം നീണ്ട പരിശ്രമത്തിനൊടുവിലാണ് കരിവീരന്
പിറവിയെടുത്തത്. തുമ്പിക്കൈ ഒഴികെ മറ്റുള്ളവയെല്ലാം മോട്ടോറിലാണ് പ്രവര്‍ത്തിക്കുന്നത്. തുമ്പിക്കൈ മാത്രം പാപ്പാന് നിയന്ത്രിക്കാന്‍ കഴിയുന്ന തരത്തിലാണ് ഒരുക്കിയിരിക്കുന്നത്. സ്വിച്ചിട്ടാല്‍ തുമ്പിക്കൈയില്‍ നിന്ന് വെള്ളം ചീറ്റും. വര്‍ഷങ്ങള്‍ക്ക് മുമ്പ് തേരില്‍ എഴുന്നള്ളിപ്പ് നടത്തിയിട്ടുള്ള ക്ഷേത്രമാണിത്. കുറച്ച് വര്‍ഷങ്ങളായി തിടമ്പ് കൈയില്‍ പിടിച്ചാണ് എഴുന്നള്ളിപ്പ് നടത്തുന്നത്. ആനകള്‍ക്ക് ലക്ഷങ്ങള്‍ ഏകപ്പണം വരുന്ന ഈ കാലത്ത് അപകടകരരഹിതവും ചെലവുകുറഞ്ഞതുമായ ഈ രീതി ഉപയോഗിക്കുന്നതില്‍ തെറ്റിലെന്നാണ് ക്ഷേത്രം അവകാശികളിലൊരാളായ രാജ്കുമാര് നമ്പൂതിരിയുടെ അഭിപ്രായം.