ഗവര്‍ണര്‍ക്കതിരെ സിപിഎം സംസ്ഥാന സെക്രട്ടറി എംവി ഗോവിന്ദന് മാസ്റ്റര്‍
വിദ്യാഭ്യാസ രംഗത്ത് കാവിവല്കരണം നടത്താനുള്ള ഗവര്‍ണറുടെ സമീപനങ്ങള്‍ക്കെതിരെ ജനകീയ ഇടപെടലുകള്‍ സ്വീകരിക്കും
കെ റെയില്‍ പദ്ധതിയില്‍ സര്‍ക്കാര്‍ പിന്നോട്ടില്ല; പദ്ധതി നടപ്പിലാക്കും, ഇത് നാടിന്റെ വികസനത്തിന്റെ ഭാഗം. കേന്ദ്ര സര്‍ക്കാര്‍ അംഗീകാരം നല്കിയാല് നടപടികള്‍ ഉടന്‍ പൂര്‍ത്തിയാക്കും
ഇരിങ്ങാലക്കുട: ഉന്നത വിഗ്യാരംഗത്ത് അനിശ്ചിതത്വം സൃഷ്ടിച്ചുകൊണ്ട് കാവിവല്കരണം നടത്താനുള്ള ഗവര്‍ണറുടെ ശ്രമങ്ങള്‍ക്കെതിരെ ജനകീയ ഇടപെടലുകള്‍ സ്വീകരിക്കുമെന്നു സിപിഎം സംസ്ഥാന സെക്രട്ടറി എംവി ഗോവിന്ദന് മാസ്റ്റര്‍ പത്രസമ്മേളനത്തില്‍ പറഞ്ഞു. ജനവിധിയെ അട്ടിമറിക്കുന്ന സേഛാധിപത്യപരമായ സമീപനങ്ങളിലേക്കു നീങ്ങുന്ന ഗവര്‍ണറുടെ നീക്കം ജനാധിപത്യ സംവിധാനത്തിന് നിരക്കാത്തതാണ്. സര്‍ക്കാര്‍ നല്കുന്ന പട്ടികയില്‍ നിന്നും ചാന്‍സിലര്‍ കൂടിയായ ഗവര്‍ണര്‍ വിസി മാരെ നിയമിക്കണമെന്ന ഹൈക്കോടതി വിധിയുടെ പശ്ചാത്തലത്തിലാണ് മലയാളം സര്‍വകലാശാല വിസി നിയമത്തിന് മൂന്ന് പേരുടെ പട്ടിക ഗവര്‍ണര്‍ക്ക് സമര്‍പ്പിച്ചത്. എന്നാല്‍ ഇതംഗീകരിക്കാതെ എംജി സര്‍വകലാശാല വിസിക്ക് മലയാളം സര്‍വകലാശാലയുടെ വിസിക്ക് ചുമതല നല്‍കാനാണ് ഗവര്‍ണര്‍ തയ്യാറായിട്ടുള്ളത്. മുമ്പ് സാങ്കേതിക സര്‍വകലാശാല നിയമന വിഷയത്തിലും സമാനമായാണ് ഗവര്‍ണര്‍ പെരുമാറായിട്ടുള്ളത്. സര്‍ക്കാര്‍ നല്കിയ പാനല്‍ മാറ്റിവെച്ച് ഡോ. സി.സി. തോമസിന് ചുമതല നല്‍കുകയാണ് ചെയ്തത്. ഈ നിയമനം ചട്ട വിരുദ്ധമാണെന്ന് ഹൈകോടതി ഡിവിഷന് ബെഞ്ച് വിധിച്ചിരുന്നു. ഫലത്തില്‍ മൂന്ന് പ്രധാന സര്‍വകലാശാലകളില്‍ സ്ഥിരം വിസി ഇല്ലാത്ത സ്ഥിയാണുള്ളത്. ഗവര്‍ണറുടെ കടുംപിടുത്തമാണ് ഇത്തരമൊരു സാഹചര്യം സൃഷ്ടിച്ചിട്ടുള്ളത്. ഉന്നത വിദ്യാഭ്യാസ മേഖലയില്‍ സര്‍ക്കാര്‍ നടപ്പിലാക്കുന്ന പദ്ധതികള്‍ ഇതോടെ തടയപ്പെടുകയും കേരളത്തിലെ വിദ്യാഭ്യാസ പുരോഗതിയെ പിന്നോടിപ്പിക്കുകയെന്ന സംഘപരിവാര്‍ അജന്‍ഡയുമാണ് ഗവര്‍ണര്‍ നടപ്പിലാക്കാന്‍ ശ്രമിക്കുന്നത്. ഇത് അംഗീകരിച്ച് നല്കാന് കഴിയില്ല. ചാന്‍സലര്‍ പദവിയില്‍ നിന്നും ഗവര്‍ണറെ മാറ്റാനുള്ള ബില്‍ നിയമസഭ അംഗീകരിച്ചുവെങ്കിലും ഗവര്‍ണര്‍ ഇനിയും ഒപ്പുവെക്കുകയോ മേല്‍ നടപടികള്‍ സ്വീകരിക്കുകയോ ചെയ്തിട്ടില്ല. ഇക്കാര്യത്തില്‍ ഗവര്‍ണര്‍ ഉടന്‍ തീരുമാനം കൈക്കൊള്ളണം. പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ ഉപയോഗിച്ച് വ്യാജവാര്‍ത്ത നിര്‍മിച്ചുവെന്ന കേസുമായി ബന്ധപ്പെട്ട് ഏഷ്യാനെറ്റ് ഓഫീസില്‍ നടന്ന പോലീസ് പരിശോധന നിയമവാഴ്ച്ചയുടെ ഭാഗമായിട്ടുള്ള സ്വാഭാവിക നടപടിക്രമം മാത്രമാണ്. അതിനെ മാധ്യമ വേട്ട എന്ന രീതിയില്‍ ചിത്രീകരിക്കാന്‍ ശ്രമിക്കുന്നത് അപക്വമായ സമീപനമാണ്. മാധ്യമ സ്വാതന്ത്രം പോലെ തന്നെ പ്രധാനമാണ് മാധ്യമ ധാര്‍മികതയും. മാധ്യമധാര്മികയ്ക്ക് ചേരാത്ത വിധം പ്രവര്‍ത്തിച്ച ചാനലിന്റെ പ്രവര്‍ത്തനത്തെ ന്യായീകരിക്കുന്നവര്‍ അന്തിമമായി ഹനിക്കുന്നത് മാധ്യമ സ്വാതന്ത്രത്തെ തന്നെയാണ്. കെ റെയില്‍ പദ്ധതിയില്‍ സര്‍ക്കാര്‍ പിന്നോട്ടില്ല. ഇത് നാടിന്റെ വികസനത്തിന്റെ ഭാഗമെന്നതിനാല്‍ പദ്ധതി നടപ്പിലാക്കും. കേന്ദ്ര സര്‍ക്കാര്‍ അംഗീകാരം നല്കിയാല് നടപടികള്‍ ഉടന്‍ പൂര്‍ത്തിയാക്കുമെന്ന് സിപിഎം സംസ്ഥാന സെക്രട്ടറി എം.വി. ഗോവിന്ദന് മാസ്റ്റര്‍ കൂട്ടിചേര്‍ത്തു. ജാഥാ മാനേജര്‍ പി.കെ. ബിജു, ജാഥാംഗങ്ങളായ കെ.ടി. ജലീല്‍, എം. സ്വരാജ്, ജെയ്ക് സി. തോമസ്, സിപിഎം ജില്ലാ സെക്രട്ടറി എം.എം. വര്‍ഗീസ് എന്നിവരും വാര്‍ത്താ സമ്മേളനത്തില്‍ പങ്കെടുത്തു