പൊതുവിതരണ വകുപ്പിന്റെ ഒപ്പം പദ്ധതി ഇരിങ്ങാലക്കുട മണ്ഡലത്തിലും; റേഷന്‍ വിഹിതം ഇനി ഓട്ടോ തൊഴിലാളികള്‍ വീട്ടിലെത്തിക്കും
ഇരിങ്ങാലക്കുട: പൊതുവിതരണ വകുപ്പിന്റെ ഒപ്പം പദ്ധതി ഇരിങ്ങാലക്കുട മണ്ഡലത്തിലും. കടകളില്‍ നേരിട്ട് എത്തി സാധനങ്ങള്‍ വാങ്ങാന്‍ കഴിയാത്തവര്‍ക്ക് പ്രദേശത്തെ ഓട്ടോ തൊഴിലാളികളുടെ സഹായത്തോടെ എല്ലാ മാസവും പത്താം തീയതിക്കുള്ളില്‍ റേഷന്‍ വിഹിതം എത്തിക്കാനാണ് ഒപ്പം പദ്ധതി ലക്ഷ്യമിടുന്നത്. പദ്ധതിയുടെ മുകുന്ദപുരം താലൂക്ക്തല ഉദ്ഘാടനം 38-ാം നമ്പര്‍ റേഷന്‍കട പരിസരത്ത് നടന്ന ചടങ്ങില്‍ ഉന്നത വിദ്യാഭ്യാസ വകുപ്പ് മന്ത്രി ഡോ. ആര്. ബിന്ദു നിര്‍വഹിച്ചു. വാതില്‍പ്പടിക്കല്‍ തന്നെ സേവനങ്ങള്‍ എത്തിക്കുക എന്ന സര്‍ക്കാര്‍ നയങ്ങളുടെ ഭാഗമായിട്ടാണ് പദ്ധതി നടപ്പിലാക്കുന്നതെന്ന് മന്ത്രി പറഞ്ഞു. നഗരസഭ ചെയര്‍പേഴ്സണ്‍ സോണിയ ഗിരി അധ്യക്ഷയായിരുന്നു. നഗരസഭ സ്റ്റാന്‍ഡിംഗ് കമ്മിറ്റി ചെയര്മാന്മാര്, വിവിധ രാഷ്ട്രീയ കക്ഷി പ്രതിനിധികള്‍ തുടങ്ങിയവര്‍ പങ്കെടുത്തു. താലൂക്ക് സപ്ലൈ ഓഫീസര്‍ ഇ.വി. സുരേഷ് സ്വാഗതവും, റേഷനിംഗ് ഇന്‍സ്പെക്ടര്‍ എം.കെ. ഷിനി നന്ദിയും പറഞ്ഞു.