മാലിന്യം കുന്നോളം; ആശങ്കയില്‍ ജനങ്ങള്‍.
കാട്ടൂരിലെ മാലിന്യ സംസ്കരണം ഇങ്ങനെയും, കെട്ടികിടക്കുന്നത് നൂറുകണക്കിന് മാലിന്യചാക്കുകള്‍.
കാട്ടൂര്‍: കാട്ടൂര്‍ പഞ്ചായത്തിലെ മാലിന്യ സംസ്കാരണ പ്ലാന്റ് പ്രവര്‍ത്തന രഹിതമായതോടെ അജൈവ മാലിന്യം കുന്നുകൂടി. കാട്ടൂര്‍- എടത്തിരിഞ്ഞി റോഡില്‍ തോക്കും മൂല പ്രദേശത്താണ് സംസ്കരണ പ്ലാന്റ്. പ്ലാസ്റ്റിക് അടക്കമുള്ള അജൈവ മാലിന്യങ്ങള്‍ തരം തിരിച്ച് പൊടിക്കുന്നതിനു വേണ്ടിയാണ് ഈ പ്ലാന്റ് ആരംഭിച്ചത്. ഇങ്ങനെ പൊടിക്കുന്ന മാലിന്യം കയറ്റി അയക്കുക എന്നുള്ളതായിരുന്നു ലക്ഷ്യം. അഞ്ച് വര്‍ഷം മുമ്പ് ആരംഭിച്ച ഈ പ്ലാന്റ് ഇപ്പോള്‍ അനാഥമാണ്. പ്രളയത്തില്‍ പ്ലാന്റില്‍ വെള്ളം കയറിയതോടെ മെഷിനറികള്‍ കേടുവന്നു. ഇതോടെ മാലിന്യം ശേഖരണം മാത്രമായി ചുരുങ്ങി. ഇവിടെ ശേഖരിത്തുന്ന മാലിന്യങ്ങള്‍ ക്ലീന്‍ കേരളക്കു നല്‍കുകയാണ് ചെയ്യുന്നത്. വീടുകളില്‍ നിന്നും കടകളില്‍ നിന്നും ശേഖരിക്കുന്ന അജൈവ മാലിന്യ ചാക്കുക്കള് ഇവിടെ നിക്ഷേപിക്കുക മാത്രമാണ് ഇപ്പോള്‍ നടക്കുന്നത്.
ഹരിതകര്‍മ സേന അംഗങ്ങള്‍ വീടുകളില്‍ നിന്നും മാസത്തില്‍ 50 രൂപ നിരക്കിലാണ് അജൈവ മാലിന്യങ്ങള്‍ ശേഖരിക്കുന്നത്. മാലിന്യ ചാക്കുകള്‍ ഇവിടെ കുന്നുകൂടിയതോടെ ആശങ്കയിലാണ് നാട്ടുക്കാര്. ഇത് തീപിടിക്കുന്ന വിധത്തില്‍ എന്തെങ്കിലും സംഭവിച്ചാല്‍ ഈ പ്രദേശത്തെ ജനങ്ങള്‍ ഏറെ ദുരിതത്തിലാകും. ഈ പ്ലാന്റിനു പുറകില്‍ കാട്ടൂര്‍ തെക്കുംപാടം പാടശേഖരമാണ്. ഇവിടെ ഏക്കറുകണക്കിന് പാടശേഖരമാണ് കൊയ്യാറായി നില്‍ക്കുന്നത്. സമീപവാസികള്‍ക്കു മാത്രമല്ല യാത്രക്കാര്‍ക്കും ഇവിടത്തെ മാലിന്യം ആരോഗ്യത്തിനു ഭീഷണിയായിട്ടുണ്ട്. പകര്‍ച്ചവ്യാധികള്‍ പടര്‍ന്നുപിടിക്കുമെന്ന ഭീതിയും ഉയര്‍ന്നീട്ടുണ്ട്. റോഡരികില്‍ മാലിന്യം തള്ളുന്നവര്ക്കതിരെ നടപടി എടുക്കുന്ന പഞ്ചായത്തിലെ ആരോഗ്യ വിഭാഗം ഇത് കണ്ട മട്ടില്ല. അധികൃതര്‍ ഇക്കാര്യത്തില്‍ നിസംഗത തുടര്‍ന്നാല്‍ ഒരു പക്ഷേ വലിയൊരു ദുരന്തത്തിലേക്കാവാം നയിക്കുക. സംസ്കരണ പ്ലാന്റിന്റെ പ്രവര്‍ത്തനം നിലച്ചതോടെ ശേഖരിച്ചു വച്ചിരിക്കുന്ന മാലിന്യങ്ങള്‍ ആക്രി വില്പനക്കാര്ക്ക് നല്‍കുന്നതായും ആരോപണമുണ്ട്. ഇതില്‍ അഴിമതി ഉണ്ടെന്നും ഇക്കാര്യത്തില്‍ വിജിലന്‍സ് അന്വേഷണം ഉണ്ടാകണമെന്നും മനുഷ്യാവകാശ സംഘടനയായ ഇന്ത്യന്‍ ഓര്ഗനൈസേഷന് ഫോര്‍ ഹ്യുമണ്‍ റൈറ്റ്സ് പ്രൊട്ടക്ഷന്‍ കമ്മിറ്റി ആവശ്യപ്പെട്ടു. ക്ലീന്‍ കേരള മാലിന്യം കയറ്റികൊണ്ടു പോകുവാന്‍ കാലതാമസം എടുത്തുവെങ്കിലും മാലിന്യം നീക്കം ചെയ്യുന്ന നടപടികള്‍ ആരംഭിച്ചതായി പഞ്ചായത്ത് അധികൃതര്‍ അറിയിച്ചു.