മാടായിക്കോണം പ്രാഥമികാരോഗ്യകേന്ദ്രം എന്ന് നന്നാകും…?
ഇരിങ്ങാലക്കുട: മാടായിക്കോണം പ്രാഥമികാരോഗ്യ കേന്ദ്രത്തിന്റെ പ്രവര്‍ത്തനം കാര്യക്ഷമമാക്കണമെന്ന വര്‍ഷങ്ങളായുള്ള ആവശ്യത്തിനുനേരെ കണ്ണടച്ച് അധികൃതര്‍. പ്രാഥമികാരോഗ്യ കേന്ദ്രത്തില്‍ ചികിത്സ ലഭിക്കാതായതോടെ മാടായിക്കോണം നിവാസികള്‍ക്ക് ഇരിങ്ങാലക്കുട താലൂക്ക് ആശുപത്രിയെയോ പൊറത്തിശ്ശേരിയിലെ ആരോഗ്യകേന്ദ്രത്തെയോ ആശ്രയിക്കേണ്ട അവസ്ഥയാണ്. മാടായിക്കോണം നടുവിലാല്‍ ബസ്സ്റ്റോപ്പിന് സമീപം പൊറത്തിശ്ശേരി മുന്‍ പഞ്ചായത്ത് പ്രസിഡന്റായിരുന്ന കൊടകര കൊച്ചുകൃഷ്ണമേനോന് നല്കിയ പതിനെട്ടര സെന്റ് സ്ഥലത്താണ് ഹെല്‍ത്ത് സെന്റര്‍ പ്രവര്‍ത്തിക്കുന്നത്. ആദ്യകാലത്ത് മാതൃകാപരമായി പ്രവര്‍ത്തിച്ചിരുന്നെങ്കിലും പിന്നീട് ഇരിങ്ങാലക്കുട മുനിസിപ്പാലിറ്റിയുടെ കീഴിലായതോടെ പ്രവര്‍ത്തനം താളംതെറ്റുകയായിരുന്നു. കാലങ്ങളായി ശോച്യാവസ്ഥയിലായിരുന്ന ഓടിട്ട കെട്ടിടം നിരവധി നിവേദനങ്ങളുടെ ഫലമായി മുന്‍ എംഎല്‍എ കെ.യു. അരുണന്റെ കാലത്താണ് പുതുക്കിപ്പണിതത്. നിലവില്‍ കുടുംബശ്രീയുടെ ഏകോപനവും മറ്റ് പ്രവര്‍ത്തനങ്ങളും മാത്രമാണ് ഇവിടെ നടക്കുന്നത്. ഇവിടെ ഡോക്ടറുടെ സേവനം ലഭ്യമാക്കണമെന്നത് ജനങ്ങളുടെ നിരന്തര ആവശ്യമായിരുന്നു. ഡോക്ടറെ അനുവദിച്ചതായി അറിയിച്ചിരുന്നെങ്കിലും ഒന്നും നടന്നില്ലെന്നാണ് മാടായിക്കോണം ഗ്രാമവാസികളുടെ പരാതി. ഡിഎംഒ ഡോക്ടര്‍ക്ക് അനുമതി നിഷേധിക്കുകയായിരുന്നു. ഇതിനെതിരേ ജനകീയ സമരങ്ങള്‍ സംഘടിപ്പിക്കുവാനാണ് നാട്ടുക്കാരുടെ നീക്കം.