എങ്ങുമെത്താതെ പടിയൂര്‍ പഞ്ചായത്തിലെ മാരാംകുളം കുടിവെള്ളപദ്ധതി
ഇരിങ്ങാലക്കുട: പടിയൂര്‍ പഞ്ചായത്തിലെ തെക്കന്‍ മേഖലയിലെ കുടിവെള്ളപ്രശ്നം പരിഹരിക്കുന്നതിനായി ആരംഭിച്ച മാരാംകുളം കുടിവെള്ള പദ്ധതി എങ്ങുമെത്തിയില്ല. 2005- 2006 വാര്‍ഷിക പദ്ധതിയിലുള്‍പ്പെടുത്തിയാണ് ജില്ലാ പഞ്ചായത്ത് മാരാംകുളത്തിന് സമീപം 15 ലക്ഷം രൂപ ചെലവഴിച്ച് ടാങ്ക് നിര്‍മിച്ചത്. 2016 ല്‍ ജില്ലാ പഞ്ചായത്ത് വാട്ടര്‍ അതോറിറ്റിയില്‍ 23 ലക്ഷം രൂപ ഡെപ്പോസിറ്റ് ചെയ്തിരുന്നു. എന്നാല്‍ പദ്ധതിക്കാവശ്യമായ റോഡ് കട്ടിങ്ങിന് പിഡബ്ല്യുഡിയുടെ അനുമതി ലഭിക്കാത്തതിനെ തുടര്‍ന്ന് 2018 ല്‍ ജില്ലാ പഞ്ചായത്ത് തുക തിരിച്ചെടുത്തു. ഇത് ഏറെ പ്രതിഷേധമുയര്‍ത്തിയിരുന്നു. തിരിച്ചെടുത്ത തുക വീണ്ടും അനുവദിക്കണമെന്നാവശ്യപ്പെട്ട് പഞ്ചായത്ത് ഭരണസമിതി ജില്ലാ പഞ്ചായത്തിന് അപേക്ഷ നല്‍കിയിരുന്നു. ജില്ലാ പഞ്ചായത്തിന്റെ 22 ലക്ഷം, ബ്ലോക്ക് പഞ്ചായത്തിന്റെ അഞ്ച്, ഗ്രാമപഞ്ചായത്തിന്റെ പത്ത് ലക്ഷം എന്നിങ്ങനെ 37 ലക്ഷം ചെലവഴിച്ചാണ് പദ്ധതി പൂര്‍ത്തീകരിക്കുന്നത്. 2008 ല്‍ നിര്‍മാണം പൂര്‍ത്തിയാക്കിയ ഒരു ലക്ഷം ലിറ്റര്‍ സംഭരണ ശേഷിയുള്ള ടാങ്കിലേക്ക് പിഡബ്ല്യുഡി റോഡ് മുറിച്ച് പൈപ്പ് ലൈന്‍ വലിക്കാന്‍ സാധിക്കാത്തതാണ് പദ്ധതി നീണ്ടുപോകാന്‍ കാരണം. പടിയൂര്‍ പഞ്ചായത്തിന്റെ തെക്കന്‍ മേഖലകളായ കോങ്ങാടന് തുരുത്ത്, മുഴുവഞ്ചേരി തുരുത്ത്, കെട്ടുചിറ, മതിലകം കടവ്, പണ്ടാരത്തറ എന്നിവിടങ്ങളിലുള്ളവരാണ് ഇതിന്റെ ഗുണഭോക്താക്കള്‍. എന്നാല്‍ ടാങ്ക് നിര്‍മിച്ച് 15 വര്‍ഷത്തിന് ശേഷം ഒരു മാസം മുമ്പ് പദ്ധതി പൂര്‍ത്തിയാക്കാനാവശ്യമായ പൈപ്പിടല്‍ ആരംഭിച്ചിരുന്നുവെങ്കിലും തുടര്‍ നടപടികള്‍ ഉണ്ടായിട്ടില്ല. പഞ്ചായത്തില്‍ സമ്പൂര്‍ണ കുടിവെള്ള പദ്ധതി പൂര്‍ത്തീകരിച്ചെങ്കിലും ഈ പ്രദേശങ്ങളിലുള്ളവര്‍ക്ക് ആവശ്യമായ കുടിവെള്ളം ലഭിക്കുന്നില്ലെന്ന പരാതിക്ക് ഈ പദ്ധതി യാഥാര്‍ഥ്യമാകുന്നതോടെ പരിഹാരമാകും. വേനല്‍ കടുത്താല്‍ ഈ പ്രദേശത്ത് കുടിവെള്ളക്ഷാമം രൂക്ഷമാണെന്നു നാട്ടുകാര്‍ പറഞ്ഞു.