ഇന്ന് ലോക ജലദിനം; പ്രൈമറി തലം മുതല്‍ മഴവെള്ള സംരക്ഷണം പഠിപ്പിക്കണമെന്ന് കാവല്ലൂര്‍ ഗംഗാധരന്
ഇരിങ്ങാലക്കുട: പ്രൈമറി തലം മുതല്‍ മഴവെള്ള സംരക്ഷണം പഠിപ്പിക്കണമെന്ന് കാവല്ലൂര്‍ ഗംഗാധരന്. കുടിവെള്ളമില്ലങ്കില് നമ്മള് ആരും ഇല്ല. ഭൂമിയുമില്ല. കാലാവസ്ഥാ വ്യതിയാനത്തിന്റെ ശാപത്താല്‍ വരും വര്‍ഷങ്ങളില്‍ മഴ പെയ്യുമോയെന്ന് ആര്‍ക്കറിയാം. വടക്കന്‍ സംസ്ഥാനങ്ങളില്‍ ചിലയിടത്ത് ഒന്നും രണ്ടും വര്‍ഷം മഴ പെയ്യാറില്ല. കിട്ടുന്ന മഴവെള്ളം ഒരുതുള്ളി പോലും നമ്മള് പാഴാക്കി കളയരുത്. നമ്മുടെ ഭൂമി വലിയൊരു ജലസംഭരണിയാണ്. കിണര്‍ സംരക്ഷിക്കപ്പെടണം. ചെലവ് മിതമായ കിണര്‍ റീചാര്‍ജ് എല്ലാവരും ശീലമാക്കണം. മേന്മകളെറെ ഈ രീതിക്കുണ്ട്. കിണര്‍ വെള്ളം ലവണ മുക്തമാക്കുന്നു. കിണര്‍ ശുദ്ധമാക്കുന്നു. കിണര്‍ വെള്ളം നേര്‍പ്പിച്ച് രോഗമുക്തമാക്കി കുടിവെള്ളമാക്കുന്നു. വശങ്ങളില് നിന്നുള്ള മാലിന്യ ഉറവിന്റെ തള്ളിച്ച തടുക്കുന്നു. ഇതിനെല്ലാം പുറമെ ഗ്രൗണ്ട് വാട്ടര്‍ ടേബിള്‍ ഉയര്‍ത്തി വരള്‍ച്ചയെ തടുക്കുന്നു. ഭൂമി ആവതിപ്പ് കുറക്കുന്നു. മഴക്കുഴിക്ക് പകരമായി മണല്‍ പില്ലറുകള്‍ ആകാമെന്ന് ഓര്‍മ്മിപ്പിക്കുകയാണ് റിട്ട. എഞ്ചിനീയറും ദേശീയ ജലപുരസ്കാര ജേതാവുമായ കാവല്ലൂര്‍ ഗംഗാധരന്. മഴക്കുഴികള്‍ അപകടം വരുത്തുന്നതായി കാണുന്നു. സ്വന്തം വീട്ടുമുറ്റത്തും പറമ്പിലും മണല്‍ പില്ലറുകള്‍ സ്ഥാപിച്ച് മാതൃകയാകുകയാണ് ഈ എഴുപത്തിയേഴുകാരന്. കിണര്‍ ഇല്ലാത്തവര്‍ക്ക് മറ്റ് മാര്‍ഗങ്ങള്‍ ആവാം. കാര്‍പോര്‍ച്ചില്‍ മഴക്കുഴികുത്താം. സ്വന്തം വീട്ടുവളപ്പിലെ റോഡില്‍ ഡ്രൈ വാട്ടര്‍ ടാങ്ക് ഉണ്ടാക്കാം. മുറ്റത്ത് ചിരട്ടകള്‍ ഉപയോഗിച്ച് ഭൂമി താപനം കുറയ്ക്കുകയും ഭൂജലം വര്‍ദ്ധിപ്പിക്കുന്ന രീതിയും ചെയ്യാം. റോഡ് സൈഡ് കാന അടിവശം കോണ്‍ക്രീറ്റ് ചെയ്യാതെ വലിയൊരു മഴവെള്ള കൊയ്ത്ത് നടത്താം എന്ന് കാവല്ലൂര്‍ ഗംഗാധരന് വിശദീകരിക്കുന്നു.