സിപിഐ പ്രവര്‍ത്തകനെ ആക്രമിച്ച കേസില്‍ പ്രതികള്‍ക്ക് ശിക്ഷ വിധിച്ചു
സിപിഐ പ്രവര്‍ത്തകനെ ആക്രമിച്ച കേസില്‍ പ്രതികള്‍ക്ക് പത്ത് വര്‍ഷം വീതം കഠിന തടവും 50,000 രൂപ വീതം പിഴ ഒടുക്കുന്നതിനും 1,00,000 രൂപ നഷ്ടപരിഹാരം നല്കുവാനും ശിക്ഷ വിധിച്ചു
ഇരിങ്ങാലക്കുട: ബിജെപിയില്‍ നിന്നും ഇരുപതോളം പ്രവര്‍ത്തകരുമായി സിപിഐ യിലേക്ക് മാറി പ്രവര്‍ത്തിക്കുന്നതിനുള്ള രാഷ്ട്രീയ വിരോധത്താല്‍ യുവാവിനെ ആക്രമിച്ച കേസില്‍ കുറ്റകാരനാണെന്ന് കണ്ട് പ്രതികളെ കഠിന തടവിന് ശിക്ഷിച്ചു. വലപ്പാട് വില്ലേജ് വലപ്പാട് ബീച്ച് സ്വദേശികളായ കടുവങ്ങശേരി വീട്ടില്‍ വിഷ്ണു കെ. ഹരി (30), പോണത്ത് വീട്ടില്‍ വിനയപ്രസാദ് (30) എന്നിവരെയാണ് കുറ്റക്കാരനാണെന്ന് കണ്ട് ശിക്ഷിച്ചത്. ഇരിങ്ങാലക്കുട അഡീഷണല്‍ സെഷന്‍സ് ജഡ്ജ് ടി.ബി. ഫസീല വിധി പ്രസ്താവിച്ചു. പത്ത് വര്‍ഷം വീതം കഠിന തടവിനും 50,000 രൂപ വീതം പിഴ ഒടുക്കുന്നതിനും 1,00,000 രൂപ ഒന്നാം സാക്ഷിക്ക് നഷ്ടപരിഹാരം നല്കുവാനുമാണ് ശിക്ഷാ വിധി. 2016 ജനുവരി ഒന്നിന് ന്യൂയര്‍ ആഘോഷം കഴിഞ്ഞ് വലപ്പാട് ബീച്ചില്‍ നിന്നും സ്വന്തം വീട്ടിലേക്ക് വന്നിരുന്ന വലപ്പാട് വില്ലേജ് വലപ്പാട് ബീച്ച് വളവത്ത് വീട്ടില്‍ സുരേഷ് മകന് സാഗിനെ പുലര്‍ച്ചെ 1.30ന് വലപ്പാട് ബീച്ച് ദേശത്ത് നിലാവ് നഗര്‍ ജംഗ്ഷനില്‍ വച്ച് കോളറില്‍ പിടിച്ച് തടഞ്ഞ് നിര്‍ത്തി ഭീഷണി പെടുത്തിയും അസഭ്യം പറഞ്ഞ് കൈയിലുണ്ടായിരുന്ന വടിവാളു കൊണ്ട് സാഗിന്റെ ഇടത് കൈമുട്ടില്‍ വെട്ടിയതില്‍ ഇടതു കൈമുട്ടിന്റെ എല്ല് പൊട്ടിയും ഞരമ്പ് മുറിഞ്ഞും ഗുരുതര പരിക്കേല്‍പ്പിച്ച് കൊലപെടുത്താന്‍ ശ്രമിച്ചതാണ് കേസ്. വലപ്പാട് പോലീസ് സബ് ഇന്‍സ്പെക്ടര്‍ ആയിരുന്ന പി.ജെ. മധു എന്നവര്‍ രജിസ്റ്റര്‍ ചെയ്ത കേസില്‍ വലപ്പാട് പോലീസ് സര്‍ക്കിള്‍ ഇന്‍സ്പെക്ടര്‍ ആയിരുന്ന ആര്. രതീഷ്കുമാര്‍ അന്വേഷണം നടത്തുകയും പിന്നീട് പോലീസ് സര്‍ക്കിള്‍ ഇന്‍സ്പെക്ടര്‍ ആയിരുന്ന സി.ആര്. സന്തോഷ് തുടരന്വേഷണം നടത്തി കോടതിയില്‍ കുറ്റപത്രം സമര്‍പ്പിക്കുകയായിരുന്നു. കേസില്‍ പ്രോസിക്യൂഷന് ഭാഗത്തു നിന്നും 21 സാക്ഷികളെ വിസ്തരിക്കുകയും 13 രേഖകള്‍ ഹാജരാക്കുകയും ചെയ്തു. കേസില്‍ പ്രോസിക്യൂഷനുവേണ്ടി അഡീഷണല്‍ പബ്ലിക് പ്രോസിക്യൂട്ടര്‍ പി.ജെ. ജോബി, അഡ്വക്കെറ്റുമാരായ ജിഷ ജോബി, യാക്കൂബ് സുല്‍ഫിക്കര്‍, മുസര്‍ അഹമ്മദ് എന്നിവര്‍ ഹാജരായി.