ശിലാസ്ഥാപനം നടത്തി, വര്‍ഷങ്ങള്‍ പിന്നിട്ടിടും ലക്ഷ്യം കാണാനാവാതെ മൂര്‍ക്കനാട് ആരോഗ്യ കുടുംബക്ഷേമ ഉപകേന്ദ്രം
ഇരിങ്ങാലക്കുട: ശിലാസ്ഥാപനം നടത്തി വര്‍ഷങ്ങള്‍ പിന്നിടുകയും ലക്ഷങ്ങള്‍ ചിലവഴിക്കുകയും ചെയ്തിട്ടും ലക്ഷ്യം കാണാനാവാതെ ഇരിങ്ങാലക്കുട നഗരസഭ പരിധിയിലെ മൂര്‍ക്കനാട് ആരോഗ്യ കുടുംബക്ഷേമ ഉപകേന്ദ്രം. മഹാമാരികളുടെയും പകര്‍ച്ചവ്യാധികളുടെയും കാലത്ത് ആരോഗ്യ മേഖലക്ക് ഭരണകൂടങ്ങള്‍ കൂടുതല്‍ പ്രാധാന്യം നല്‍കുമ്പോഴാണ് നഗരസഭ പരിധിയില്‍ പൊറത്തിശേരി മേഖലയിലെ എഴ് വാര്‍ഡുകളിലെ കുട്ടികള്‍ക്കും വയോജനങ്ങള്‍ക്കും ആശ്രയമായി തീരേണ്ട ആരോഗ്യ കേന്ദ്രത്തിന്റെ നിര്‍മ്മാണ പ്രര്‍ത്തനങ്ങള്‍ അനിശ്ചിതമായി നീളുന്നത്. നഗരസഭയുടെ വാര്‍ഡ് ഒന്നിലുള്ള കുടുംബക്ഷേമ ഉപകേന്ദ്രത്തിന്റെ വര്‍ഷങ്ങളായുള്ള കെട്ടിടത്തിന് ബലക്ഷയം സംഭവിച്ചതിനെ തുടര്‍ന്നാണ് പുതിയ കെട്ടിടത്തിന്റെ നിര്‍മ്മാണ പ്രവര്‍ത്തനങ്ങള്‍ക്ക് തുടക്കം കുറിച്ചത്. 2020 സെപ്റ്റംബര്‍ ആറിന് ടി.എന്‍. പ്രതാപന് എംപിയാണ് പുതിയ കെട്ടിടത്തിന് തറക്കല്ലിട്ടത്. നഗരസഭയുടെ പ്ലാന്‍ ഫണ്ടില്‍ നിന്നും 17 ലക്ഷം ചിലവഴിച്ച് 720 ചതുരശ്ര അടിയില്‍ ഉള്ള കെട്ടിടത്തിന്റെ നിര്‍മ്മാണമാണ് ആരംഭിച്ചത്. തുടര്‍ന്ന് 2022-23 വര്‍ഷത്തില്‍ ടൈലുകള്‍ക്കും ഗേറ്റിനുമായി മൂന്ന് ലക്ഷം രൂപയും അനുവദിച്ചു. രണ്ട് മുറികള്‍, ഒരു സ്റ്റോര്‍ മുറി, മൂന്ന് ടോയ്ലറ്റുകള്, അടുക്കള എന്നിവ ഉള്‍ക്കൊള്ളുന്ന കെട്ടിടത്തിന്റെ നിര്‍മ്മാണമാണ് മൂന്ന് വര്‍ഷങ്ങള്‍ കൊണ്ട് പൂര്‍ത്തീകരിച്ചിരിക്കുന്നത്. എന്നാല്‍ വൈദ്യുതീകരണ പ്രവൃത്തികള്‍ ഒന്നും പൂര്‍ത്തീകരിച്ചിട്ടില്ല. 2023-24 വര്‍ഷത്തില്‍ ആരോഗ്യ കേന്ദ്രത്തിന്റെ വൈദ്യുതീകരണത്തിനും യാര്‍ഡിനും ഷീറ്റിടാനുമായി ഇപ്പോള്‍ 12 ലക്ഷം കൂടി അനുവദിച്ചിട്ടുണ്ട്. മൂര്‍ക്കനാട് ശിവക്ഷേത്രത്തിന്റെ അടുത്തുള്ള അംഗന്‍വാടിയിലെ ചെറിയ മുറി കേന്ദ്രീകരിച്ചാണ് ആരോഗ്യ കുടുംബക്ഷേമ കേന്ദ്രത്തിന്റെ പ്രവര്‍ത്തനങ്ങള്‍ ജൂണിയര്‍ പബ്ലിക് ഹെല്‍ത്ത് നേഴ്സിന്റെയും ജൂണിയര്‍ ഹെല്‍ത്ത് ഇന്‍സ്പെക്ടറുടെയും ആശാ പ്രവര്‍ത്തകരുടെയും നേത്യത്വത്തില്‍ താല്കാലികമായി നടത്തുന്നത്. കോടികളുടെ പദ്ധതി പ്രഖ്യാപനങ്ങള്‍ നടത്തുന്ന നഗരസഭ ഭരണാധികാരികള്‍ ഇഴഞ്ഞ് നീങ്ങുന്ന ആരോഗ്യ കേന്ദ്രത്തിന്റെ നിര്‍മ്മാണ പ്രവര്‍ത്തനങ്ങള്‍ അടിയന്തരമായി പൂര്‍ത്തിയാക്കാന്‍ നടപടികള്‍ സ്വീകരിക്കണമെന്ന ആവശ്യമാണ് പൊറത്തിശേരി പ്രദേശത്ത് നിന്ന് ഉയരുന്നത്.