മന്ത്രി ഡോ. ആര്. ബിന്ദുവിന്റെ പ്രസ്താവനയ്ക്കതിരെ കൂടല്‍മാണിക്യം ആചാര സംരക്ഷണ സമിതി
കൂടല്‍മാണിക്യ ക്ഷേത്ര ഉത്സവത്തെ മത ആചാര അനുഷ്ഠാനങ്ങളില്‍ ഒതുക്കി നിറുത്താനാവില്ലെന്ന മന്ത്രി ഡോ. ആര്. ബിന്ദുവിന്റെ പ്രസ്താവനയ്ക്കതിരെ പ്രതിഷേധ നാമജപ ഘോഷയാത്രയുമായി കൂടല്‍മാണിക്യം ആചാര സംരക്ഷണ സമിതി;
ഇരിങ്ങാലക്കുട: കൂടല്‍മാണിക്യ ക്ഷേത്രോത്സവം മത ആചാര അനുഷ്ഠാനങ്ങളില്‍ ഒതുക്കി നിറുത്താനാവില്ല എന്ന ഉന്നത വിദ്യാഭ്യാസ വകുപ്പ് മന്ത്രിയുടെ പ്രസ്താവനക്കെതിരെ പ്രതിഷേധ നാമജപ ഘോഷയാത്രയുമായി കൂടല്‍മാണിക്യം ആചാര സംരക്ഷണ സമിതി. ക്ഷേത്രങ്ങള്‍ തകര്‍ക്കുകയും ക്ഷേത്ര വിശ്വാസം ഇല്ലാതാക്കുകയും ചെയ്യുക എന്ന സിപിഎം നയമാണ് മന്ത്രിയും ദേവസ്വം ഭരണസമിതി അംഗങ്ങളും നടപ്പിലാക്കുന്നതെന്നും സംരക്ഷണ സമിതി പ്രസിഡന്റ് വി. മോഹന്‍ദാസ്, സെക്രട്ടറി കെ.ബി. സുരേഷ് എന്നിവര്‍ പത്രസമ്മേളനത്തില്‍ കുറ്റപ്പെടുത്തി. ക്ഷേത്രാചാരങ്ങള്‍ നിരന്തരമായി ലംഘിക്കുന്ന നയമാണ് നിലവിലെ ഭരണ സമിതി തുടരുന്നത്. ഹിന്ദുമത വിശ്വാസിയല്ലാത്ത നര്‍ത്തകിയെ കഴിഞ്ഞ വര്‍ഷത്തെ ഉത്സവത്തിന്റെ കലാപരിപാടികളില്‍ ഉള്‍പ്പെടുത്തിയതും എതിര്‍പ്പിനെ തുടര്‍ന്ന് പിന്‍വലിച്ചതും അബദ്ധത്തില്‍ സംഭവിച്ചതല്ല. ഭൗതികവാദികളായ ചരിത്രകാരന്മാരെ ഉള്‍പ്പെടുത്തി ചരിത്ര സെമിനാര്‍ നടത്തിയതും ഇതിന്റെ തുടര്‍ച്ചയാണ്. മതേതര പ്രവര്‍ത്തനങ്ങള്‍ നടത്താന്‍ നാട്ടില്‍ വേറെ വേദികളുണ്ട്. 2016ല്‍ ദേവസ്വത്തില്‍ ആറ് കോടി രൂപ ഉണ്ടായിരുന്ന സ്ഥിരനിക്ഷേപം ഇപ്പോള്‍ 90 ലക്ഷമായി ചുരുങ്ങിയിരിക്കുകയാണ്. കഴിഞ്ഞ എഴ് വര്‍ഷമായി ദേവസ്വത്തിലെ കണക്കുകള്‍ ഓഡിറ്റ് ചെയ്തിട്ടില്ല എന്ന മറുപടിയാണ് വിവരാവകാശ നിയമപ്രകാരം സമിതിക്ക് ലഭിച്ചത്. തന്റെ പ്രസ്താവനയെക്കുറിച്ച് മന്ത്രി വിശദീകരിക്കേണ്ടതുണ്ട്. 26ന് വൈകീട്ട് കൂടല്‍മാണിക്യം പള്ളിവേട്ട ആല്‍ത്തറയില്‍ നിന്നും കിഴക്കേ നടയിലേക്ക് നടത്തുന്ന പ്രതിഷേധനാമജപ ഘോഷയാത്ര ത്യപ്രയാര്‍ കപിലാശ്രമത്തിലെ തേജസ്വരൂപാനന്ദ സ്വാമികള്‍ ഉദ്ഘാടനം ചെയ്യും. സമിതി ട്രഷറര്‍ വി. സായ്റാം, വൈസ്
പ്രസിഡന്റ് എം.വി. വിനോദ് എന്നിവരും പത്രസമ്മേളനത്തില്‍ പങ്കെടുത്തു.