കൂടല്‍മാണിക്യം ഉത്സവം ഭക്തിയുടെ നിറവില്‍ പള്ളിവേട്ട; ആറാട്ട് 12.05.2023
ഇരിങ്ങാലക്കുട: കൂടല്‍മാണിക്യം ക്ഷേത്രോത്സവത്തിന്റെ ഭാഗമായി ഇന്നലെ രാത്രി നടന്ന പള്ളിവേട്ട ഭക്തിസാന്ദ്രമായി. നൂറുകണക്കിന് ഭക്തജനങ്ങളാണ് ചടങ്ങില്‍ പങ്കെടുക്കാനെത്തിയിരുന്നത്. രാത്രി എട്ടരയോടെയായിരുന്നു ഭഗവാന്റെ പള്ളിവേട്ട. എഴുന്നള്ളിപ്പിന് മുന്നോടിയായി നെറ്റിപ്പട്ടം ഇല്ലാത്ത ഗജവീരനെ മുന്നിലയച്ചു. തുടര്‍ന്ന് ആനപ്പുറത്ത് എഴുന്നള്ളിയ ഭഗവാന് കിഴക്കേ ഗോപുരകവാടം കടന്നതോടെ ആചാരത്തിന്റെ ഭാഗമായി പോലീസ് സേന റോയല്‍ സല്യൂട്ട് നല്കി. ചമയങ്ങളോ ചങ്ങലകളോ ഇല്ലാതെ മൂന്ന് ആനകളുടെ അകമ്പടിയോടെയാണ് ഭഗവാന് ആല്‍ത്തറയ്ക്കല്‍ എഴുന്നള്ളിയത്. ആല്‍ത്തറയിലെത്തി ബലിതൂകിയശേഷം ഒരുക്കിവെച്ചിരുന്ന പന്നിക്കോലത്തില് പാരമ്പര്യ അവകാശികളായ മുളയത്ത് വീട്ടിലെ ഇപ്പോഴത്തെ കാരണവര്‍ നാരായണന്‍കുട്ടിനായര്‍ അമ്പെയ്തു. മുളയത്ത് കൃഷ്ണന്‍കുട്ടിമേനോന്‍ സഹായിയായി. അമ്പെയ്തശേഷം കൊറ്റയില്‍ തറവാട്ടിലെ പ്രതിനിധി പന്നിയുടെ രൂപം തലയില്‍ വെച്ച് ക്ഷേത്രത്തിലേക്ക് ആനയിച്ചു. പള്ളിവേട്ടയ്ക്കുശേഷം അഞ്ച് ആനകളെ അണിനിരത്തി പഞ്ചവാദ്യ അകമ്പടിയില്‍ ഭഗവാന് തിരിച്ചെഴുന്നള്ളി. പാറമേക്കാവ് കാശിനാഥന് തിടമ്പേറ്റി. പഞ്ചവാദ്യത്തിന് കരിയന്നൂര്‍ നാരായണന് നമ്പൂതിരി നേതൃത്വം നല്കി. കുട്ടംകുളത്തിന് സമീപം മദ്ദളം അവസാനിച്ചശേഷം ചെമ്പട വഹകൊട്ടി ആരംഭിച്ച പാണ്ടിമേളത്തിന് മൂര്‍ക്കനാട് ദിനേശന് വാരിയര്‍ നേതൃത്വം നല്കി. ക്ഷേത്രനടയ്ക്കല്‍ മേളം അവസാനിച്ച് തൃപുടകൊട്ടി ഭഗവാന് അകത്തേയ്ക്ക് പ്രവേശിച്ച് മറ്റു ചടങ്ങുകള്‍ പൂര്‍ത്തിയാക്കി. ഉത്സവത്തിന് സമാപനംകുറിച്ചുകൊണ്ടുള്ള ആറാട്ടിനായി ഭഗവാന് ഇന്ന് രാവിലെ എഴുന്നള്ളും. എട്ടോടെ മൂന്നാനകളുടെ അകമ്പടിയോടെയാണ് ഭഗവാന്റെ എഴുന്നള്ളിപ്പ്. ഉച്ചയ്ക്ക് ഒന്നിന് രാപ്പാള്‍ ആറാട്ടുകടവിലാണ് പള്ളിനീരാട്ട്. വൈകീട്ട് അഞ്ചിന് തിരിച്ചെഴുന്നള്ളിപ്പ് നടക്കും. ഉച്ചയ്ക്ക് ഒന്നിന് രാപ്പാള്‍ ആറാട്ടുകടവില്‍ ആറാട്ട്. രാത്രി 8.30ന് ആറാട്ട് എഴുന്നള്ളിപ്പ് ആല്‍ത്തറയിലെത്തും. തുടര്‍ന്ന് പഞ്ചാവാദ്യത്തിന് പരക്കാട് തങ്കപ്പന്മാരാര് പ്രമാണം വഹിക്കും.
അവസാന ശീവേലിക്ക് സാക്ഷ്യം വഹിക്കാന്‍ ആയിരങ്ങളെത്തി
ഇരിങ്ങാലക്കുട: കൂടല്‍മാണിക്യം ക്ഷേത്രത്തിലെ തിരുവുത്സവത്തോടനുബന്ധിച്ചുള്ള അവസാന ശീവേലിക്ക് സാക്ഷ്യം വഹിക്കാന്‍ ആയിരങ്ങളെത്തി. പ്രഭാവം പരത്തിയ അന്തരീക്ഷത്തില്‍ സംഗമേശ്വര സന്നിധിയിലേക്ക് ഭക്തസഹസ്രങ്ങളുടെ പ്രവാഹമായിരുന്നു. പത്തു ദിവസം നീണ്ടുനില്‍ക്കുന്ന ഇരിങ്ങാലക്കുട കൂടല്‍മാണിക്യം ക്ഷേത്രോത്സവത്തിന് പ്രകൃതി കനിഞ്ഞനുഗ്രഹിച്ചതോടെ സംഗമേശ്വരദര്ശനത്തിനായി ഉണര്വോടെയാണ് ഭക്തര്‍ അണമുറിയാതെ ക്ഷേത്രസന്നിധിയിലെത്തിയത്. എട്ട് വിളക്കെഴുന്നള്ളിപ്പിനും എട്ട് ശീവേലിക്കും സമാപ്തി കുറിച്ച് ഇന്നലെ നടന്ന ശീവേലി കണ്ണിനും കാതിനും വിരുന്നായി. രാവിലെ എട്ടരയോടെ ആരംഭിച്ച ശീവേലി ഒന്നരവരെ നീണ്ടുനിന്നു.
കിഴക്ക് നടപ്പുരയിലും തെക്കേ നടയിലും പടിഞ്ഞാറെ നടപ്പുരയിലും പഞ്ചാരി പ്രകമ്പനമായി പെയ്തിറങ്ങിയതോടെ കുട്ടികളും സ്ത്രീകളുമടക്കമുള്ള ആസ്വാദകര്‍ ആവേശത്തിലമര്‍ന്നു. തീര്‍ഥക്കരയില്‍ ചെമ്പടക്കുശേഷം കിഴക്കെ നടപ്പുരയില്‍ ചെമ്പടയുടെ കൊട്ടിക്കലാശത്തില്‍ ആളുകള്‍ ആര്‍പ്പുവിളിച്ചു. പെരുവനം കുട്ടന്മാരാരുടെ നേതൃത്വത്തില്‍ നൂറിലേറെ കലാകാരന്മാരാണ് മേളം അവിസ്മരണീയമാക്കിയത്. തിരുവുത്സവത്തോടനുബന്ധിച്ചുള്ള കലാപരിപാടികള്‍ക്കും ഇന്നലെ പരിസമാപ്തിയായി.