അങ്കണവാടികളിലേക്ക് ‘കുരുന്നില’ വിതരണം ചെയ്തു
ഇരിങ്ങാലക്കുട: കേരള ശാസ്ത്ര സാഹിത്യ പരിഷത്ത് പ്രീ പ്രൈമറി വിദ്യാര്‍ഥികള്‍ക്കായി തയാറാക്കിയ 34 പുസ്തകളടങ്ങിയ ‘കുരുന്നില’ പുസ്തകച്ചെപ്പ് ഇരിങ്ങാലക്കുട നഗരസഭയിലെ പൊറത്തിശേരി മേഖലയിലെ 33 അങ്കണവാടികള്‍ക്കും, മാടായിക്കോണം ചാത്തന് മാസ്റ്റര്‍ സ്കൂള്‍ പ്രീ പ്രൈമറി ക്ലാസുകളിലേക്കും വിതരണം ചെയ്തു. പ്രവാസി വ്യവസായിയായ വേണുഗോപാല്‍ മേനോനാണ് 1800 രൂപ വിലവരുന്ന ”കുരുന്നില” പുസ്തകച്ചെപ്പ് ഇരിങ്ങാലക്കുട നഗരസഭയിലെ 50 അങ്കണവാടികളിലേക്കായി സ്പോണ്സര് ചെയ്തത്. മാടായിക്കോണം ചാത്തന് മാസ്റ്റര്‍ സ്കൂള്‍ പ്രീ പ്രൈമറി സ്കൂളില്‍ സംഘടിപ്പിച്ച ചടങ്ങില്‍ ദേശീയ അധ്യാപക അവാര്‍ഡ് ജേതാവും, എഴുത്തുകാരനും, തിരക്കഥാകൃത്തുമായ പി.കെ. ഭരതന് മാസ്റ്റര്‍ വിതരണോദ്ഘാടനം നിര്‍വഹിച്ചു. പരിഷത്ത് ഇരിങ്ങാലക്കുട മേഖലാ പ്രസിഡന്റ് അഡ്വ.പി.പി. മോഹന്‍ദാസ് അധ്യക്ഷത വഹിച്ചു. കാലടി ശ്രീ ശങ്കരാചാര്യ സംസ്കൃത സര്‍വകലാശാല ഗവേഷക പാര്‍വ്വതി ‘കുരുന്നില’ പുസ്തകങ്ങള്‍ പരിചയപ്പെടുത്തി. നഗരസഭ ആരോഗ്യകാര്യ സ്റ്റാന്‍ഡിംഗ് കമ്മിറ്റി ചെയര്‍പേഴ്സണ്‍ അംബിക പള്ളിപ്പുറത്ത്, കൗണ്‍സിലര്‍മാരായ എ.എസ്. ലിജി, സതി സുബ്രഹ്മണ്യന്, സി.എം. സാനി, ഐസിഡിഎസ് സൂപ്പര്‍വൈസര്‍ ബീന, സ്കൂള്‍ ഹെഡ്മിസ്ട്രസ് മിനി കെ. വേലായുധന്, ജെയ്മോന് സണ്ണി, എ.ടി. നിരൂപ്, വി.സി. പ്രഭാകരന്, പരിഷത്ത് ജില്ലാ ട്രഷറര്‍ ഒ.എന്‍. അജിത്ത് മാപ്രാണം യൂണിറ്റ് സെക്രട്ടറി എം.ബി. രാജു എന്നിവര്‍ പ്രസംഗിച്ചു.