മാർ ജെയിംസ് പഴയാറ്റിൽ കരുണയുടെ വ്യക്തിത്വം: മാർ പോളി കണ്ണൂക്കാടൻ
ഇരിങ്ങാലക്കുട: രൂപതയുടെ പ്രഥമ ബിഷപ് മാർ ജെയിംസ് പഴയാറ്റിലിന്റെ ഏഴാം ചരമവാർഷികത്തിൽ സ്മരണ പുതുക്കി ഇരിങ്ങാലക്കുട രൂപത. അദ്ദേഹത്തിന്റെ സ്മരണാർഥം പ്രവർത്തിച്ചുകൊണ്ടിരിക്കുന്ന ഹൃദയ പാലിയേറ്റീവ് കെയർ പേരാന്പ്രയിൽ നിർമാണം പൂർത്തിയാക്കിയ പാലിയേറ്റീവ് കെയർ ഹോസ്പിസിന്റെ ആശീർവാദം, അനുസ്മരണ സമ്മേളനം, പാലിയേറ്റീവ് കെയർ ട്രസ്റ്റ് വാർഷികം, കത്തീഡ്രൽ ദേവാലയത്തിൽ സമൂഹബലി എന്നിവയായിരുന്നു അനുസ്മരണദിന പരിപാടികൾ. പേരാന്പ്രയിൽ ഫാ. ജോസഫ് പാലത്തിങ്കൽ സംഭാവന നൽകിയ സ്ഥലത്താണ് ഹൃദയ കെയർ ഹോസ്പിസ് നിർമിച്ചിരിക്കുന്നത്. കിടപ്പുരോഗികളായ 20 പേർക്ക് പാലിയേറ്റീവ് കെയർ പരിചരണം നടത്തുകയാണു ഹോസ്പിസിന്റെ ലക്ഷ്യം. ബിഷപ്സ് ഹൗസിൽ നടന്ന അനുസ്മരണ സമ്മേളനവും പാലിയേറ്റീവ് കെയർ ട്രസ്റ്റ് വാർഷികവും ബിഷപ് മാർ പോളി കണ്ണൂക്കാടൻ ഉദ്ഘാടനം ചെയ്തു. ദൈവപരിപാലനയിൽ പൂർണമായും ആശ്രയിച്ചു മറ്റുള്ളവരിൽ നന്മകണ്ട് എല്ലാ വിഭാഗം ജനങ്ങൾക്കും സ്നേഹവും കാരുണ്യവും പകർന്നുനൽകിയ വിശുദ്ധ വ്യക്തിത്വമായിരുന്നു മാർ ജെയിംസ് പഴയാറ്റിലെന്ന് ബിഷപ് അനുസ്മരിച്ചു. 32 വർഷം ഇരിങ്ങാലക്കുട രൂപതയുടെ ആത്മീയ, ആതുരശുശ്രൂഷ, വിദ്യാഭ്യാസ, ജീവകാരുണ്യ പ്രവർത്തനങ്ങൾക്ക് അദ്ദേഹം ശക്തമായ നേതൃത്വം നൽകി. അദ്ദേഹത്തിന്റെ ഓർമയ്ക്കായി രൂപത ആരംഭിച്ച ഹൃദയ പാലിയേറ്റീവ് കെയർ ഏഴുവർഷം പിന്നിടുകയാണ്. 4500 രോഗികൾക്ക് വീടുകളിൽ പരിചരണം നൽകി. 1475 രോഗികൾക്കു പരിചരണം നൽകുന്നു. സമ്മേളനത്തിൽ പാലിയേറ്റീവ് കെയർ ഡയറക്ടർ ഫാ. തോമസ് കണ്ണന്പിള്ളി സ്വാഗതം പറഞ്ഞു. കത്തീഡ്രലിൽ നടന്ന അനുസ്മരണ ദിവ്യബലിക്കും പ്രാർഥനാ ശുശ്രൂഷകൾക്കും മാർ പോളി കണ്ണൂക്കാടൻ മുഖ്യകാർമികത്വം വഹിച്ചു. വികാരി ജനറൽമാരായ മോണ്‍. ജോസ് മഞ്ഞളി,മോണ്‍. ജോസ് മാളിയേക്കൽ, മോണ്‍. വിൽസൻ ഈരത്തറ എന്നിവർ സഹകാർമികരായി. രൂപതയിലെ ഇടവകകളിൽ നിന്നുള്ള പാസ്റ്ററൽ കൗണ്‍സിൽ അംഗങ്ങളും വൈദികരും സന്യസ്തരും പങ്കെടുത്തു.
മാർ ജെയിംസ് പഴയാറ്റിൽ അനുസ്മരണദിനം നടത്തി
ഇരിങ്ങാലക്കുട: രൂപത കുടുംബകൂട്ടായ്മ കേന്ദ്രസമിതിയുടെ നേതൃത്വത്തിൽ ഇരിങ്ങാലക്കുട രൂപത പ്രഥമ ബിഷപ് മാർ ജെയിംസ് പഴയാറ്റിൽ അനുസ്മരണ ദിനം നടത്തി. രൂപത ഡയറക്ടർ ഫാ. ജോജി പാലമറ്റത്ത്, രൂപതാ പ്രസിഡന്റ് ജോഷി പുത്തിരിക്കൽ, സെക്രട്ടറി ജോജി പടിഞ്ഞാക്കര, ജിസ്മി റിന്റോ, ജിയോ ജെ. അരിക്കാട്ട്, ജിക്സണ്‍ നട്ടേക്കാടൻ തുടങ്ങിയവർ പ്രസംഗിച്ചു.