നാലമ്പല ദര്‍ശനം കൂടല്‍മാണിക്യം ക്ഷേത്രത്തില്‍ വിപുലമായ ഒരുക്കങ്ങള്‍
ഇരിങ്ങാലക്കുട: കര്‍ക്കിടക മാസത്തില്‍ നാലമ്പല ദര്‍ശനപുണ്യം തേടുന്ന ഭക്തജനങ്ങളെ സ്വീകരിക്കാന്‍ കൂടല്‍മാണിക്യം ക്ഷേത്രത്തില്‍ വിപുലമായ ഒരുക്കങ്ങള്‍ പുരോഗമിക്കുന്നു. ഭക്തര്‍ക്ക് മഴ നനയാതെ ദര്‍ശനം നടത്തുന്നതിനുള്ള പന്തലിന്റെ നിര്‍മ്മാണമാണ് ഇപ്പോള്‍ നടക്കുന്നത്. ക്ഷേത്രത്തില്‍ വരി നിന്ന് തോഴുന്നതിനുള്ള സജീകരണങ്ങളും വരി നില്‍ക്കുന്നവര്‍ക്ക് മൊബൈല്‍ കൗണ്ടര്‍ സംവിധാനവും ഇതോടൊപ്പം ഒരുക്കും കഴിഞ്ഞവര്‍ഷത്തേക്കാള്‍ 30% ഭക്തജന തിരക്കിനുള്ള സാധ്യത നാലമ്പല കോഡിനേഷന്‍ കമ്മിറ്റി യോഗം വിലയിരുത്തിയിരുന്നു. ഇതു പരിഗണിച്ച് സുരക്ഷാ ക്യാമറകളുടെ എണ്ണവും കൂട്ടിയിട്ടുണ്ട്. വിപുലമായ പാര്‍ക്കിംഗ് സംവിധാനം മണിമാളിക, കൊട്ടിലക്കല്‍, കച്ചേരിവളപ്പ് എന്നിവിടങ്ങളിലായി ഒരുക്കും. ദൂരസ്ഥലങ്ങളില്‍ നിന്നും വരുന്നവര്‍ക്ക് പരിസരത്തു വിശ്രമിക്കാനുള്ള സൗകര്യവും ദേവസ്വത്തിന്റെ നേതൃത്വത്തില്‍ നടത്തുന്നുണ്ട്. രാവിലെ 11ന് കഞ്ഞി വിതരണവും പാസ് എടുക്കുന്നവര്‍ക്കായി പ്രത്യേക ഔഷധ കഞ്ഞിയും നല്‍കും. കഴിഞ്ഞ വര്ഷങ്ങൡലതുപോലെ കെഎസ്ആര്‍ടിസിയുടെ നാലമ്പല സ്പെഷ്യല്‍ സര്‍വീസ് ഇക്കൊല്ലം ഉണ്ടാകും. കഴിഞ്ഞവര്‍ഷം നാലമ്പല ദര്‍ശനത്തിനായി കെഎസ്ആര്‍ടിസിയുടെ പാക്കേജ് വഴി നിരവധി ഭക്തരാണ് എത്തിയത്.