എബിസി പദ്ധതി: മൃഗാശുപത്രിയോടനുബന്ധിച്ച് താല്കാലിക സെന്റര്‍ തുടങ്ങാന്‍ നഗരസഭ യോഗത്തില്‍ തീരുമാനം
പദ്ധതികളുടെ നടത്തിപ്പുമായി ബന്ധപ്പെട്ട് ഉദ്യോഗസ്ഥരുടെ പുറകെ നടക്കേണ്ട സാഹചര്യമാണ് ഉള്ളതെന്ന് യോഗത്തില്‍ വിമര്‍ശനം
ഇരിങ്ങാലക്കുട: തെരുവുനായ നിയന്ത്രണം ലക്ഷ്യമിട്ടിട്ടുള്ള അനിമല്‍ ബര്‍ത്ത് കണ്ട്രോള് സെന്റര്‍ ഠാണാവില്‍ ഉളള മൃഗാശുപത്രിയോടനുബന്ധിച്ച് തുടങ്ങാന്‍ നഗരസഭ യോഗത്തില്‍ തീരുമാനം. എബിസി സെന്റര്‍ നിര്‍മാണത്തിന് സ്ഥലം കണ്ടെത്തണമെന്നും കെട്ടിട നിര്‍മാണത്തിനുളള തുക അനുവദിക്കുമെന്ന ജില്ല പഞ്ചായത്തിന്റെ അറിയിപ്പിനെ തുടര്‍ന്നാണിത്. അനുയോജ്യമായ സ്ഥലം ലഭിക്കുന്നത് വരെ താല്കാലികമായിട്ടാണ് മൃഗാശുപത്രിയില്‍ സെന്റര്‍ ആരംഭിക്കുകയെന്ന് ഇത് സംബന്ധിച്ച ചര്‍ച്ചയില്‍ ചെയര്‍പേഴ്സണ്‍ വിശദീകരിച്ചു.
എബിസി, ക്രിമിറ്റോറിയം പദ്ധതികള്‍ യാഥാര്‍ഥ്യമാക്കാനുള്ള ആര്‍ജവം ഭരണസമിതി കാണിക്കേണ്ടതുണ്ടെന്നും തെരുവുനായ്ക്കളെ കൊല്ലുക എന്തിന് പ്രശ്ത്തിന് പരിഹാരമല്ലെന്നും ബിജെപി അംഗം സന്തോഷ് ബോബന് പറഞ്ഞു. വിവിധ വാര്‍ഡുകളില്‍ നിന്ന് പട്ടയവുമായി ബന്ധപ്പെട്ട് ഉയരുന്ന ആവശ്യങ്ങളും യോഗത്തില്‍ ഉയര്‍ന്നു. ഇത് സംബന്ധിച്ച് താലൂക്ക് ഓഫീസില്‍ നടന്ന യോഗത്തില്‍ ഭരണകക്ഷി അംഗത്തിന്റെ വാര്‍ഡില്‍ നിന്നുള്ള പട്ടയ സംബന്ധമായ വിഷയം മാത്രമാണ് ചെയര്‍പേഴ്സണ്‍ പരാമര്‍ശിച്ചതെന്ന് ബിജെപി അംഗം അമ്പിളി വിജയന് കുറ്റപ്പെടുത്തി. ഇരുപത്തിനാല് പുരക്കാരുടെ പട്ടയ ആവശ്യവും നീളുകയാണെന്ന് എല്‍ഡിഎഫ് ഷെല്ലി വില്സന് ചൂണ്ടിക്കാട്ടി. എന്നാല്‍ ഇത് സംബന്ധിച്ച കണക്കുകള്‍ അറിയില്ലെന്നും വിവരങ്ങള്‍ ശേഖരിച്ച് വരുന്നുള്ളൂവെന്ന് ചെയര്‍പേഴ്സനും റവന്യൂ വകുപ്പാണ് പട്ടയ സംബന്ധമായ നടപടികള്‍ സ്വീകരിക്കുന്നതെന്നും നഗരസഭ സെക്രട്ടറിയും വിശദീകരിച്ചു.
വിവിധ ആവശ്യങ്ങളും പദ്ധതികളുടെ നടത്തിപ്പുമായി ബന്ധപ്പെട്ട് നഗരസഭ ഉദ്യോഗസ്ഥരുടെ പുറകെ നടക്കേണ്ട സാഹചര്യമാണ് ഉള്ളതെന്ന് എല്‍ഡിഎഫ് അംഗം കെ. പ്രവീണ്‍ വിമര്‍ശിച്ചു. ഈയടുത്തുള്ള സ്ഥലം മാറ്റത്തോടെ ജീവനക്കാരുടെ കുറവ് നഗരസഭയില്‍ ഇല്ലെന്നും എന്നാല്‍ പ്രകടനത്തിന്റെ കാര്യത്തില്‍ പുറകില്‍ ആകുന്ന സാഹചര്യമുണ്ടെന്നും ഉദ്യോഗസ്ഥതലയോഗങ്ങള് പതുജനങ്ങളുടെ സൗര്യാര്ഥം വൈകീട്ട് ചേരുന്നതാണ് ഉചിതമെന്നും വൈസ് ചെയര്മാന് ടി.വി. ചാര്‍ലി പറഞ്ഞു.
ഉദ്യോഗസ്ഥതല യോഗങ്ങള്‍ നാല് മണിക്ക് ശേഷം ചേര്‍ന്നാല്‍ മതിയെന്ന് നേരത്തെ തീരുമാനം ഉള്ളതാണെന്ന് ഭരണകക്ഷി അംഗം എം.ആര്. ഷാജു ചൂണ്ടിക്കാട്ടി. കാര്യങ്ങള്‍ കൃത്യമായി നടക്കുന്നില്ലെന്ന് വൈസ് ചെയര്മാന് തന്നെ പറയേണ്ടി വരുന്നത് മോശമായ അവസ്ഥയാണെന്ന് അഡ്വ. കെ.ആര്. വിജയ പറഞ്ഞു. കിഫ്ബിയുടെ സഹായത്തോടെയുള്ള ആധുനിക അറവുശാലയുടെ ഡിപിആര്‍ തയ്യാറാക്കുന്നതിനായി മണ്ണ് പരിശോധനയ്ക്കായി പഴയ കെട്ടിടം പൊളിച്ച് നീക്കാനുമുള്ള തീരുമാനം യോഗം അംഗീകരിച്ചു.
അംബിക പള്ളിപ്പുറത്ത്, അല്‍ഫോണ്‍സ തോമസ്, നസീമ കുഞ്ഞുമോന്, ടി.കെ. ഷാജു, രാജി കൃഷ്ണകുമാര്‍ തുടങ്ങിയവരും ചര്‍ച്ചകളില്‍ പങ്കെടുത്തു. യോഗത്തില്‍ ചെയര്‍പേഴ്സണ്‍ സുജ സഞ്ജീവ്കുമാര്‍ അധ്യക്ഷത വഹിച്ചു.