കുരച്ചുചാടി തെരുവുനായ്ക്കൾ; ഭീതിയോടെ ജനം
ഠ നടപടിയെടുക്കാതെ അധികൃതർ
ഇരിങ്ങാലക്കുട: നാട്ടുകാരിൽ ഭീതിവിതച്ച് ഇരിങ്ങാലക്കുട ടൗണിലും പരിസരങ്ങളിലും തെരുവുനായ്ക്കളുടെ ശല്യം രൂക്ഷം. ബസ് സ്റ്റാൻഡ് പരിസരത്തും മാർക്കറ്റിനു സമീപമുള്ള റോഡുകളിലുമാണു തെരുവുനായ്ക്കൾ കൂട്ടമായി തന്പടിക്കുന്നത്. ബസ് സ്റ്റാൻഡിൽ എത്തുന്നവർക്കും സ്കൂൾ വിദ്യാർഥികൾക്കും രാവിലെ ട്യൂഷനും പോകുന്ന കുട്ടികൾക്കുമാണിവ ഏറെ ഭീഷണിയാകുന്നത്. സംഘം ചേർന്ന് റോഡിൽ തന്പടിക്കുന്ന നായ്ക്കൂട്ടത്തെ മറികടന്ന് പോകണമെന്നുള്ളത് വിദ്യാർഥികൾക്കും ഇരുചക്ര വാഹന യാത്രക്കാർക്കും ഏറെ ഭീതിജനകമായ കാര്യമാണ്.
കൈയിലൊരു വടിയുമായി ഇറങ്ങുകയല്ലാതെ നായ്ക്കളിൽനിന്നു രക്ഷനേടാൻ മാർഗമില്ലെന്നു പ്രഭാത സവാരിക്കാർ പറഞ്ഞു. രാവിലെ വിവിധ ജോലിയ്ക്ക് പോകുന്നവരും ചന്തയിൽ പോകുന്ന ചെറുകിട കച്ചവടക്കാരും കാൽനടയാത്രക്കാരും വിവിധ ആരാധനാലയങ്ങളിലേക്കു പോകുന്നവരും ഭീതിയിലാണ്. വീടുകൾക്കുമുന്പിൽനിന്നു ചെരുപ്പുകളും മറ്റും കാണാതാകുന്നതിനു പിന്നിലും ഇവയാണ്.
ആടുകളെയും കോഴികളെയും ആക്രമിക്കുന്നതു മൂലം ഇവയെ വളർത്തി ഉപജീവനം നടത്തുന്ന സാധാരണക്കാരുടെ ജീവിതം ദുരിതമായിരിക്കുകയാണ്. തെരുവുനായ് ശല്യം മൂലം സ്ത്രീകളും കുട്ടികളും വീട്ടിൽനിന്നു പുറത്തിറങ്ങുന്നത് ഭയപ്പാടോടെയാണ്. മാർക്കറ്റ് പരിസരത്തുള്ള റോഡുകളിൽ കൂട്ടംകൂട്ടമായാണ് നായ്ക്കൾ വിശ്രമിക്കുന്നത്. ഏതെങ്കിലും വാഹനം വന്നാൽ കൂട്ടയോട്ടം തുടങ്ങും.
ഠ വന്ധ്യംകരണ കേന്ദ്രങ്ങൾ അടഞ്ഞിട്ട് രണ്ടുവർഷം
കൊട്ടിഘോഷിച്ചു നടപ്പാക്കിയ വന്ധ്യംകരണ കേന്ദ്രങ്ങളടക്കം അടഞ്ഞിട്ട് രണ്ടുവർഷം. പ്രജനന നിയന്ത്രണം പേരിനു മാത്രമാണിപ്പോൾ. വെള്ളാങ്കല്ലൂരിലെ എബിസി സെന്ററിലെ പ്രവർത്തനങ്ങൾ നിലച്ചിട്ട് മൂന്നുവർഷമായി. 2015 ഒക്ടോബറിലാണ് വെള്ളാങ്കല്ലൂർ പഞ്ചായത്തിന് കീഴിലുള്ള വെറ്ററിനറി ആശുപത്രിയിൽ തെരുവുനായ്ക്കൾക്കുള്ള ഷെൽട്ടർ തയാറാക്കിയത്. 48 നായ്ക്കളെ ഇവിടത്തെ ഷെൽട്ടറിൽ ഇടാമെങ്കിലും ഒരു ദിവസം പത്ത് നായ്ക്കളെ മാത്രമേ വന്ധ്യംകരണം ചെയ്യുവാൻ സാധിക്കുമായിരുന്നുള്ളൂ. 2014-15 ജനകീയാസൂത്രണ പദ്ധതിയിൽ അനുവദിച്ച നാലു ലക്ഷം രൂപ ചെലവഴിച്ച് അന്നത്തെ സീനിയർ വെറ്ററിനറി സർജൻ ഡോ. മേനോൻ രവിയാണ് ഈ ഷെൽട്ടർ രൂപകൽപന ചെയ്തത്. തെരുവുനായ്ക്കൾക്കെതിരെ നടപടിയെടുക്കാൻ അധികൃതർ രംഗത്തെത്തണമെന്ന് നാട്ടുകാർ ആവശ്യപ്പെട്ടു.