സ്മാര്‍ട്ടാകാന്‍ കൊതിച്ച് മനവലശേരി വില്ലേജ് ഓഫീസ്…അസൗകര്യങ്ങളില്‍ വലയുന്ന ഓഫീസ് നവീകരിക്കണമെന്നാവശ്യം
ഇരിങ്ങാലക്കുട: മനവലശേരി വില്ലേജ് ഓഫീസ്, സ്മാര്‍ട്ട് വില്ലേജ് ഓഫീസ് പദ്ധതിയില്‍ ഉള്‍പ്പെടുത്തി നവീകരിക്കണമെന്നാവശ്യം ശക്തമായി. നഗരത്തിന്റെ ഹൃദയഭാഗത്ത് മുന്‍സിപ്പല്‍ ചില്‍ഡ്രന്‍സ് പാര്ക്കിന് അടുത്തായി പ്രവര്‍ത്തിക്കുന്ന മനവലശേരി വില്ലേജ് ഓഫീസ് ഇരിങ്ങാലക്കുട മുന്‍സിപ്പാലിറ്റിയിലെ പ്രധാനപ്പെട്ട വില്ലേജ് ഓഫീസുകളില്‍ ഒന്നാണ്. എന്നാല്‍ കാലപ്പഴക്കംകൊണ്ട് തകര്‍ന്നുവീഴാറായ കെട്ടിടത്തിനോടുചേര്‍ന്ന് 2017-18 കാലഘട്ടത്തില്‍ പുതുതായി നിര്‍മിച്ച ചെറിയ രണ്ടു മുറികളിലാണ് ഇപ്പോള്‍ വില്ലേജ് ഓഫീസ് പ്രവര്‍ത്തിക്കുന്നത്.
ഓടിട്ട പഴയകെട്ടിടം ചോര്‍ന്നൊലിച്ച് ഫയലുകള്‍ കേടുവരാന്‍ തുടങ്ങിയതോടെയാണ് ഓഫീസിനു പിന്നില്‍ വടക്കുകിഴക്ക് ഭാഗത്തായി പുതിയ സ്റ്റോര്‍ റും നിര്‍മിച്ച് അതിലേക്ക് മാറ്റിയത്. പുതുതായി നിര്‍മിച്ച രണ്ടു മുറികളുള്ള കെട്ടിടത്തില്‍ ചെറിയ മുറി വില്ലേജ് ഓഫീസറുടേയും രണ്ടാമത്തെ മുറി ഓഫീസുമായാണ് പ്രവര്‍ത്തിക്കുന്നത്. തീരെ സൗകര്യം ഇല്ലാത്തതിനാല്‍ വിവിധ ആവശ്യങ്ങള്‍ക്കായി ഓഫീസിലെത്തുന്ന ജനങ്ങള്‍ക്ക് പുറത്തുനിന്ന് കാര്യങ്ങള്‍ ചെയ്യേണ്ട അവസ്ഥയാണ്.
പഴക്കംചെന്ന മതില് തകര്‍ന്നു വീണതിനെത്തുടര്‍ന്ന് കഴിഞ്ഞവര്‍ഷമാണ് പുതുക്കിപ്പണിഞ്ഞത്. നേരത്തെ ഉണ്ടായിരുന്ന വഴിയടച്ച് പുതിയ ഗേറ്റ് സ്ഥാപിച്ചിട്ടുണ്ട്. സ്റ്റോര്‍ റൂമിന്റെ വാതില്‍ മാറ്റി അതിലൂടെയാണ് ഇപ്പോള്‍ പ്രവേശനം. ഇരിങ്ങാലക്കുട സഭയ്ക്കുപുറമേ കാറളം, വേളൂക്കര, പടിയൂര്‍, പൂമംഗലം പഞ്ചായത്തുകളുടെ ഭാഗങ്ങളും ഈ വില്ലേജ് ഓഫീസ് പരിധിയില്‍ വരുന്നുണ്ട്. ഇത്രയും സ്ഥലവിസ്തൃതിയുള്ള മറ്റൊരു വില്ലേജും മുകുന്ദപുരം താലൂക്ക് പരിധിയിലില്ലെന്ന് ഉദ്യോഗസ്ഥര്‍ പറയുന്നു.
ഇതിനേക്കാളും പഴക്കംകുറഞ്ഞ പല വില്ലേജ് ഓഫീസുകളും സ്മാര്‍ട്ട് വില്ലേജ് ഓഫീസുകളായി ഉയര്‍ത്തിയിട്ടുണ്ട്. മനവലശേരി വില്ലേജ് ഓഫീസ് സ്മാര്‍ട്ടാക്കാന്‍ വൈകുന്നതില്‍ ജനങ്ങള്‍ക്ക് അതൃപ്തിയുണ്ട്. സ്മാര്‍ട്ട് വില്ലേജ് ഓഫീസ് പരിധിയില്‍ മണ്ഡലത്തിലെ പൊറത്തിശേരി, ആളൂര്‍ വില്ലേജ് ഓഫീസുകള്‍ ഇതിനകം സ്മാര്‍ട്ട് വില്ലേജ് ഓഫീസുകളാക്കി. ഇരിങ്ങാലക്കുട വില്ലേജ് ഓഫീസ് സ്മാര്‍ട്ട് വില്ലേജ് ഓഫീസാക്കുന്ന പ്രവൃത്തി പുരോഗമിക്കുകയാണ്.
എടതിരിഞ്ഞി വില്ലേജ് ഓഫീസും സ്മാര്‍ട്ട് വില്ലേജ് പദ്ധതിയില്‍ ഉള്‍പ്പെടുത്തിയിട്ടുണ്ട്. സര്‍ക്കാരിനറെ അധീനതയിലുള്ള 24 സെന്റ് സ്ഥലത്താണ് മനവലശേരി വില്ലേജ് ഓഫീസ് നിലനില്‍ക്കുന്നത്. പുതുതായി പണിത കെട്ടിടം നിലനിര്‍ത്തിക്കൊണ്ട് പഴയ കെട്ടിടം പൊളിച്ചുനീക്കി അവിടെ സ്മാര്‍ട്ട് വില്ലേജ് ഓഫീസ് നിര്‍മിക്കണമെന്നാണ് ആവശ്യം.