മാപ്രാണം കുരിശുമുത്തപ്പന്റെ തിരുനാൾ; തിരിതെളിയിക്കൽ ഇന്ന്, ദേവാലയം ദീപാലങ്കാര പ്രഭയിൽ
മാപ്രാണം: മാപ്രാണം കുരിശുമുത്തപ്പന്റെ തിരുനാളിന്റെ ഭാഗമായി തിരിതെളിയിക്കൽ ചടങ്ങ് ഇന്നു നടക്കും. വൈകിട്ട് അഞ്ചിന് തിരിതെളിയിക്കൽ കോഴിക്കോട് രൂപത ബിഷപ് റൈറ്റ് റവ. ഡോ. വർഗീസ് ചക്കാലക്കലിന്റെ കാർമികത്വത്തിൽ നടക്കും. രാത്രി എട്ടിന് ഉണ്ണിമിശിഹാ കപ്പേളയിൽ നിന്ന് പുഷ്പകുരിശു ഏഴുന്നള്ളിപ്പും ഉണ്ടായിരിക്കും.
തിരുനാളിന്റെ വൈദ്യുത ദീപാലങ്കാരം സ്വിച്ച് ഓണ്‍ നടത്തി. സെന്റ് ജോണ്‍ കപ്പേളക്കു സമീപം ഉയര്‍ത്തിയിട്ടുള്ള ബഹുനില പന്തലിന്റെ ദീപാലങ്കാരം വികാരി റവ. ഫാ. ജോയ് കടമ്പാട്ടും, ഹോളിക്രോസ് ദേവാലയത്തിലെ മുഖവാരത്തിന്റെ ദീപാലങ്കാരം പള്ളിയങ്കണത്തില്‍ വെച്ചു നടന്ന ചടങ്ങില്‍ വെച്ച് നഗരസഭ ചെയര്‍പേഴ്സണ്‍ സുജ സഞ്ജീവ്കുമാറും സ്വിച്ച് ഓണ്‍ നിര്‍വഹിച്ചു.
തിരുനാൾ ദിനമായ 14ന് രാവിലെ 6.30 നും 7.30 നും ഉച്ചകഴിഞ്ഞ് മൂന്നിനും ദിവ്യബലി. രാവിലെ 10 ന് റവ. ഫാ. ഡേവീസ് പുലിക്കോട്ടിലിന്റെ കാർമികത്വത്തിൽ ആഘോഷമായ തിരുനാൾ ദിവ്യബലിയും, ഫാ. ജോസഫ് പുത്തൻപുരക്കലിന്റെ സന്ദേശവും ഉണ്ടായിരിക്കും. ഉച്ചകഴിഞ്ഞ് നാലിന് ആരംഭിക്കുന്ന തിരുനാൾ പ്രദക്ഷിണം വൈകിട്ട് ഏഴിനു സമാപിക്കും. തുടർന്ന് വർണമഴ.
15ന് വിശുദ്ധ റോസ പുണ്യവതിയുടെ തിരുനാൾ ദിനത്തിൽ വൈകീട്ടുള്ള പ്രദക്ഷിണത്തിനുശേഷം പള്ളി മൈതാനത്ത് ചൊവ്വല്ലൂർ മോഹന്റെ നേതൃത്വത്തിൽ 101 മേളക്കാർ പങ്കെടുക്കുന്ന മേളവിസ്മയം. ഇരിങ്ങാലക്കുട എംഎൽഎയും ഉന്നതവിദ്യാഭ്യാസ വകുപ്പ് മന്ത്രിയുമായ ഡോ.ആർ. ബിന്ദു മേളവിസ്മയം ഉദ്ഘാടനം ചെയ്യും. 21ന് എട്ടാമിടത്തിൽ നേർച്ചയൂട്ട് ഉണ്ടായിരിക്കും. തിരുനാളിന്റെ വിജയത്തിനായി വികാരി ഫാ. ജോയ് കടന്പാട്ട്, അസിസ്റ്റന്റ് വികാരി ഫാ. ജിനോ തെക്കിനിയത്ത്, ട്രസ്റ്റിമാരായ ജോണ്‍ പള്ളിത്തറ, വിൻസെന്റ് നെല്ലെപ്പിള്ളി, അനൂപ് അറക്കൽ, പബ്ലിസിറ്റി കണ്‍വീനര്‍ ബിജു തെക്കേത്തല, പബ്ലിസിറ്റി ജോയിന്റ് കണ്‍വീനര്‍ തോമസ് കോപ്പുള്ളി എന്നിവരുടെ നേതൃത്വത്തിൽ വിപുലമായ കമ്മിറ്റി പ്രവർത്തിക്കുന്നു.