ഇരിങ്ങാലക്കുട നഗരസഭാ പ്രദേശത്ത് ആഫ്രിക്കന്‍ ഒച്ചിന്റെ ശല്യം രൂക്ഷമാകുന്നു
നഗരസഭാപ്രദേശത്ത് ആഫ്രിക്കന്‍ ഒച്ചിന്റെ ശല്യം രൂക്ഷം
ഇരിങ്ങാലക്കുട: നഗരസഭാപ്രദേശത്ത് ആഫ്രിക്കന്‍ ഒച്ചിന്റെ ശല്യം രൂക്ഷമാകുന്നു. നേരത്തേ പൊറത്തിശേരി മേഖലയില്‍ ആഫ്രിക്കന്‍ ഒച്ചുകള്‍ വ്യാപകമായിരുന്നു. ഇപ്പോള്‍ ഇരിങ്ങാലക്കുട ചെട്ടിപ്പറമ്പ് ഭാഗത്ത് ഇവയുടെ ശല്യം കൂടിവരുന്നതായി പ്രദേശവാസികള്‍ പറഞ്ഞു. വീടിനടുത്ത് മാലിന്യം കൂട്ടിയിടുന്നതിനാലാണ് ഇവ കൂടുതലായി എത്തുന്നത്. പറമ്പുകളിലെ കവുങ്ങുകളിലും തെങ്ങുകളിലും മറ്റും ചെറിയ ഒച്ചുകള്‍ വ്യാപകമാണ്. പകല്ച്ചൂടില് തണുത്ത പ്രദേശങ്ങളില്‍ ഒളിഞ്ഞിരിക്കുന്ന ഇവ വെയില് ആറുന്നതോടെയാണ് രംഗത്തെത്തുന്നത്.
രാത്രിയില്‍ വീട്ടിലേക്ക് ഇഴഞ്ഞെത്തുന്ന ഇവയെ പിടികൂടി കുപ്പിയിലടച്ച് ഉപ്പിട്ട് കൊല്ലുകയാണ് പലരും ചെയ്യുന്നത്. വീടുകളിലെ പച്ചക്കറി അടക്കമുള്ള കാര്‍ഷികവിളകളും ഇവ നശിപ്പിക്കുകയാണ്. വിഷയം നഗരസഭയെ അറിയിച്ചിട്ടുണ്ടെന്നും പ്രദേശവാസികള്‍ പറഞ്ഞു. കൂടുതല്‍ സ്ഥലങ്ങളിലേക്ക് വ്യാപിക്കുന്നതിനുമുമ്പ് ഇവയുടെ ശല്യം ഇല്ലാതാക്കണമെന്നാണ് പ്രദേശവാസികളുടെ ആവശ്യം.