പൈപ്പിടാന്‍ റോഡ് വെട്ടിപൊളിച്ചു; കാല്‍നട യാത്രപോലും ദുസഹം
ഇരിങ്ങാലക്കുട: ജല അതോറിറ്റി പൈപ്പിടുന്നതിനു വേണ്ടി റോഡ് കുഴിച്ചതോടെ കാല്‍നടക്കാര്‍ക്കു പോലും യാത്ര ദുസഹമായി തീര്‍ന്നു. ഠാണാ മുതല്‍ കാട്ടുങ്ങച്ചിറ എസ്എന്‍ സ്കൂള്‍ വരെയാണ് കുഴികള്‍. ഠാണാവില്‍ റീടാറിംഗ് നടത്തിയെങ്കിലും വീണ്ടും തകര്‍ന്നു. മൂന്ന് പഞ്ചായത്തുകളിലേക്കുള്ള സമ്പൂര്‍ണ കുടിവെള്ള പദ്ധതിക്ക് പൈപ്പിടാന്‍ പൊളിച്ച റോഡ് കോണ്‍ക്രീറ്റ് ചെയ്തെങ്കിലും പൂര്‍ണമായില്ല. പുത്തന്‍തോട് സെന്റര്‍ കഴിഞ്ഞ് വരുന്ന ഭാഗത്തും തേലപ്പിള്ളി ജംഗ്ഷനെത്തും മുന്‍പും ഉള്ള കലുങ്കുകളിലും ഇതുതന്നെയാണ് സ്ഥിതി.
തിരക്കേറിയ നഗരത്തിലെ പ്രധാന റോഡിലെ കുഴികള്‍ യാത്രക്കാരെ ദുരിതത്തിലാക്കുന്നു. ഇതോടെ ടൗണിലെ നഗരയാത്ര പലപ്പോഴും നരകയാത്രയാകുന്ന അവസ്ഥയാണ്. മഴപെയ്തതോടെ വെട്ടിപൊളിച്ച കുഴിയിലിട്ട മണ്ണ് ചെളിക്കൂനയായി മാറി. ചെളിയിലൂടെ വാഹനം ഓടിച്ച് വഴുതി വീണ് പരിക്കേല്‍ക്കുന്നവര്‍ നിരവധിയാണ്. പലരും ഭാഗ്യം കൊണ്ട് മാത്രമാണ് പലരും രക്ഷപ്പെടുന്നത്.
മഴ കനത്തതോടെ കുഴിമൂടാന് ഉപയോഗിച്ച മണ്ണ് ഒലിച്ചുപോയി. കുഴികളില്‍ വെള്ളം നിറഞ്ഞുകിടക്കുന്നതു പലപ്പോഴും അപകടത്തിനിടയാക്കുന്നു. കുഴികളില്‍ വെള്ളം നിറയുന്നതോടെ പാഞ്ഞുപോകുന്ന ബസുകള്‍ കാല്‍നടക്കാരെ ചെളിയഭിഷേകം നടത്തുന്ന അവസ്ഥയുമുണ്ട്.
കുഴിയില്‍ വീണ് സ്കൂട്ടര്‍ യാത്രക്കാരന് പരിക്ക്, കുഴിയടയ്ക്കല്‍ നാടകം
കാട്ടുങ്ങച്ചിറ പെട്രോള്‍ പമ്പിന് സമീപം നിര്‍മാണം നടന്നു കൊണ്ടിരിക്കുന്ന കലിങ്കിനു മുകളിലുള്ള കുഴിയിലാണ് സ്കൂട്ടര്‍ യാത്രികന് വീണത്. ഇരിങ്ങാലക്കുട ഈസ്റ്റ് കോമ്പാറ സ്വദേശി ബാബു (68) വിനാണ് പരിക്കേറ്റത്. കലിങ്കിനു മുകളിലായി പാറ പൊടി ഉപയോഗിച്ച് ഹംബ്ബ് പോലെയാണ് നിര്‍മാണം നടത്തിയിരിക്കുന്നത്. മഴയില്‍ ഇത് കുഴികളായി രൂപപ്പെട്ട് വലിയ അപകട ഭീഷണിയാണ് സൃഷ്ടിക്കുന്നത്.
ഗാന്ധിഗ്രാം സ്വദേശിയായ പൊതു പ്രവര്ത്തകന് ഈ കുഴികള്‍ മണ്ണിട്ട് നികത്താന്‍ ശ്രമം നടത്തി. പിറ്റേ ദിവസം അധികൃതര്‍ ക്വാറി വേസ്റ്റ് ഇട്ട് കുഴികള്‍ അടച്ചിരുന്നു. എന്നാല്‍ അതിനുശേഷം പെയ്ത മഴയില്‍ ഈ ക്വാറി വേയ്സ്റ്റ് ഒലിച്ചു പോകുകയായിരുന്നു. പലയിടത്തും അടച്ച കുഴികള്‍ വീണ്ടും തകരുന്ന അവസ്ഥയാണുള്ളത്.