കരുവന്നൂര്‍: 100 കോടി രൂപയ്ക്ക് വിദേശ ബന്ധമെന്ന് സൂചന, ഇ.ഡി തുടക്കം മാത്രം; സിബിഐ, എന്‍ഐഎ പിന്നാലെ
സിബിഐ അന്വേഷണം വേണമെന്ന് പരാതിക്കാരന് എം.വി.സുരേഷിന്റെ ആവശ്യത്തില്‍ ഹൈക്കോടതിയുടെ തീരുമാനം ഉടനെയുണ്ടാകും
ഇരിങ്ങാലക്കുട: സിബിഐ അന്വേഷണം വേണമെന്ന് എം.വി.സുരേഷ് നല്കിയ ഹര്‍ജിയില്‍ ഹൈക്കോടതിയുടെ തീരുമാനം ഉടനെയുണ്ടാകും. ബാങ്ക് അക്കൗണ്ടിലൂടെ കയറിയിറങ്ങിയ 100 കോടിയോളം രൂപയ്ക്കു വിദേശ ബന്ധമുണ്ടെന്നു ഇഡി ക്കു സൂചന ലഭിച്ചീട്ടുണ്ട്. ഇ.ഡി റിപ്പോര്‍ട്ട് സമര്‍പ്പിച്ചാലുടന്‍ സിബിഐ അന്വേഷണ ആവശ്യത്തില്‍ ഉടന്‍ തീരുമാനമുണ്ടാകും.
ബിനാമികള്‍ വഴി എത്തിയ 100 കോടി രൂപയുടെ വിദേശ ബന്ധം കണ്ടെത്തിയാല്‍ അതു വന്‍ പ്രത്യാഘാതമുണ്ടാക്കും. അക്കൗണ്ടിലൂടെ ഈ തുക വന്നതു നോട്ടുനിരോധന കാലത്താണ്. കര്‍ശന നിരീക്ഷണത്തില്‍ നോട്ടു മാറിക്കൊണ്ടിരിക്കെയാണ് തുക എത്തിയത്. ഇത് എവിടെ നിന്നെത്തിയെന്നതാണ് ഇപ്പോഴത്തെ അന്വേഷണം. ബിനാമികളെന്നു തിരിച്ചറിയപ്പെട്ടവര്‍ വഴിയാണ് ഈ തുക പൂര്‍ണമായും മാറിയെടുത്തതെന്നു പറയുന്നു.
ബാങ്കില്‍ 2017 ലെ നിക്ഷേപത്തിലാണു പെട്ടെന്നു 100 കോടി രൂപ വര്‍ധിച്ചത്. നിക്ഷേപം 400 കോടിയില്‍നിന്നു 500 കോടിയിലെത്തുകയായിരുന്നു. സാധാരണ നിക്ഷേപകരില്‍നിന്ന് ഇത്രയും തുക ബാങ്കിലെത്തുക പ്രയാസമാണ്. സ്വാഭാവികമായും വന്‍തോതില്‍ നിക്ഷേപിക്കുന്നവരില്‍ നിന്നാണു തുക വന്നതെന്നു സംശയം ജനിച്ചു. നോട്ടു നിരോധനം വന്നത് 2016 നവംബര്‍ 8 നാണ്. രണ്ടാഴ്ചയ്ക്കു ശേഷമാണു ബാങ്കിലേക്കു പണം ഒഴുകിത്തുടങ്ങിയത്.
ഈ സമയത്തു നിക്ഷേപകരുടെ വിവരവും സ്രോതസ്സും ബാങ്കുകളെല്ലാം കൃത്യമായി രേഖപ്പെടുത്തിയിരുന്നു. എന്നാല്‍ കരുവന്നൂര്‍ വേണ്ടത്ര ജാഗ്രതയില്ലാതെയാണു ഇതു ചെയ്തതെന്നാണു സൂചന. പിന്നീട് പലതവണകളായി ഈ തുക പിന്‍വലിക്കുകയാണുണ്ടായത്. ഇതിന്റെ സ്രോതസ്സാണു ഇഡി അന്വേഷിക്കുന്നത്. വിദേശബന്ധം തെളിഞ്ഞാല്‍ മറ്റ് ഏജന്‍സികള്‍ കൂടി രംഗത്തുവന്നേക്കും. ഈ പണത്തിനു പിന്നിലെ വിദേശ ബന്ധം, പണം കൈകാര്യം ചെയ്ത രീതി, ഏതൊക്കെ കൈകളിലേക്കു വിഹിതം പോയി, എന്തു കാര്യങ്ങള്‍ക്കു പണം വിനിയോഗിച്ചു തുടങ്ങിയ വിവരങ്ങളടക്കം എന്‍ഐഎ പരിശോധിക്കും.
ഹൈക്കോടതി നിര്‍ദേശിച്ചാല്‍ സിബിഐയും അന്വേഷണം തുടങ്ങും. സിബിഐ അന്വേഷണം വേണമെന്ന് മുന്‍ ജീവനക്കാര്‍ എം.വി.സുരേഷാണ് ഹോക്കോടതിയില്‍ ഹര്‍ജി നല്‍കിയത്. തട്ടിപ്പിന്റെ കൃത്യമായ വ്യാപ്തി സംബന്ധിച്ചു കോടതിയില്‍ ഇ.ഡി റിപ്പോര്‍ട്ട് സമര്പ്പിച്ചാലുടന്ഇക്കാര്യത്തില് തീരുമാനമുണ്ടായേക്കും.
ബാങ്ക് അധികൃതരെ ഇ.ഡി വിളിപ്പിക്കും;
സംശയകരമായ എല്ലാ ഇടപാടുകളിലും ബാങ്ക് അധികൃതര്‍ തെളിവുസഹിതം വിശദീകരണം നല്‍കേണ്ടിവരും
ഈടു രേഖകള്‍ ഇഡിയുടെ കസ്റ്റഡിയില്‍; ജപ്തി നടപടികള്‍ പ്രതിസന്ധിയില്‍
ഇരിങ്ങാലക്കുട: കരുവന്നൂര്‍ സഹകരണ ബാങ്കില്‍ കള്ളപ്പണം വിളിപ്പിക്കലെന്നു സംശയിക്കുന്ന എല്ലാ ഇടപാടുകളിലും വിശദീകരണം തേടാന്‍ ബാങ്ക് അധികൃതരെ വിളിച്ചുവരുത്താന്‍ ഒരുങ്ങി എന്‍ഫോഴ്സ്മെന്റ് ഡയറക്ടറേറ്റ്. ബിനാമി വായ്പകളക്കം സംശയകരമായ എല്ലാ ഇടപാടുകളിലും ബാങ്ക് അധികൃതര്‍ തെളിവ് സഹിതം വിശദീകരണം നല്‍കേണ്ടിവരും. മിക്ക ഇടപാടുകളിലും ക്രമക്കേടില്ലെന്നു തെളിയിക്കാന്‍ പാകത്തിന് രേഖകള്‍ ബാങ്കിന്റെ കൈവശമില്ലാത്തതിനാല്‍ അധികൃതര്‍ വിയര്‍ക്കുമെന്നാണ് സൂചന.
ഉടന്‍ വിളിപ്പിക്കും എന്നും ഹാജരാകാന്‍ തയ്യാറായിരിക്കണമെന്നും ഇഡി ബാങ്ക് അധികൃതരെ അറിയിച്ചതായാണ് സൂചന. കരുവന്നൂര്‍ ബാങ്കില്‍ കള്ളപ്പണം വെളുപ്പിക്കല്‍, ഹവാല ഇടപാടുകള്‍ എന്നിവയ്ക്ക് തെളിവുകള്‍ ലഭിച്ചതോടെയാണ് അന്വേഷണത്തിന്റെ അടുത്തഘട്ടത്തിലേക്ക് കടക്കാന്‍ ഒരുങ്ങുന്നത്. ബാങ്കില്‍ നടന്ന രണ്ടു റെയ്ഡുകളിലായി പിടിച്ചെടുത്ത രേഖകള്‍ പഴുതടച്ച് പരിശോധിച്ചതില്‍ നിന്ന് കള്ളപ്പണം ഇടപാടുകള്‍ സംബന്ധിച്ച വിവരങ്ങള്‍ ലഭിച്ചിരുന്നു.
ബിനാമി പേരുകളില്‍ കോടികള്‍ വായ്പ അനുവദിച്ചതും ഈ പണം എവിടേക്ക് പോയന്നതും സംബന്ധിച്ച കൂടുതല്‍ അന്വേഷണത്തിനു വേണ്ടിയാണ് ബാങ്ക് അധികൃതരെ വിളിപ്പിക്കുന്നത്. എന്നാല്‍ ഈ വായ്പകള്‍ ഈടായി വാങ്ങിയതടക്കം മിക്ക രേഖകളും വ്യാജമാണെന്നതിനാല്‍ തൃപ്തികരമായ വിശദീകരണം നല്കാന് ബാങ്കിന് കഴിഞ്ഞേക്കില്ല. റെയ്ഡില്‍ ഇഡി പിടിച്ചെടുത്തു മുദ്രവെച്ച ആയിരക്കണക്കിന് രേഖകള്‍ കഴിയുന്നത്ര വേഗത്തില്‍ തിരികെ നല്‍കണമെന്ന് ബാങ്ക് അഭ്യര്ത്ഥിച്ചിരുന്നെ ങ്കിലും ഇഡി ഇക്കാര്യം പരിഗണിച്ചില്ല.
ക്രമക്കേടുകള്‍ക്ക് തെളിവ് ലഭിച്ചതിനാല്‍ അന്വേഷണം പൂര്‍ത്തിയാകും വരെ രേഖകള്‍ തിരികെ നല്കാന് കഴിയില്ലെന്നാണ് ഇഡി നിലപാട്. ഇതോടെ ബാങ്ക് കടുത്ത പ്രതിസന്ധിയിലാണ്. കഴിഞ്ഞ ദിവസങ്ങളില്‍ നടക്കേണ്ടിയിരുന്ന രണ്ടു ജപ്തികള്‍ ബാങ്കിന് ഉപേക്ഷിക്കേണ്ടിവന്നു. ഈടുരേഖകള്‍ അടക്കം ഇഡിയയുടെ കസ്റ്റഡിയില്‍ ആണെന്നതാണ് കാരണം. ബാങ്കിലെ ഓഡിറ്റിംഗ് നടപടികളും ഇതോടെ മുടങ്ങിയ നിലയിലാണ്.