സംസാരം പൂര്‍ത്തിയാക്കാന്‍ അനുവദിച്ചില്ല. പ്രതിപക്ഷ അംഗങ്ങള്‍ നടുത്തളത്തില്‍ കുത്തിയിരുന്ന് പ്രതിഷേധിച്ചു
ഇരിങ്ങാലക്കുട: നഗരസഭാ കൗണ്‍സില്‍ യോഗത്തില്‍ പ്രതിപക്ഷ കൗണ്‍സിലര്‍ സി.സി. ഷിബിന്‍ ഭരണ സമിതിക്കെതിരെ നടത്തിയ വിമര്‍നം പൂര്‍ത്തിയാക്കാന്‍ അനുവദിക്കാത്തതിനെ തുടര്‍ന്ന് പ്രതിപക്ഷം നടുത്തളത്തിലിറങ്ങി പ്രതിഷേധിച്ചു. കഴിഞ്ഞ അഞ്ചു വര്‍ഷക്കാലം പട്ടണത്തില്‍ ഒരു പൊതുവികസനവും നടപ്പിലാക്കാന്‍ യുഡിഎഫിനു കഴിഞ്ഞിട്ടില്ലെന്നും പട്ടണത്തിലെ അനധികൃത നിര്‍മാണങ്ങള്‍ക്കെതിരെ നടപടി സ്വീകരിക്കാനോ ഒരു കല്ലെങ്കിലും ഇളക്കി മാറ്റാനോ കഴിഞ്ഞിട്ടില്ലെന്നു എല്‍ഡിഎഫ് അംഗം സി.സി. ഷിബിന്‍ കുറ്റപ്പെടുത്തി. ഭരണ പ്രതിപക്ഷ അംഗങ്ങള്‍ തമ്മിലുള്ള തര്‍ക്കങ്ങള്‍ നടക്കുന്നതിനിടയില്‍ അജണ്ടകള്‍ ചര്‍ച്ച ചെയ്യണമെന്നു ബിജെപി അംഗങ്ങള്‍ ആവശ്യപ്പെട്ടു. അംഗങ്ങള്‍ക്കു ചര്‍ച്ച ചെയ്യാന്‍ ആവശ്യത്തിനു സമയം അനുവദിച്ചിട്ടുണ്ടെന്നു പറഞ്ഞ ചെയര്‍പേഴ്സണ്‍ അജണ്ടകള്‍ വായിക്കാന്‍ നിര്‍ദേശം നല്കി. അജണ്ടകള്‍ വായിക്കാന്‍ പറ്റില്ലെന്നും ഷിബിനെ സംസാരിക്കാന്‍ അനുവദിക്കണമെന്നും എല്‍ഡിഎഫ് അംഗങ്ങള്‍ ആവശ്യപ്പെട്ടു. പ്രതിപക്ഷം സഹകരിച്ചില്ലെങ്കില്‍ അജണ്ടകള്‍ ചര്‍ച്ചകള്‍ കൂടാതെ വായിച്ച് പാസാക്കേണ്ടി വരുമെന്നു സ്റ്റാന്‍ഡിംഗ് കമ്മിറ്റി ചെയര്മാന് കുര്യന് ജോസഫ് പറഞ്ഞു. അജണ്ടകളിലേക്കു യോഗം കടന്നപ്പോള്‍ പ്രതിഷേധവുമായി എല്‍ഡിഎഫ് അംഗങ്ങള്‍ നടുത്തളത്തിലേക്കു ഇറങ്ങി കുത്തിയിരുന്നു. ഖരമാലിന്യ സംസ്കരണ പദ്ധതിക്കായി ലോകബാങ്ക് ലോണിനു വേണ്ടി നോഡല്‍ ഏജന്‍സിയായ കേരള ശുചിത്വമിഷനുമായി പങ്കാളിത്ത കരാറില്‍ ഏര്‍പ്പെടാന്‍ നഗരസഭാ യോഗത്തില്‍ തീരുമാനം. സംസ്ഥാനത്ത് കോര്‍പ്പറേഷനുകള്‍ക്കും നഗരസഭകള്‍ക്കുമായി 2100 കോടി രൂപയാണു ലോകബാങ്ക് ഖരമാലിന്യ പരിപാലന പദ്ധതികള്‍ക്കായി നല്‍കുന്നത്. 2026 സെപ്റ്റംബര്‍ 30 വരെയാണു പദ്ധതിയുടെ കാലാവധി. നഗരസഭ സെക്രട്ടറിയുടെ കീഴില്‍ ഒരു എന്‍ജിനീയര്‍, ഫിനാന്‍സ് ഓഫീസര്‍, രണ്ടു ജൂണിയര്‍ സാങ്കേതിക ഓഫീസര്‍മാര്‍ അടങ്ങിയ സമിതിയാണു പദ്ധതി നടത്തിപ്പിന്റെ മേല്‍നോട്ടം വഹിക്കുക. നഗരസഭയ്ക്കു അനുവദിക്കുന്ന ലോണിന്റെ 40 ശതമാനം അടിസ്ഥാന ഗ്രാന്റായും 60 ശതമാനം പ്രോത്സാഹന ഗ്രാന്റായും വിനിയോഗിക്കും. മാലിന്യ സംസ്കരണത്തിനുള്ള നിലവിലെ അടിസ്ഥാന സംവിധാനങ്ങള്‍ വിപുലപ്പെടുത്താനും ദിനംപ്രതിയുള്ള ശുചീകരണ പ്രവര്‍ത്തനങ്ങള്‍ക്കും സാനിറ്റൈസേഷനു ഉള്‍പ്പെടെയുള്ള കോവിഡ് പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ക്കും വനിതാ ഗ്രൂപ്പുകള്‍ക്കു ധനസഹായം നല്‍കാനും മാലിന്യ ശേഖരണത്തിനുള്ള ഗതാഗത സൗകര്യങ്ങള്‍ ശക്തിപ്പെടുത്താനും പുതിയ സംവിധാനങ്ങള്‍ വികസിപ്പിക്കാനും മാലിന്യപുനരുപയോഗകേന്ദ്രങ്ങള് വികസിപ്പിക്കാനും ലോണ്‍ വിനിയോഗിക്കാമെന്നു സെക്രട്ടറി വിശദീകരിച്ചു. പദ്ധതികളുടെ അഭാവമല്ല, പദ്ധതി നടത്തിപ്പിലെ പരാജയങ്ങളാണു നഗരസഭ നേരിടുന്ന വിഷയമെന്നു ഇതു സംബന്ധിച്ച ചര്‍ച്ചയില്‍ പങ്കെടുത്ത് എല്‍ഡിഎഫ് പാര്‍ലമെന്ററി പാര്‍ട്ടി ലീഡര്‍ പി.വി. ശിവകുമാര്‍ പറഞ്ഞു. ഫിഷ് മാര്‍ക്കറ്റും അറവുശാലയും ഇതിനു ഉദാഹരണങ്ങളാണെന്നും പി.വി. ശിവകുമാര്‍ കുറ്റപ്പെടുത്തി. ബസ് സ്റ്റാന്‍ഡ് കംഫര്‍ട്ട് സ്റ്റേഷന് മാസങ്ങളായി അടഞ്ഞു കിടക്കുകയാണെന്നു സിപിഐ അംഗം എം.സി. രമണന് ചൂണ്ടിക്കാട്ടി. വിമര്‍ശനങ്ങള്‍ക്കു മറുപടി പറഞ്ഞ ചെയര്‍പേഴ്സണു നഗരസഭക്കു ശുചിത്വ പദവി പ്രതിപക്ഷം കണ്ടില്ലെന്നു നടിക്കുകയാണെന്നും മികച്ച രീതിയില്‍ നടക്കുന്ന പ്രവര്‍ത്തനങ്ങളെ തകര്‍ക്കാനാണു പ്രതിപക്ഷം ശ്രമിക്കുന്നതെന്നും കുറ്റപ്പെടുത്തി. താലൂക്ക് ആശുപത്രിയില്‍ ജനന മരണ രജിസ്ട്രേഷന് വിഭാഗത്തിലേക്കു ഡാറ്റ എന്‍ട്രി ഓപ്പറേറ്ററെ നിയമിക്കാനുള്ള തീരുമാനം പ്രതിപക്ഷ അംഗങ്ങളുടെ എതിര്‍പ്പിനെ തുടര്‍ന്നു മാറ്റി വച്ചു. യോഗത്തില്‍ ചെയര്‍പേഴ്സണ്‍ നിമ്യ ഷിജു അധ്യക്ഷത വഹിച്ചു.