അവഗണനയ്ക്കെതിരെ ശബ്ദമുയര്‍ത്തുക: മാര്‍ പോളി കണ്ണൂക്കാടന്‍
ഇരിങ്ങാലക്കുട: ക്രൈസ്തവ സമുദായത്തെ അവഗണിക്കുകയും അവരുടെ ന്യായമായ അവകാശങ്ങള്‍ നിഷേധിക്കുകയും ചെയ്യുന്നവര്‍ക്കെതിരെ ജാഗ്രത പുലര്‍ത്തണമെന്നും ക്രൈസ്തവ ന്യൂനപക്ഷം ഈ അനീതിക്കെതിരെ ഒറ്റക്കെട്ടായി ശബ്ദമുയര്‍ത്തണമെന്നും ഇരിങ്ങാലക്കുട രൂപത ബിഷപ് മാര്‍ പോളി കണ്ണൂക്കാടന്‍. ഇരിങ്ങാലക്കുട രൂപതയുടെ മുഖപത്രമായ കേരളസഭയുടെ വാര്‍ഷിക സമ്മേളനം ആളൂര്‍ ബിഎല്‍എമ്മില്‍ ഉദ്ഘാടനംചെയ്യുകയായിരുന്നു അദ്ദേഹം. 141 ഇടവകകളില്‍ നിന്നുള്ള എണ്ണൂറോളം പ്രതിനിധികള്‍ പങ്കെടുത്തു. അര്‍ഹമായ ന്യൂനപക്ഷാവകാശങ്ങള്‍ നേടിയെടുക്കാന്‍ ക്രൈസ്തവര്‍ രംഗത്തിറങ്ങണം. ക്രൈസ്തവ ന്യൂനപക്ഷ പിന്നാക്കാവസ്ഥ പഠിക്കാന്‍ നിയോഗിച്ച ജെ.ബി. കോശി കമ്മിഷന് റിപ്പോര്‍ട്ട് സര്‍ക്കാര്‍ അവഗണിച്ചിരിക്കുകയാണ്. ഇത് അത്യന്തം അപലപനീയമാണ്. വികാരി ജനറാള്‍ മോണ്‍. വില്സന് ഈരത്തറ അധ്യക്ഷത വഹിച്ചു. ഇരിങ്ങാലക്കുട രൂപത നല്കുന്ന ഈ വര്‍ഷത്തെ സേവനപുരസ്കാരം റിട്ട. നഴ്സിംഗ് സൂപ്രണ്ട് ആനി ഡേവിസ്, ഫെയ്സ് ഓഫ് ദ് ഫെയ്സ്ലസ് സംവിധായകന് ഷെയ്സന് പി.ഔസേപ്പ് എന്നിവര്‍ക്ക് ബിഷപ് സമ്മാനിച്ചു. കേരളസഭാ താരം അവാര്‍ഡ് സിയാല്‍ റിട്ട. എംഡി വി.ജെ. കുര്യനാണ്. രൂപത കുടുംബ കൂട്ടായ്മ ഡയറക്ടര്‍ ഫാ. ജോജി പാലമറ്റത്ത്, പാസ്റ്ററല്‍ കൗണ്‍സില്‍ സെക്രട്ടറി ഡേവിസ് ഊക്കന്‍, കുടുംബ കൂട്ടായ്മ പ്രസിഡന്റ് ജോഷി പുത്തിരിക്കല്‍, മനേജിംഗ് എഡിറ്റര്‍ ഫാ. ലിജു മഞ്ഞപ്രക്കാരന്‍, ജോസ് തളിയത്ത്, ഫാ. ടിന്റോ കൊടിയന്‍ എന്നിവര്‍ പ്രസംഗിച്ചു. വിവിധ മത്സരങ്ങളിലെ വിജയികള്‍ക്ക് മാര്‍ പോളി കണ്ണൂക്കാടന്‍ അവാര്‍ഡുകള്‍ വിതരണംചെയ്തു.