ശമ്പളമില്ലാതെ ഒമ്പതു മാസം, ഉണ്ണായിവാരിയര്‍ കലാനിലയത്തിന് ഗ്രാൻഡില്ല
2023-24ല്‍ ലഭിക്കാനുള്ളത് 20 ലക്ഷം
ഇരിങ്ങാലക്കുട: ഗ്രാൻഡ് കിട്ടാന്‍ വൈകുന്നതിനെത്തുടര്‍ന്ന് ഒന്‍പതു മാസമായി അധ്യാപകര്‍ക്കും ജീവനക്കാര്‍ക്കും ശമ്പളം നല്കാനാകാതെ ഉണ്ണായിവാരിയര്‍ സ്മാരക കലാനിലയം പ്രതിസന്ധിയില്‍. സര്‍ക്കാരിന്റെ സാമ്പത്തികപ്രതിസന്ധിയാണ് കലാനിലയത്തെയും ബുദ്ധിമുട്ടിലാക്കിയിരിക്കുന്നത്. 2023 ഏപ്രില്‍ മുതല്‍ ഡിസംബര്‍ വരെയുള്ള ശമ്പളമാണ് മുടങ്ങിയിരിക്കുന്നത്. സര്‍ക്കാര്‍ ഗ്രാൻഡിനെമാത്രം ആശ്രയിച്ച് നിലനില്‍ക്കുന്ന കലാനിലയത്തില്‍ 2023-24 വര്‍ഷത്തെ 50 ലക്ഷം ഗ്രാൻഡില്‍ ഇതുവരെ 30 ലക്ഷം മാത്രമാണ് ലഭിച്ചിട്ടുള്ളത്. പലതവണയായിട്ടാണ് 30 ലക്ഷം ലഭിച്ചത്. ശേഷിക്കുന്ന 20 ലക്ഷം ആവശ്യപ്പെട്ട് കലാനിലയം കത്തയച്ചിരുന്നെങ്കിലും സാമ്പത്തികപ്രതിസന്ധി മൂലം സര്‍ക്കാര്‍ ഇതുവരെ ശേഷിക്കുന്ന ഗ്രാൻഡ് അനുവദിച്ചിട്ടില്ല. കഥകളിയഭ്യാസത്തിനായി സര്‍ക്കാര്‍ നടത്തുന്ന രണ്ട് പരിശീലനകേന്ദ്രങ്ങളില്‍ ഒന്നാണ് ഇരിങ്ങാലക്കുട കൂടല്‍മാണിക്യം ക്ഷേത്രം തെക്കേനടയില്‍ സ്ഥിതിചെയ്യുന്ന ഉണ്ണായിവാരിയര്‍ സ്മാരക കലാനിലയം.
11 അധ്യാപകരും നാല് ഓഫീസ് സ്റ്റാഫും ഒരു പാര്‍ട്ട്ടൈം സ്വീപ്പറുമടക്കം 16 പേരാണ് കലാനിലയത്തില്‍ ജോലിചെയ്യുന്നത്. സംസ്ഥാന സര്‍ക്കാരിന്റെ ഗ്രാൻഡുകൊണ്ടുമാത്രം പ്രവര്‍ത്തിക്കുന്ന കലാനിലയത്തില്‍ അധ്യാപകരുടെയും ജീവനക്കാരുടെയും ശമ്പളവും വിദ്യാര്‍ഥികളുടെ സഹായധനത്തിനും ഒരു വര്‍ഷം 65 ലക്ഷത്തോളം രൂപ വേണം. ഇതിനുപുറമേ, ബോണസും മറ്റ് ആനുകൂല്യങ്ങളുമടക്കം 80 ലക്ഷം രൂപ പ്രതിവര്‍ഷം ആവശ്യമുണ്ട്. വിദ്യാര്‍ഥികള്‍ക്ക് ഓരോരുത്തര്‍ക്കും മാസംതോറും 1,500 രൂപ വെച്ചാണ് സഹായധനം അനുവദിക്കുന്നത്. 2009 ലെ ശമ്പളപരിഷ്കരണപ്രകാരമുള്ള വേതനമാണ് കലാനിലയം അധ്യാപകര്‍ക്കും ജീവനക്കാര്‍ക്കും ഇപ്പോഴും ലഭിക്കുന്നത്.
2014 ലെ ശമ്പളപരിഷ്കരണത്തിന്റെ ഗുണം ഇതുവരെയും ലഭിച്ചിട്ടില്ല. 2009 ലെ ആനുകൂല്യംതന്നെ കോടതിയുത്തരവു പ്രകാരമാണ് ലഭിച്ചത്. 2014ലെ വേതനപരിഷ്കരണത്തിന് നിരവധി നിവേദനങ്ങള്‍ നല്‍കിയിട്ടുണ്ടെങ്കിലും ഒന്നും അനുവദിച്ചുകിട്ടിയിട്ടില്ലെന്നും ജീവനക്കാര്‍ പറഞ്ഞു. സാമ്പത്തികപ്രതിസന്ധി പരിഗണിച്ച് 2020 21ലെ ബജറ്റില്‍ സ്പെഷ്യല്ഗ്രാൻഡായി ഒരു കോടി രൂപ പ്രഖ്യാപിച്ചിരുന്നു. എന്നാല്‍, ഇതില്‍ 50 ലക്ഷം മാത്രമാണ് സര്‍ക്കാര്‍ അനുവദിച്ചത്.