ഇരിങ്ങാലക്കുട ഗവ. ഗേള്‍സ് വൊക്കേഷണല്‍ ഹയര്‍ സെക്കന്‍ഡറി സ്കൂളിനു പൈതൃക മതില്
ഇരിങ്ങാലക്കുട: ഗവ. ഗേള്‍സ് വൊക്കേഷണല്‍ ഹയര്‍ സെക്കന്‍ഡറി സ്കൂള്‍ പൈതൃക ചുറ്റുമതിലിന്റെ നിര്‍മ്മാണോദ്ഘാടനം മന്ത്രി ഡോ. ആര്. ബിന്ദു നിര്‍വഹിച്ചു. ചരിത്ര പ്രാധാന്യമുള്ള വിദ്യാലയത്തിന്റെ കാലാനുസൃതമായ മാറ്റമാണ് ഉണ്ടാകുന്നതെന്നും പൈതൃക മതില് സ്കൂളിന്റെ മുഖഛായ തന്നെ മാറ്റുമെന്നും മന്ത്രി പറഞ്ഞു. നിയോജകമണ്ഡലം ആസ്തി വികസന ഫണ്ടില്‍ നിന്നും 48 ലക്ഷം രൂപ ചെലവഴിച്ചാണ് സ്കൂളില്‍ പൈതൃക ചുറ്റുമതില്‍ നിര്‍മിക്കുന്നത്. ശിലാഫലകം മന്ത്രി അനാച്ഛാദനം ചെയ്തു. നിലവിലുള്ള മതിലും പ്രവേശന കവാടങ്ങളും പൊളിച്ച് മാറ്റി സ്കൂള്‍ മുന്‍ഭാഗത്ത് നിന്ന് ഒരു മീറ്റര്‍ ഉള്ളിലേയ്ക്കായാണ് മതില് നിര്‍മാണം. വെട്ടുകല്ല് ഉപയോഗിച്ച് നിര്‍മിക്കുന്ന മതില് തേയ്ക്കാതെയാണ് 100 മീറ്ററോളം നീളത്തില്‍ നിര്‍മ്മിക്കുന്നത്.
പുതിയ പ്രവേശന കവാടങ്ങളും നിര്‍മ്മിക്കും. പടിഞ്ഞാറ് ഭാഗത്തു നിലവിലെ അസ്ഥിവാരത്തിനു മുകളിലാണു പുതിയ മതില് നിര്‍മാണം നടത്തുക. സംസ്ഥാന നിര്‍മിതി കേന്ദ്രം റീജണല്‍ എന്‍ജിനീയര്‍ സതീ ദേവി പദ്ധതി വിശദീകരിച്ചു. ഇരിങ്ങാലക്കുട നഗരസഭാ ചെയര്‍പേഴ്സണ്‍ സുജ സഞ്ജീവ് കുമാര്‍ അധ്യക്ഷയായി. സ്കൂള്‍ പ്രിന്‍സിപ്പല്‍ ബിന്ദു പി. ജോണ്‍, അഡ്വ. ജിഷ ജോബി, ഒ.എസ്. അവിനാശ്, പി.കെ. അനില്‍കുമാര്‍, വി.വി. റാല്‍ഫി, കെ.ആര്. ധന്യ, പി.ആര്. ഉഷ തുടങ്ങിയവര്‍ പങ്കെടുത്തു.