കരുവന്നൂര്‍ താമരവളയം ചിറ കെട്ടാന്‍ വൈകുന്നു: ആശങ്കയറിയിച്ച് മന്ത്രിക്ക് കര്‍ഷകരുടെ കത്ത്
കാറളം: കരുവന്നൂര്‍ താമരവളയം ചിറ കെട്ടാന്‍ വൈകുന്നതില്‍ കര്‍ഷകര്‍ക്ക് ആശങ്ക. അടിയന്തരമായി ചിറ കെട്ടണമെന്നാവശ്യപ്പെട്ട് കര്‍ഷകര്‍ മന്ത്രിക്ക് കത്തുനല്‍കി. ചെമ്മണ്ട പുളിയംപാടം കടുംകൃഷി സഹകരണസംഘത്തിന്റെ നേതൃത്വത്തിലാണ് കര്‍ഷകര്‍ മന്ത്രി ആര്. ബിന്ദുവിന് കത്തുനല്‍കിയത്. സംഘത്തിന്റെ പരിധിയില്‍പ്പെട്ട 1500 ഏക്കര്‍ വരുന്ന പാടശേഖരങ്ങളും കരുവന്നൂര്‍ കിഴക്കെ പുഞ്ചപ്പാടം പമ്പിംഗ് സ്കീം, കിഴക്കേ പുഞ്ചപ്പാടം തരിശ്, മുരിയാട് കായല്മേഖലയില്പ്പെട്ട തെക്കേപ്പാടം, തളിയക്കോണം എന്നീ പാടശേഖരങ്ങളിലെ കൃഷിയും താമരവളയം സ്ലൂയിസിനെ ആശ്രയിച്ചാണ്. കണക്കന്‍കടവ് പാലത്തിന് പടിഞ്ഞാറുഭാഗത്ത് ഇറിഗേഷന്‍ സ്ഥാപിച്ച സ്ഥിരം സംവിധാനമായ ചീപ്പുചിറയില്‍ പലകയും മണല്ചാക്കുകളുമിട്ട് കെട്ടിയാണ് കഴിഞ്ഞ 30 വര്‍ഷമായി ഇറിഗേഷന്‍ വകുപ്പ് കൃഷിക്കായി വെള്ളം സംഭരിച്ചിരുന്നത്. എന്നാല്‍ കഴിഞ്ഞ വര്‍ഷം ചീപ്പുചിറയില്‍ ബണ്ടുകെട്ടുന്നതിനെതിരേ പ്രദേശവാസികളില്‍ ചിലര്‍ എതിര്‍പ്പുമായി രംഗത്തെത്തിയതോടെ ചിറ കെട്ടുന്നത് പ്രതിസന്ധിയിലായി. തുടര്‍ന്ന് ഈ പ്രദേശത്തുനിന്നും കുറച്ച് നീങ്ങിയാണ് ഇറിഗേഷന്‍ താത്കാലിക തടയണ നിര്‍മിച്ചത്. എന്നാല്‍ ഡിസംബര്‍ ആദ്യവാരം പെയ്ത മഴയില്‍ ഇരുവശത്തുനിന്നും ശക്തിയായ വെള്ളം എത്തിയതോടെ ബണ്ട് തകരുകയും അയ്യായിരത്തോളം പാടശേഖരങ്ങള്‍ വെള്ളത്തിലാകുകയും ചെയ്തു. പിന്നീട് ഇല്ലിക്കല്‍ ഡാം തുറന്ന് വെള്ളം കുറഞ്ഞതിന് ശേഷമാണ് കൃഷി സാധാരണ നിലയിലെത്തിച്ചതെന്ന് കര്‍ഷകര്‍ കത്തില്‍ ചൂണ്ടിക്കാണിക്കുന്നു. മഴയെ തുടര്‍ന്ന് പൊട്ടിച്ച മുനയം ബണ്ടും കോന്തിപുലം ബണ്ടും കെട്ടിയിട്ടും താമരവളയം ബണ്ട് കെട്ടാന്‍ ഇതുവരേയും സാധിച്ചിട്ടില്ല. കൃഷിക്കുവേണ്ടി വെള്ളം സംഭരിക്കാന്‍ താമരവളം സ്ലൂയിസ് എത്രയും വേഗം കെട്ടി കര്‍ഷകരുടെ ആശങ്ക അകറ്റണമെന്നും കത്തില്‍ ആവശ്യപ്പെട്ടിട്ടുണ്ട്. താമരവളയം സ്ലൂയിസ് അടിയന്തരമായി കെട്ടണമെന്നാവശ്യപ്പെട്ട് ഇരിങ്ങാലക്കുട നഗരസഭയും ജില്ലാ കളക്ടര്‍ക്ക് കത്തുനല്‍കിയിട്ടുണ്ട്. ബണ്ട് കെട്ടുന്നതുമൂലം അരികിടിയുന്ന ഭാഗത്ത് സംരക്ഷണഭിത്തി കെട്ടണമെന്നും കത്തില്‍ ആവശ്യപ്പെട്ടിട്ടുണ്ട്. ചിറ കെട്ടാന്‍ 2.30 ലക്ഷം രൂപ കണക്കാക്കിയിട്ടുണ്ടെങ്കിലും ജില്ലാ ഭരണകൂടത്തിന്റെ അനുമതി കിട്ടിയാല്‍ മാത്രമേ ചിറ കെട്ടാന്‍ സാധിക്കൂയെന്നാണ് ഇറിഗേഷന്‍ വകുപ്പ് പറയുന്നത്.