ഭരണഘടനയുടെ ശക്തി ഉള്‍ക്കൊണ്ട് നീതി ഉറപ്പാക്കാന്‍ ജുഡീഷ്യറിക്ക് സാധിക്കണം- മന്ത്രി ഡോ. ആര് ബിന്ദു.
ഇരിങ്ങാലക്കുട: ഭരണഘടനയുടെ ശക്തി ഉള്‍ക്കൊണ്ട് നീതി ഉറപ്പാക്കാന്‍ ജുഡീഷ്യറിക്ക് സാധിക്കണമെന്ന് മന്ത്രി ഡോ. ആര് ബിന്ദു. 100 കോടി രൂപ ചിലവില്‍ നിര്‍മ്മിക്കുന്ന ഇരിങ്ങാലക്കുട ജുഡീഷ്യല്‍ കോംപ്ലക്സിന്റെ രണ്ടാം ഘട്ട നിര്‍മ്മാണോദ്ഘാടനം നിര്‍വഹിച്ച് സംസാരിക്കുകയായിരുന്നു മന്ത്രി.
കാലഹരണപ്പെട്ട രീതി സമ്പ്രദായങ്ങളും ആചാരങ്ങളും ചടങ്ങുകളുമാണ് കോടതികള്‍ ഇപ്പോഴും പിന്തുടരുന്നതെന്നും നാടിനും കാലത്തിനും ആവശ്യമായ പരിഷ്കാരങ്ങള്‍ കോടതികളില്‍ ഉണ്ടാകേണ്ടതുണ്ട്. കോടതികളുടെ കെട്ടും മട്ടും മാത്രം മാറിയാല്‍ പോര. രാജ്യത്തിന്റെ വൈവിധ്യങ്ങളും സംസ്കൃതിയും തന്നെ ചോദ്യം ചെയ്യപ്പെടുന്ന കാലത്ത് പക്ഷപാതരഹിതമായി പ്രവര്‍ത്തിക്കാനും ത്രാണിയുള്ള കേന്ദ്രങ്ങളായി മാറാനും നിസ്വരായ മനുഷ്യര്‍ക്ക് നീതി ഉറപ്പാക്കാനും കോടതികള്‍ക്ക് സാധിക്കേണ്ടതുണ്ട്. ഫാസ്റ്റ് ട്രാക്ക് സ്വഭാവത്തോട് കൂടി കേസുകള്‍ കൈകാര്യം ചെയ്യാന്‍ കഴിയുന്ന നീതി നിര്‍വഹണ സമ്പ്രദായം ഉണ്ടാകേണ്ടതുണ്ടെന്നും മന്ത്രി പറഞ്ഞു. പ്രിന്‍സിപ്പള്‍ ഡിസ്ട്രിക്റ്റ് ആന്റ് സെഷന്‍സ് ജഡ്ജ് പി.പി. സെയ്തലവി അധ്യക്ഷത വഹിച്ചു. എംഎല്‍എ മാരായ കെ.കെ. രാമചന്ദ്രന്, ഇ.ടി. ടൈസന് മാസ്റ്റര്‍, നഗരസഭ ചെയര്‍പേഴ്സണ്‍ സുജ സഞ്ജീവ്കുമാര്‍, പഞ്ചായത്ത് പ്രസിഡന്റുമാരായ കെ.എസ്. തമ്പി, ടി.വി. ലത, കെ.ആര്. ജോജോ, ലത സഹദേവന്, കൗണ്‍സിലര്‍ അഡ്വ. ജിഷ ജോബി, ഗവ. പ്ലീഡര്‍ അഡ്വ. ജോജി ജോര്‍ജ്ജ്, കെഎല്‍സിഎ സംസ്ഥാന ട്രഷറര്‍ കെ.സി. ഷാജു എന്നിവര്‍ ആശംസകള്‍ നേര്‍ന്നു ബാര്‍ അസോസിയേഷന് പ്രസിഡന്റ് അഡ്വ. പി.ജെ. ജോബി സ്വാഗതവും സെക്രട്ടറി അഡ്വ. വി.എസ.് ലിയോ നന്ദിയും പറഞ്ഞു. 1,68,555 ചതുരശ്ര അടിയില്‍ ഏഴു നിലകളിലായി പത്ത് കോടതികളും അനുബന്ധസൗകര്യങ്ങളും നൂറു കാറുകള്‍ക്ക് പാര്‍ക്ക് ചെയ്യാനുള്ള സൗകര്യങ്ങളുമടങ്ങുന്ന വിധത്തിലാണ് കോടതിസമുച്ചയം പൂര്‍ത്തിയാകുന്നത്. അടിയിലെ നിലയില്‍ ജഡ്ജിമാര്‍ക്കുള്ള പ്രത്യേക പാര്‍ക്കിംഗ് സൗകര്യവും 2450 ചതുരശ്ര അടി വിസ്താരത്തില്‍ റെക്കോര്‍ഡ് റൂം, തൊണ്ടി മുറികള്‍, ഇലക്ട്രിക് സബ് സ്റ്റേഷന്, ജനറേറ്റര്‍ എന്നിവയ്ക്കുള്ള സൗകര്യവും ഒരുക്കും. തൊട്ടുമുകളിലത്തെ നിലയില്‍ ബാര്‍ കൗണ്‍സില്‍ റൂം, ലേഡി അഡ്വക്കേറ്റുമാര്ക്കും പോലീസിനുമുള്ള വിശ്രമമുറി, ജഡ്ജിമാരുടെ ലോഞ്ച്, ചേംബറിനോട് ചേര്‍ന്ന് ലബ്രറി, കറന്റ് റെക്കോര്‍ഡ്സ് സൗകര്യങ്ങള്‍ എന്നിവയുണ്ടാകും. കൂടാതെ, ബേസ്മെന്റ് നിലയില്‍ കാന്റീന് സൗകര്യവുമുണ്ടാകും. ആറു നിലകളുടെ സ്ട്രക്ച്ചര്‍ ജോലികളാണ് ഒന്നാംഘട്ടത്തില്‍ പൂര്‍ത്തിയാക്കിയത്. ഏഴാം നിലയുടെ നിര്‍മ്മാണവും, ഇതടക്കമുള്ള എല്ലാ നിലകളിലെയും ഇലക്ട്രിക്കല്‍ ജോലികളടക്കമുള്ള ഫിനിഷിംഗ് പ്രവൃത്തികളും രണ്ടാംഘട്ടത്തോടെ പൂര്‍ത്തിയാവും. എല്ലാ നിലകളിലും ഭിന്നശേഷിസൗഹൃദ ശുചിമുറികളും ഉണ്ടായിരിക്കും.