ഗൃഹനാഥന് ജീവനൊടുക്കിയത് ബാങ്ക് അധികൃതരുടെ ഭീഷണി മൂലമെന്ന് കുടുംബം
ഇരിങ്ങാലക്കുട: ഗൃഹനാഥന് ജീവനൊടുക്കിയ സംഭവത്തില്‍ സഹകരണ ബാങ്കിനെതിരെ കുടുംബം രംഗത്ത്. കല്ലംകുന്ന് പറമ്പത്ത് വീട്ടില്‍ അശോകന് (51) ആണ് കഴിഞ്ഞ ദിവസം ജീവനൊടുക്കിയത്. ജപ്തി ഭീഷണിയെ തുടര്‍ന്നാണ് ആത്മഹത്യ ചെയ്തതെന്ന് അശോകന്റെ കുടുംബം ആരോപിച്ചു. കല്ലംകുന്ന് സര്‍വീസ് സഹകരണ ബാങ്ക് ഭരണ സമിതിയാണ് അശോകന്റെ മരണത്തിന് ഉത്തരവാദിയെന്നാണ് ആരോപണം.
അശോകന്റെ കുടുംബം ബാങ്കില്‍നിന്നു 2019 ല്‍ വീടുപണിക്ക് 3,10,000 രൂപ വായ്പയെടുത്തിരുന്നു. വീടു പണി പൂര്‍ത്തിയാക്കാന്‍ സര്‍ക്കാര്‍ പദ്ധികള്‍ക്കായി അപേക്ഷ നല്‍കിയിരുന്നു. എന്നാല്‍ ഒന്നും അനുവദിച്ചു കിട്ടാതെ വന്നതോടെയാണ് വായ്പയെടുത്തത്. ആദ്യ ഘട്ടത്തില്‍ വായ്പ തിരിച്ചടച്ചിരുന്നു. കോവിഡ് കാലത്ത് കുടുംബം പ്രതിസന്ധിയിലായി. ജോലി ഇല്ലാതായതോടെ തിരിച്ചടവ് മുടങ്ങി. ഇതിനിടയില്‍ അശോകന് ഹൃദ്രോഗവും ബാധിച്ചു. ബംഗളൂരുവിലാണ് ചികിത്സ നടത്തിയത്. ഇതോടെ സാമ്പത്തികമായി ഏറെ ബുദ്ധിമുട്ടിലായെന്ന് കുടുംബം പറയുന്നു.
കഴിഞ്ഞ ഒക്ടോബറിലും ബാങ്കില്‍നിന്ന് ജപ്തി നോട്ടീസ് വന്നിരുന്നു. ഒടുവില്‍ ബാങ്ക് അധികൃതര്‍ വീട്ടിലെത്തി ജപ്തി ചെയ്യുമെന്ന് ഭീഷണിപ്പെടുത്തിയെന്നും ഇതില്‍ മനംനൊന്താണ് ആത്മഹത്യയെന്നുമാണ് അശോകന്റെ ഭാര്യ പ്രമീള പറയുന്നത്. വിദ്യാര്‍ഥിയായ മകനും ഭാര്യയും അടങ്ങുന്നതാണ് കുടുംബം. അശോകന് കൂലിപ്പണി ചെയ്താണ് കുടുംബം പുലര്‍ത്തിയിരുന്നത്. മകന് അനല്കൃഷ്ണ കല്ലേറ്റുംകര പോളിടെക്നിക് വിദ്യാര്‍ഥിയാണ്. സാമ്പത്തിക ബുദ്ധിമുട്ടുകള്‍ കാരണം മൂന്നാളും ഒരുമിച്ച് മരിക്കാനായിരുന്നു തീരുമാനമെന്നും ഭാര്യ പറഞ്ഞു. ഇക്കഴിഞ്ഞ 14 നാണ് അശോകന് ജീവനൊടുക്കിയത്. മരണവിവരമറിഞ്ഞ് ബാങ്ക് അധികൃതര്‍ വീട്ടില്‍ വരികപോലും ചെയ്തിരുന്നില്ലെന്നും പ്രമീള പറഞ്ഞു.
സ്വാഭാവിക നടപടി മാത്രം- ബാങ്ക് അധികൃതര്‍
അശോകന് സഹകരണ ബാങ്കില്‍നിന്ന് എടുത്ത വായ്പ്പത്തുക തിരികെകിട്ടാനുള്ള നിയമപരമായ നടപടി മാത്രമേ സ്വീകരിച്ചിട്ടുള്ളൂവെന്ന് ബാങ്ക് അധികൃതര്‍ വ്യക്തമാക്കി. വായ്പാ തിരിച്ചടവു മുടങ്ങിയ സാഹചര്യത്തില്‍ നിയമനടപടി എന്ന നിലയ്ക്ക് നോട്ടീസ് നല്‍കുകയാണ് ഉണ്ടായത്. അല്ലാതെ ഭീഷണിയോ സമ്മര്‍ദമോ ബാങ്കിന്റെ ഭാഗത്തിനിന്ന് ഉണ്ടായിട്ടില്ല. കഴിഞ്ഞ ഒക്ടോബറിലാണ് നോട്ടീസ് നല്‍കിയത്. എന്നാല്‍ അശോകന്റെ മരണം ഇത്തരത്തില്‍ വിവാദമാക്കുന്നതിനു പിന്നില്‍ രാഷ്ട്ീയ ദുരുദ്ദേശമാണെന്നും ബാങ്ക് അധികൃതർ പറഞ്ഞു.