കര്‍ഷകന്റെ കണ്ണീര് വീഴ്ത്തി നീലക്കോഴികളുടെ വിളയാട്ടം; ഏഴ് ഏക്കര്‍ കൃഷി നശിച്ചു
പടിയൂര്‍: നട്ടതൊക്കെയും നീലക്കോഴികള്‍ നശിപ്പിച്ചതോടെ കോള്‍പാടത്ത് തെളിയുന്നത് കര്‍ഷകന്റെ സങ്കടക്കാഴ്ചയാണ്. കതിരണിയും മുമ്പേ നെല്ചെടികള് പിഴുതെറിഞ്ഞാണ് നീലക്കോഴികള്‍ നാശം വിതക്കുന്നത്. പടിയൂര്‍, പൂമംഗലം കോള്‍മേഖലയില്‍ അരിപ്പാലം ചിറയ്ക്ക് വടക്കുഭാഗത്തുള്ള പാടശേഖരങ്ങളിലെ ഏഴ് ഏക്കറോളം നെല്‍കൃഷി നശിപ്പിച്ചിട്ടുണ്ട്. 140 ഏക്കര്‍ വരുന്ന പാടശേഖരത്തില്‍ കതിരിട്ടുവരുന്ന നെല്‍ച്ചെടികളാണ് നശിപ്പിച്ചതെന്നും നൂറുകണക്കിന് നീലക്കോഴികള്‍ ഇവിടെ ഉണ്ടെന്നും കര്‍ഷകര്‍ പറയുന്നു. സമീപമുള്ള പൊന്തക്കാടുകളിലാണ് ഇവയുടെ വാസം. ഞാറിന്റെ വേരിനു മുകളിലുള്ള മധുരം നുകരാനാണ് ഇവയെത്തുന്നത്. അതിനാണ് ഞാറ് വേരോടെ പിഴുതെടുക്കുന്നത്. ഞാറുനട്ട് നെല്‍ച്ചെടികള്‍ കരുത്താര്‍ജിച്ച സമയം മുതല്‍ ഇവയുടെ ശല്യമുണ്ടെന്നും കര്‍ഷകര്‍ പറഞ്ഞു.
രാധാകൃഷ്ണന് പിണ്ടിയത്ത്, നന്ദികേശന് പാറപ്പുറത്ത്, കൊച്ചുമുഹമദ് നമ്പിപുന്നിലത്ത്, ശ്യമാള സജീവ് പാറപ്പുറത്ത്, സുരേന്ദ്രന് ഉള്ളാട്ടിപറമ്പില്ം, വല്സന് വലിയപറമ്പില്‍ വിനയന് ഉള്ളാട്ടിപറമ്പില് എന്നിവരുടെ പാടശേഖരത്തിലാണ് കൃഷി നാശം സംഭവിച്ചിരിക്കുന്നത്. രാത്രികാലങ്ങളില്‍ മറ്റ് പക്ഷികളുടെ ശല്യവും രൂക്ഷമാണ്. ഇവരെ ഓടിക്കാന്‍ രാത്രികളില്‍ പാട്ട കൊട്ടി കര്‍ഷകര്‍ കാത്തിരിക്കും. ശബ്ദം കേട്ടാല്‍ അടുത്ത വയലിലേക്ക് പറന്നിരിക്കും എന്നുമാത്രം. കര്‍ഷകര്‍ മടങ്ങിയാല്‍ വീണ്ടും അവ കൂട്ടത്തോടെ പാടങ്ങളിലേക്ക് ഇറങ്ങുകയാണ്. രാത്രിയിലും തിളങ്ങുന്ന റിബണ്‍ കെട്ടിയാല്‍ പാടത്ത് ഇറങ്ങുമായിരുന്നില്ലത്രെ. ഇപ്പോള്‍ അതുകൊണ്ടും ഫലമില്ലെന്ന് കര്‍ഷകര്‍ പറയുന്നു. ഇവയെ അകറ്റാന്‍ രാവും പകലും കാവലിരിക്കേണ്ട അവസ്ഥയാണ്.
ആദ്യകാലങ്ങളില്‍ കൊക്കുകളുടെയും ആറ്റക്കിളികളുടെയും ശല്യമായിരുന്നു. അവയെ പടക്കം പൊട്ടിച്ച് ഓടിക്കാമായിരുന്നു. നെല്‍ച്ചെടികള്‍ കരുത്താര്‍ജിക്കുമ്പോള്‍ ആരംഭിക്കുന്ന ഇവയുടെ ശല്യം കൊയ്യാറാകുന്നതുവരെ പതിവാണെന്നും എന്തുചെയ്തിട്ടും ഫലമില്ലെന്നും കര്‍ഷകര്‍ പറയുന്നു. പ്രതിസന്ധികളെ തരണം ചെയ്താണ് വലിയ തുക മുടക്കി പലരും കൃഷിയിറക്കിയത്. ഇവയുടെ ആക്രമണം മൂലം നഷ്ടത്തിലായാല്‍ ബാധ്യത തീര്ക്കാനാകില്ലെന്ന ആശങ്കയിലാണ് കര്‍ഷകര്‍. ഇത്തരത്തിലുള്ള നഷ്ടങ്ങള്‍ക്ക് ഇന്‍ഷുറന്‍സ് പരിരക്ഷയെങ്കിലും ഏര്‍പ്പടുത്തണമെന്നാണ് കര്‍ഷകരുടെ ആവശ്യം. നീലകോഴികളെ ശല്ം ഒഴിവാക്കാന്‍ നടപടി സ്വീകരിക്കണമെന്ന കര്‍ഷകരുടെ ആവശ്യവും ബന്ധപ്പെട്ടവര്‍ ചെവികൊള്ളുന്നില്ലെന്നാണ് കര്‍ഷകരുടെ പരാതി. കൃഷിഭവനില്‍ പരാതിപ്പെട്ടെങ്കിലും ഫലമുണ്ടായില്ലെന്നും പരാതിയുണ്ട്.