ഇരിങ്ങാലക്കുടയില്‍ കൊതുക് നിയന്ത്രണത്തിനായി നിയമ നടപടികള്‍ ശക്തമാക്കി, നഴ്സറികളില്‍ ഒരു സ്ഥാപനത്തിന് നോട്ടീസ് നല്കി
ഇരിങ്ങാലക്കുട: ഇരിങ്ങാലക്കുട നഗരസഭയില്‍ ഡെങ്കിപ്പനി റിപ്പോര്‍ട്ട് ചെയ്തതിനെ തുടര്‍ന്ന് ഡെങ്കിപ്പനിക്ക് കാരണമാകാവുന്ന വിധത്തില്‍ കൊതുക് പെരുകുന്ന സാഹചര്യങ്ങള്‍ ഉള്ള സ്ഥാപനങ്ങള്‍ക്കെതിരെ നിയമ നടപടികളുമായി ആരോഗ്യവകുപ്പിന്റെയും നഗരസഭയുടെയും സംയുക്ത ആഭിമുഖ്യത്തിലുള്ള ടീം പരിശോധനകള്‍ നടത്തി. തൈകള്‍ വളര്‍ത്തി വില്‍ക്കുന്ന നഴ്സറികളിലാണ് പരിശോധന നടത്തിയത്. ഒരു സ്ഥാപനത്തിന് നോട്ടീസ് നല്കി. നഗരസഭ ഹെല്‍ത്ത് ഇന്‍സ്പെക്ടര്‍ ടി. അനൂപ് കുമാര്‍, ആരോഗ്യ വകുപ്പില്‍ നിന്നുള്ള ഹെല്‍ത്ത് ഇന്‍സ്പെക്ടര്‍ സി. പ്രസാദ്, ജൂനിയര്‍ ഹെല്‍ത്ത് ഇന്‍സ്പെക്ടര്‍മാരായ എന്‍.ആര്. രതീഷ്, വി.വി. ഷിജു, അജു എന്നിവര്‍ പരിശോധനക്ക് നേതൃത്വം നല്കി. തുടര്‍ന്നുള്ള ദിവസങ്ങളില്‍ ആക്രി സ്ഥാപനങ്ങള്‍ വര്‍ക്ക് ഷോപ്പുകള്‍, ടയര്‍ പഞ്ചര്‍ അടയ്ക്കുന്ന സ്ഥാപനങ്ങള്‍ എന്നിവ കേന്ദ്രീകരിച്ച് പരിശോധനകള്‍ ശക്തമാക്കുമെന്ന് നഗരസഭ ഹെല്‍ത്ത് ഇന്‍സ്പെക്ടര്‍ അറിയിച്ചു. കൊതുകിന്റെ ഉറവിടങ്ങള്‍ കണ്ടെത്തിയാല്‍ പൊതുജനാരോഗ്യ നിയമപ്രകാരം പതിനായിരം രൂപ വരെ പിഴ ചുമത്താവുന്നതാണ്. ഡെങ്കിപ്പനി വ്യാപനം തടയുന്നതിനായി ഓരോരുത്തരും തങ്ങളുടെ ഉടമസ്ഥതയിലുള്ള വീടുകളിലും സ്ഥാപനങ്ങളിലും കൊതുകിന്റെ ഉറവിടങ്ങള്‍ ഇല്ലാതാക്കണമെന്ന് അറിയിക്കുന്നു.