സായാഹ്ന ഒ പി: ആനന്ദപുരം ആരോഗ്യകേന്ദ്രത്തിനു മുന്നില്‍ കോണ്‍ഗ്രസ് ധര്‍ണ നടത്തി
ജോലി ചെയ്യാന്‍ സുരക്ഷാ ആവശ്യപ്പെട്ട ഡോക്ടറുടെ കാലാവുധി പുതുക്കി നല്‍കാത്തതാണ് സായാഹ്ന ഒ പി നിര്‍ത്തലാക്കുന്നതിനു കാരണമായത്.
മുരിയാട്: പഞ്ചായത്തിലെ ആനന്ദപുരം സാമൂഹ്യ ആരോഗ്യ കേന്ദ്രത്തില്‍ സായാഹ്ന ഒ പി നിര്‍ത്തലാക്കിയതില്‍ പ്രതിഷേധിച്ച് കേന്ദ്രത്തിനു മുന്നില്‍ കോണ്‍ഗ്രസ് ധര്‍ണ നടത്തി. ഇരിങ്ങാലക്കുട ബ്ളോക് പഞ്ചായത്തിന് കീഴില്‍ പ്രവര്‍ത്തിക്കുന്ന ഈ സ്ഥാപനത്തില്‍ 2020 മുതല്‍ സേവനം ചെയ്യുന്ന വനിതാ ഡോക്ടറുടെ കാലാവുധി പുതുക്കി നല്‍കാത്തതാണ് സായാഹ്ന ഒ പി നിര്‍ത്തലാക്കാന്‍ കാരണമായത്. നേരത്തെ ഉണ്ടായിരുന്ന സ്റ്റാഫ് ക്വാര്‍ട്ടേഴ്സ് പൊളിച്ചു നീക്കിയതോടെ ഇവിടെ താമസിച്ചു സേവനം ചെയ്യുന്നതിന് സൗകര്യമില്ല. ഉച്ചതിരിഞ്ഞ് 2 മുതല്‍ വൈകീട്ട് 8 വരെയായിരുന്നു നേരത്തെ പ്രവര്‍ത്തന സമയം. ഡോക്ടര്‍ക്കൊപ്പം ഒരു നഴ്സും ഫര്‍മസിസ്റ്റും ആയിരുന്നു ഈ സമയങ്ങളില്‍ സേവനം ചെയ്തിരുന്നത്. എന്നാല്‍ പിന്നീട് ഫര്‍മസിസ്റ്റിനെ ഒഴിവാക്കി. തുടര്‍ന്ന് 2 വനിതകള്‍ മാത്രമായതോടെ സുരക്ഷക്കായി ആരെയെങ്കിലും നിയോഗിക്കണമെന്ന് ഡോക്ടര്‍ ആവശ്യപ്പെട്ടെങ്കിലും അധികൃതര്‍ അതിനു തയ്യാറായില്ല. തുടര്‍ന്ന് ജോലി സമയം ഉച്ചക്ക് 1 മുതല്‍ 6 വരെയാക്കണമെന്നാവശ്യപ്പെട്ട് ഡോക്ടര്‍ കോടതിയെ സമീപിക്കുകയും കോടതിയില്‍ നിന്നും അനുകൂലമായ ഉത്തരവ് ഉണ്ടാകുകയും ചെയ്തു. 2020 മുതല്‍ കരാര്‍ അടിസ്ഥാനത്തില്‍ സേവനം ചെയ്തിരുന്ന ഡോക്ടര്‍ക്ക് കഴിഞ്ഞ വര്‍ഷങ്ങളില്‍ കരാര്‍ പുതുക്കി നല്‍കുകയായിരുന്നു പതിവ്. എന്നാല്‍ ഈ വര്‍ഷം കരാര്‍ പുതുക്കി നല്‍കാതെ സായാഹ്ന ഒ പി നിര്‍ത്തലാക്കുകയായിരുന്നു. ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റിന്റെ ധാര്‍ഷ്ട്യമാണ് ഇതിനു കാരണമെന്നും ഇത് പാവപെട്ട ജനങ്ങളോടുള്ള വെല്ലുവിളിയാണെന്നും കോണ്‍ഗ്രസ് ആരോപിച്ചു. ധര്‍ണ മണ്ഡലം പ്രസിഡന്റ് സാജു പാറേക്കാടന്‍ ഉദ്ഘാടനം ചെയ്തു. ബ്ലോക്ക് സെക്രട്ടറി എം.എന്‍.രമേശ് അധ്യക്ഷത വഹിച്ചു. ബ്ലോക്ക് വൈസ് പ്രസിഡന്റ് തോമസ് തത്തംപിള്ളി, പഞ്ചായത്തംഗം കെ.വൃന്ദകുമാരി, മഹിളാ കോണ്‍ഗ്രസ് ബ്ലോക്ക് പ്രസിഡന്റ് മോളി ജേക്കബ്, റൂറല്‍ ബാങ്ക് പ്രസിഡന്റ് ജോമി ജോണ്‍, യൂത്ത് കോണ്‍ഗ്രസ് നിയോജക മണ്ഡലം സെക്രട്ടറി എബിന് ജോണ്‍ , മണ്ഡല പ്രസിഡന്റ് ജസ്റ്റിന് ജോര്‍ജ്, വൈസ് പ്രസിഡന്റ് സി.എസ്.അജീഷ്, പോള്‍ പറമ്പി, എ.ജി.കൃഷ്ണകുമാര്‍ എന്നിവര്‍ പ്രസംഗിച്ചു.