എസ്എഇ ഇബാഹ മത്സരത്തില്‍ നേട്ടവുമായി ക്രൈസ്റ്റ് എന്‍ജിനീയറിംഗ് കോളജ്
ഇരിങ്ങാലക്കുട: ഓട്ടോമോട്ടീവ് മേഖലയിലെ ആഗോള കൂട്ടായ്മയായ സൊസൈറ്റി ഓഫ് ഓട്ടോമോട്ടീവ് എന്‍ജിനീയേഴ്സ് ദേശീയ തലത്തില്‍ സംഘടിപ്പിച്ച ഇ ബാഹ മത്സരത്തില്‍ മികവ് തെളിയിച്ച് ക്രൈസ്റ്റ് കോളജ് ഓഫ് എന്‍ജിനീയറിംഗ്. രാജ്യത്തെ മുന്‍ നിര യൂണിവേഴ്സിറ്റികളില്‍ നിന്നുള്ള ടീമുകള്‍ മാറ്റുരച്ച മത്സരത്തില്‍ ക്രൈസ്റ്റിലെ മെക്കാനിക്കല്‍, ഇലക്ട്രിക്കല്‍ വിഭാഗങ്ങള്‍ ചേര്‍ന്ന് നിര്‍മിച്ച ഇലക്ട്രിക് വാഹനമായ പ്രൗളര് ഓള് ഇന്ത്യ തലത്തില്‍ നാല്പത്തി ഏഴാം സ്ഥാനവും സംസ്ഥാന തലത്തില്‍ മൂന്നാം സ്ഥാനവും നേടിയത്. ഹൈദരാബാദില്‍ വച്ചായിരുന്നു അവസാന റൗണ്ട് മത്സരം.
മൂന്ന് ഘട്ടങ്ങളിലായി നടന്ന മത്സരത്തില്‍ ഓണ്‍ലൈനില്‍ നടന്ന ആദ്യ രണ്ട് ഘട്ടങ്ങളില്‍ മികച്ച പ്രകടനം കാഴ്ച വച്ചതിന്റെ അടിസ്ഥാനത്തിലാണ് അവസാന റൗണ്ടായ റേസിംഗിന് യോഗ്യത നേടിയത്. ആധുനിക ഡിസൈന്‍ സോഫ്റ്റ്വെയറുകളുടെ സഹായത്തോടെ ക്രൈസ്റ്റ് എന്‍ജിനീയറിംഗ് കോളജിലെ ഇലക്ട്രിക് വെഹിക്കിള്‍ ഡിസൈന്‍ ലാബില്‍ രൂപകല്‍പ്പന ചെയ്ത ഓഫ് റോഡ് വാഹനമായ പ്രൗളറിന് മണിക്കൂറില്‍ 60 കിമി വരെ വേഗത കൈവരിക്കാന്‍ കഴിയും. 120 എഎച്ച് ലിഥിയം ഫോസ്ഫേറ്റ് ബാറ്ററിയില്‍ പ്രവര്‍ത്തിക്കുന്ന 48 വാട്ട് പിഎംഡിസി മോട്ടോറാണ് വാഹനത്തില്‍ ഉപയോഗിച്ചിരിക്കുന്നത്. ഏഴര ലക്ഷം രൂപയാണ് നിര്‍മാണ ചെലവ്. എസ്എഇയുടെ ദക്ഷിണേന്ത്യയിലെ ഏറ്റവും മികച്ച ഫാക്കല്‍റ്റി കോ ഓര്‍ഡിനേറ്റര്‍മാരില്‍ ഒരാളായി തെരഞ്ഞെടുക്കപ്പെട്ട മെക്കാനിക്കല്‍ എന്‍ജിനീയറിംഗ് വിഭാഗം അസിസ്റ്റന്റ് പ്രഫസര്‍ ഡോണി ഡൊമിനിക്, ഇലക്ട്രിക്കല്‍ ആന്‍ഡ് ഇലക്ട്രോണിക്സ് വിഭാഗം മേധാവി ഡോ. എ.എന്‍. രവിശങ്കര്‍ എന്നിവരുടെ മാര്‍ഗ നിര്‍ദേശത്തില്‍ മുപ്പത് വിദ്യാര്‍ഥികളുടെ പത്ത് മാസം നീണ്ടു നിന്ന അധ്വാനമാണ് വിജയം കണ്ടത്. അഖില്‍ റാം, ജോയല്‍ ജോജു, വി.എ. അജ്മല്‍ എന്നീ വിദ്യാര്‍ഥികളായിരുന്നു ടീം ലീഡര്‍മാര്‍. ഓട്ടോമൊബൈല്‍ മേഖലയിലെ മുന്‍നിര കമ്പനികളിലെ ഡിസൈന്‍ വിഭാഗം മേധാവികളടങ്ങിയ ജഡ്ജിംഗ് പാനലാണ് വാഹനം വിലയിരുത്തിയത്. എക്സിക്യൂട്ടീവ് ഡയറക്ടര്‍ ഫാ. ജോണ്‍ പാലിയേക്കര, ജോയിന്റ് ഡയറക്ടര്‍മാരായ ഫാ. ജോയി പയ്യപ്പിള്ളി, ഫാ. മില്‍നര്‍ പോള്‍ വിതയത്തില്‍, പ്രിന്‍സിപ്പല്‍ ഡോ. സജീവ് ജോണ്‍, വൈസ് പ്രിന്‍സിപ്പല്‍ ഡോ. വി.ഡി. ജോണ്‍, അക്കാദമിക് ഡയറക്ടര്‍ ഡോ. മനോജ് ജോര്‍ജ്, മെക്കാനിക്കല്‍ വിഭാഗം മേധാവി ഡോ. എം.ടി. സിജോ എ്നിവര്‍ വിജയികളെ അഭിനന്ദിച്ചു.