കൂടല്‍മാണിക്യം തിരുവുത്സവം; ബഹുനില പന്തലും ദീപാലങ്കാരങ്ങളും സമര്‍പ്പിച്ചു; നിര്‍മ്മിച്ചിരിക്കുന്നത് നൂറ് അടി ഉയരമുള്ള അഞ്ച് നിലപന്തല്‍
ഇരിങ്ങാലക്കുട: കൂടല്‍മാണിക്യക്ഷേത്രത്തിലെ തിരുവുത്സവത്തിന് പകിട്ടേകാന്‍ ഈ വര്‍ഷവും ബഹുനില പന്തലും ദീപാലാങ്കാരങ്ങളും. കുട്ടംകുളം ജംഗ്ഷനില്‍ നൂറ് അടി ഉയരമുള്ള അഞ്ച് നിലകളില്‍ ആയിട്ടുള്ള പന്തലാണ് ഇത്തവണ ഉയര്‍ന്നിരിക്കുന്നത്. കുട്ടംകുളം ജംഗ്ഷന് മുതല്‍ എക്സിബിഷന് കവാടം വരെ ഇരുപത് അടി ഉയരത്തിലും എട്ട് അടി വീതിയിലുമുള്ള ദേവീദേവന്മാരുടെ കട്ടൗട്ടുകളും ഇത്തവണത്തെ തിരുവുത്സവത്തിന്റെ പ്രത്യേകതയാണ്. ധനകാര്യ സ്ഥാപനമായ ഐസിഎല്‍ ഗ്രൂപ്പിന്റെ സ്പോണ്സര്ഷിപ്പിലാണ് ഇത്തവണയും ദീപാലങ്കാരങ്ങളും പന്തലും നിര്‍മ്മിച്ചിരിക്കുന്നത്. ദേവസ്വം ഓഫീസില്‍ ദേവസ്വം ചെയര്മാന് അഡ്വ. സി.കെ. ഗോപിയുടെ അധ്യക്ഷതയില്‍ കിഴക്കേ നടയില്‍ നടന്ന ചടങ്ങില്‍ ഉന്നത വിദ്യാഭ്യാസ വകുപ്പ് മന്ത്രി ഡോ. ആര്. ബിന്ദു അലങ്കാര പന്തലിന്റെയും ദീപാലങ്കാരങ്ങളുടെയും സ്വിച്ച് ഓണ്‍ നിര്‍വഹിച്ചു. നഗരസഭ ചെയര്‍പേഴ്സണ്‍ സുജ സഞ്ജീവ്കുമാര്‍, ഐസിഎല്‍ ഫിന്‍കോര്‍പ്പ് എംഡി കെ.ജി. അനില്‍കുമാര്‍, കെഎസ്ഇ എംഡി എം.പി. ജാക്സന്, പ്രഫ. സാവിത്രി ലക്ഷ്മണന്, സിഐ മനോജ് ഗോപി, അഡ്മിനിസ്ട്രേറ്റര്‍ കെ. ഉഷാനന്ദിനി, ദേവസ്വം ഭരണസമിതി അംഗങ്ങളായ രാഘവന് മുളങ്ങാടന്‍, വി.സി. പ്രഭാകരന്, മുരളി ഹരിതം, അഡ്വ. കെ.ജി. അജയ്കുമാര്‍, കെ. ബിന്ദു, മുന്‍ ദേവസ്വം ചെയര്മാന് പ്രദീപ് മേനോന് തുടങ്ങിയവര്‍ പങ്കെടുത്തു.
കളിവിളക്ക് ഇന്നു(23.04.2024) തെളിയും; സംഗമപുരിയിലെ കഥകളി പ്രേമികള്‍ക്ക് ഇനി ഉറക്കമില്ലാരാവുകള്‍
ഇരിങ്ങാലക്കുട: കൂടല്‍മാണിക്യ ക്ഷേത്രോത്സവത്തിന്റെ ഭാഗമായി സ്പെഷ്യല്‍ പന്തലില്‍ ഏഴുദിവസത്തെ കഥകളിക്ക് ഇന്ന് തുടക്കമാവും സംഗമപുരിയിലെത്തുന്ന കഥകളി പ്രേമികള്‍ക്ക് ഇനി ഉറക്കമില്ലാരാവുകളാണ്. കൂടല്‍മാണിക്യ ക്ഷേത്രോത്സവം കഥകളി പ്രമികളുടെ ഉത്സവം കൂടിയാണ്. ഇനിയുള്ള ഏഴു രാത്രികള്‍ പ്രഗത്ഭരായ കലാകാരന്മാര് അണിനിരക്കുന്ന കഥകളിയാണു അരങ്ങേറുന്നത്. വിളക്കിനുശേഷം രാത്രി 12 മുതല്‍ പുലര്‍ച്ചെവരെ നീളുന്ന ഏഴുദിവസത്തെ കഥകളി കൂടല്‍മാണിക്യം ക്ഷേത്രോത്സവത്തിന്റെ പ്രത്യേകതയാണ്. ദേവയാനി ചരിതം, അംബരീക്ഷ ചരിതം, കാലകേയ വധം, ബാലി വധം, പൂതനാമോക്ഷം, ദുര്യോധന വധം, മേളപ്പദം നളചരിതം നാലാം ദിവസം, സന്താനഗോപാലം, കിരാതം, ശ്രീരാമ പട്ടാഭിഷേകം എന്നിവയാണു ഈ വര്‍ഷം അവതരിപ്പിക്കുന്ന കഥകള്‍. ആദ്യത്തെ ആറുദിവസം കഥ ഏതായാലും വലിയവിളക്കു ദിവസം ശ്രീരാമപട്ടാഭിഷേകം അവതരിപ്പിക്കുന്നത് നൂറിലധികം വര്‍ഷമായി നിലനില്‍ക്കുന്ന നിഷ്ഠയാണ്. കലാനിലയം രാഘവന്, ഡോ. സദനം കൃഷ്ണന്‍കുട്ടി, കോട്ടയ്ക്കല്‍ നന്ദകുമാര്‍, കലാമണ്ഡലം ബാലസുബ്രഹ്മണ്യം, കലാനിലയം ബാലകൃഷ്ണന്, കലാനിലയം ഗോപി, സദനം മണികണ്ഠന്, സദനം ഭാസി, കലാനിലയം രാജശേഖര പണിക്കര്‍, കലാനിലയം മധുമോഹന്, കോട്ടയ്ക്കല്‍ കേശവന് കുണ്ടലായര്‍, പീശാപ്പിള്ളി രാജീവ്, തൃപ്പയ്യ പീതാംബരന്, കലാമണ്ഡലം ഷണ്മുഖദാസ്, ഡോ. കെ.ആര്. രാജീവ്, പാടൂര്‍ ദാമോദരന്‍, കലാനിലയം വിനോദ്, കലാനിലയം അനില്‍കുമാര്‍, കലാമണ്ഡലം ഹരി ആര്. നായര്‍, ഇ.കെ. വിനോദ് വരിയര്‍, കലാനിയം അരവിന്ദന്, കലാനിലയം മനോജ്, കലാനിലയം സുന്ദരന്‍, വെള്ളിനേഴി ഹരിദാസ്, കലാമണ്ഡലം മനോജ്, ജയന്തി ദേവരാജ്, കരുണാകര കുറുപ്പ്, ഹരികൃഷ്ണന് എന്നിവരാണ് വേഷമിടുന്നത്.
സംഗമപുരിക്ക് ആവേശം പകര്‍ന്ന് കൊടിപ്പുറത്ത് വിളക്ക് ഭക്തിസാന്ദ്രമായി
ഇരിങ്ങാലക്കുട: സംഗമപുരിക്ക് ആവേശം പകര്‍ന്ന് കൊടിപ്പുറത്ത് വിളക്ക് ഭക്തിസാന്ദ്രമായി. കൂടല്‍മാണിക്യം ക്ഷേത്രത്തിലെ ഉത്സവത്തിന് തുടക്കം കുറിച്ചുകൊണ്ട് ശ്രീകോവിലില്‍നിന്നും ഭഗവാന് ആദ്യമായി പുറത്തേക്ക് എഴുന്നള്ളുന്ന കൊടിപ്പുറത്ത് വിളക്ക് ദര്‍ശിക്കാന്‍ ആയിരങ്ങളാണു എത്തിച്ചേര്‍ന്നത്. വൈകീട്ട് വിശേഷാല്‍ പൂജകള്‍ക്കുശേഷം ദേവനെ ശ്രീകോവിലില്‍നിന്നും തിടമ്പിലേക്ക് ആവാഹിച്ച് പാണികൊട്ടി പുറത്തേക്ക് എഴുന്നള്ളിച്ചു. തുടര്‍ന്ന് പല്ലാട്ട് ബ്രഹ്മദത്തന് പുറത്താണു സംഗമേശ്വര ഭഗവാന് പുറത്തേക്കെഴുന്നള്ളിയത്. ഈശ്വര ചൈതന്യത്തെ തിടമ്പിലാവാഹിച്ച് ഭഗവാന് പുറത്തേക്കെഴുന്നള്ളിയപ്പോള് ക്ഷേത്രാങ്കണത്തില്‍ നിറഞ്ഞുനിന്ന ആയിരകണക്കിനു ഭക്തരുടെ കണ്ഠങ്ങളില്‍ സംഗമേശ്വരമന്ത്രങ്ങളുയര്ന്നു. ദേവന് ആചാരപ്രകാരമുള്ള പ്രദക്ഷിണം പൂര്‍ത്തിയാക്കി. വിളക്കാചാരം, കേളി, പറ്റ് തുങ്ങിയവക്കുശേഷം പ്രദക്ഷിണം പൂര്‍ത്തിയാക്കി കിഴക്കെ നടപ്പുരയിലെത്തിയപ്പോഴേക്കും സ്വര്‍ണത്തിലും വെള്ളിയിലും നെറ്റിപ്പട്ടങ്ങള്‍ അണിഞ്ഞ് മറ്റു ഗജവീരന്മാര് വിളക്കെഴുന്നള്ളിപ്പിന് സജ്ജരായികഴിഞ്ഞിരുന്നു. 17 ആനകളാണ് വിളക്കെഴുന്നള്ളിപ്പില്‍ അണിനിരന്നത്. പഞ്ചാരി പടിഞ്ഞാറെനടക്കല് അവസാനിച്ച് തുടര്‍ന്ന് ചെമ്പടകൊട്ടി കിഴക്കേനടക്കല് കലാശിച്ച് മൂന്നു പ്രദക്ഷിണം കൂടി പൂര്‍ത്തിയാക്കി അകത്തേക്കെഴുന്നള്ളിക്കുന്നതോടെ കൊടിപ്പുറത്ത് വിളക്കാഘോഷത്തിനു സമാപ്തിയായി.
വിളക്കെഴുന്നള്ളിപ്പിന്റെ പഞ്ചാരി മേളത്തിന് കലാമണ്ഡലം ശിവദാസ് പ്രമാണം വഹിച്ചു. ക്ഷേത്രകലകളുടെ സംഗമഭൂമിയാക്കിക്കൊണ്ട് ഇരിങ്ങാലക്കുട ഉത്സവത്തെ വര്ണശബളമാക്കുവാന് കൊടിപ്പുറത്ത് വിളക്കാഘോഷ ദിവസം തന്നെ വിവിധ ക്ഷേത്ര കലാപരിപാടികള്‍ അരങ്ങേറിത്തുടങ്ങി. അമ്മന്നൂര്‍ ചാക്യാന്മാര്ക്ക് അടിയന്തരാവകാശമുള്ള കൂടല്‍മാണിക്യം കൂത്തമ്പലത്തില്‍ ഉത്സവത്തിനു ഒന്‍പതു ദിവസവും കൂത്തും നങ്ങ്യാര്‍കൂത്തും അരങ്ങേറും. ക്ഷേത്രത്തിനു കിഴക്കേ നടപ്പുരയില്‍ സന്ധ്യക്ക് നാദസ്വര പ്രകടനവും കൂത്തമ്പലത്തിനു വടക്ക് സന്ധ്യാവേലപ്പന്തലില്‍ മദ്ദളപ്പറ്റ്, കുഴല്‍പ്പറ്റ്, കൊമ്പുപറ്റ് എന്നിവയും അര്ങേറും. പടിഞ്ഞാറേ നടപ്പുരയില്‍ വൈകീട്ട് ആറിന് വടക്ക് കിഴക്ക് ഭാഗത്തായി പാഠകം ആരംഭിക്കും. കത്തിച്ചുവെച്ച മാടമ്പിവിളക്കിനു മുമ്പില്‍ വന്ന് കിരീടമണിഞ്ഞ് പുരാണകഥ ഭക്തിനിര്ഭരമായിട്ടാണ് പാഠകത്തില്‍ അവതരിപ്പിക്കപ്പെടുന്നത്. മാതൃക്കല്‍ ബലിക്ക് വളരെ മുമ്പായി പടിഞ്ഞാറേ നടപ്പുരയില്‍ കുറത്തിയാട്ടം അരങ്ങേറും. ശിവപാര്‍വതിമാര്‍ കുറവനും കുറത്തിയുമായി മാറുന്ന കഥയാണ് കുറത്തിയാട്ടത്തില്‍ അവതരിപ്പിക്കുന്നത്. പാഠകവും കുറത്തിയാട്ടവും ഒന്‍പത് ദിനങ്ങളിലും ഉണ്ടാകും. ദിവസവും കിഴക്കേ നടപ്പുരയില്‍ കേരള ഫോക്ലോര് അക്കാദമി അവാര്‍ഡ് ജേതാവ് രാജീവ് വെങ്കിടങ്ങ് അവതരിപ്പിക്കുന്ന് ഓട്ടം തുള്ളല്‍ അരങ്ങേറും.
രണ്ടാം ഉത്സവം (ഏപ്രില്‍ 23)
കൂടല്‍മാണിക്യത്തില്‍ ഇന്ന്
രാവിലെ 8.30 മുതല്‍ ശീവേലി. രാത്രി 9.30 മുതല്‍ വിളക്ക്. പഞ്ചാരിമേളത്തിന് കലാനിലയം ഉദയന്‍ നമ്പൂതിി പ്രമാണം വഹിക്കും.
(സ്പെഷല്‍ പന്തലില്‍)
ഉച്ചതിരിഞ്ഞ് ഒരുമണി മുതല്‍ 4.15 വരെ തിരുവാതിരക്കളി, 4.15 മുതല്‍ 4.45 വരെ പനങ്ങാട് ബിന്ദു ആര്‍ട്സ് ഭവന്റെ ഭരതനാട്യം, 4.45 മുതല്‍ 5.30 വരെ ആറാട്ടുപുഴ അതിഥി എം. ചന്ദ്രന്റെ ഓട്ടന്തുള്ളല്, 5.30 മുതല്‍ 6.30 വരെ കല്ലേറ്റുംകര സരസ്വതി കലാക്ഷേത്രത്തിന്റെ ഭക്തിഗാനമേള, 6.30 മുതല്‍ 7.15 വരെ കുട്ടനെല്ലൂര്‍ മുല്ലപ്പിള്ളി ഇല്ലത്തെ ഡോ. ഉമാദേവിയും ഊര്‍മിളയും അവതരിപ്പിക്കുന്ന ഭരതനാട്യം, നൃത്താര്‍ച്ചന, രാത്രി 9.15 മുതല്‍ 10.15 വരെ ശരണ്യ മുകേഷ്, അഖില സി. നായര്‍, രഞ്ജില രാധാകൃഷ്ണന്, അരുന്ധതി എസ്. നായരുടെ ഭരതനാട്യം.
(സംഗമം വേദിയില്‍)
ഉച്ചതിരിഞ്ഞ് 1.30 മുതല്‍ 3.30 വരെ തിരുവാതിരക്കളി, 3.30 മുതല്‍ 4.30 വരെ ഇരിങ്ങാലക്കുട സംഗമേശ്വര നൃത്തവിദ്യാലയം കവിത പരമേശ്വരന്റെ നൃത്തനൃത്യങ്ങള്‍, 4.30 മുതല്‍ 5.30 വരെ ബംഗളൂരു രാധിക രജികുമാറിന്റെ ഭരതനാട്യം, 5.30 മുതല്‍ 6.15 വരെ രാജീവ് നമ്പീശന്റെ സോപാനസംഗീതം, 6.15 മുതല്‍ രാത്രി 8.15 വരെ മൂഴിക്കുളം വിവേകിന്റെ സംഗീതക്കച്ചേരി, 8.15 മുതല്‍ ഒമ്പത് വരെ നിഖിത നടരാജന്റെ ഹിന്ദുസ്ഥാനി സംഗീതക്കച്ചേരി, ഒമ്പത് മുതല്‍ 10 വരെ കോടാലി നാദബ്രഹമം സ്കൂള്‍ ഓഫ് മ്യൂസിക് ആന്‍ഡ് ഡാന്‍സിന്റെ കര്‍ണാടക സംഗീത കീര്‍ത്തനാര്‍ച്ചന, രാത്രി 12 ന് ഉണ്ണായിവാര്യര്‍ സ്മാരക കലാനിലയത്തിന്റെ കഥകളി-സംഗമേശ മാഹാത്മ്യം, കുചേലവൃത്തം