അരങ്ങ് 2024 അയല്‍ക്കൂട്ട കലോത്സവം; ഇരിങ്ങാലക്കുട സിഡിഎസ് രണ്ട് ജേതാക്കള്‍
ഇരിങ്ങാലക്കുട: താള മേള വാദ്യഘോഷങ്ങളുമായി ഇരിങ്ങാലക്കുട ടൗണ്‍ഹാളില്‍ തിരി തെളിഞ്ഞ കുടുംബശ്രീ കലോത്സവത്തിന് സമാപനം. ഇരിങ്ങാലക്കുട സിഡിഎസ് രണ്ട് 96 പോയിന്റുമായി ഒന്നാം സ്ഥാനം നേടി. 74 പോയിന്റുമായി കാട്ടൂര്‍ സിഡിഎസ് രണ്ടാം സ്ഥാനവും, 57 പോയിന്റുമായി കാറളം സിഡിഎസ് മൂന്നാം സ്ഥാനവും നേടി. ഇരിങ്ങാലക്കുട വെള്ളാങ്ങല്ലൂര്‍ ബ്ലോക്ക് ക്ലസ്റ്റര്‍ തല കലോത്സവത്തില്‍ പടിയൂര്‍, പൂമംഗലം, പുത്തന്‍ചിറ, വെള്ളാങ്ങല്ലൂര്‍, വേളൂക്കര, ഇരിങ്ങാലക്കുട 1, കാറളം, കാട്ടൂര്‍, മുരിയാട്, പറപ്പൂക്കര, ഇരിങ്ങാലക്കുട രണ്ട് എന്ന കുടുംബശ്രീ സിഡിഎസുകളുടെ വര്‍ണ്ണാഭമായ പ്രകടനം കാഴ്ചവച്ചു.
ബ്ലോക്ക് ക്ലസ്റ്റര്‍ തല മത്സരങ്ങളില്‍ ഒന്നാം സ്ഥാനം ലഭിച്ച വ്യക്തികള്‍ ജില്ലാ തല മത്സരങ്ങളിലേക്ക് യോഗ്യത നേടി. മുഖ്യാതിഥിയായിരുന്ന ജില്ല മിഷന് കോര്‍ഡിനേറ്റര്‍ ഡോ. എ. കവിത ഓവര്‍ഓള്‍ ട്രോഫി നല്കി. കുടുംബശ്രീ സിഡിഎസ് ഒന്ന് ചെയര്‍പേഴ്സണ്‍ പുഷ്പ്പാവതി അധ്യക്ഷത വഹിച്ചു. അസി. ജില്ലാ മിഷന് കോര്‍ഡിനേറ്റര്‍ സിജു കുമാര്‍, ഇരിങ്ങാലക്കുട മുനിസിപ്പല്‍ സെക്രട്ടറി എം. ഷാജിക്, സജിത (മെമ്പര്‍ സെക്രട്ടറി ഇരിങ്ങാലക്കുട സിഡിഎസ് ഒന്ന്), സി.എന്‍. ലളിത (മെമ്പര്‍ സെക്രട്ടറി ഇരിങ്ങാലക്കുട സിഡിഎസ് രണ്ട്), ജില്ലാ മിഷന് പ്രോഗ്രാം മാനേജര്‍ റെജി തോമസ് എന്നിവര്‍ സംസാരിച്ചു.