മഴ കനക്കും മുന്‍പേ കലുങ്ക് നിര്‍മിച്ച് പൊതുമരാമത്ത്
ചേലൂര്‍: ചേലൂര്‍ പള്ളിക്ക് സമീപം അപകടാവസ്ഥയില്‍ നിന്നിരുന്ന കലുങ്ക് മഴ കനക്കും മുന്‍പേ പൊളിച്ചുപണിത് പൊതുമരാമത്ത് വകുപ്പ്. ഇരിങ്ങാലക്കുട- മൂന്നുപീടിക സംസ്ഥാനപാതയില്‍ ചേലൂര്‍ പള്ളിക്ക് സമീപമുള്ള കലുങ്കാണ് പൊതുമരാമത്ത് വകുപ്പ് സമയബന്ധിതമായി പൂര്‍ത്തിയാക്കിയത്. 25 ലക്ഷം രൂപ ചെലവഴിച്ച് അഞ്ചുമീറ്റര്‍ വീതിയിലുണ്ടായിരുന്ന പാലമാണ് പൊളിച്ച് ഒമ്പത് മീറ്ററില്‍ വീതി കൂട്ടി പുനര്‍നിര്‍മിച്ചത്. കാലപ്പഴക്കം കൊണ്ട് സംരക്ഷണ ഭിത്തിയടക്കം തകര്‍ന്ന് അപകടാവസ്ഥയിലായ പാലം പുനര്‍നിര്‍മിക്കണമെന്ന് എടതിരിഞ്ഞി പാപ്പാത്തുമുറി റെസിഡന്റ്സ് അസോസിയേഷന് വര്‍ഷങ്ങളായി ആവശ്യപ്പെട്ടിരുന്നു. തകര്‍ന്ന് വീഴാറായ പാലം എത്രയും വേഗം പുനര്‍നിര്‍മിക്കണമെന്നാവശ്യപ്പെട്ട് നവകേരള സദസ്സില്‍ മുഖ്യമന്ത്രിക്ക് പരാതിയും നല്‍കിയിരുന്നു. മന്ത്രി ആര്. ബിന്ദുവും വിഷയത്തില്‍ ഇടപെട്ടിരുന്നു. നിര്‍മാണസമയത്ത് വാഹനങ്ങള്‍ കടന്നുപോകുന്നതിനായി കലുങ്കിന്റെ തെക്കുഭാഗത്തായി താത്കാലികമായി നിര്‍മിച്ച റോഡ് പൊളിച്ചുനീക്കി തോട് വൃത്തിയാക്കലും പൂത്തീകരിച്ചു.