ക്രൈസ്റ്റ് കോളജ് ഗവേഷകസംഘം അപൂര്‍വ ഇനം കുഴിയാനത്തുമ്പികളെ കണ്ടെത്തി
ഇരിങ്ങാലക്കുട: ക്രൈസ്റ്റ് കോളജ് ഗവേഷകസംഘം നടത്തിയ പഠനത്തില്‍ ഇന്ത്യ, തായ്ലാന്ഡ്, വിയറ്റ്നാം എന്നീ രാജ്യങ്ങളില്‍ നിന്നും അപൂര്‍വ ഇനം കുഴിയാനത്തുമ്പികളെ കണ്ടെത്തി. ‘സ്യൂഡോഫോര്മിക്കുലോ നൂബിക്കുലാ’, ‘ക്രിയോലിയോണ് സിന്നമോമിയസ്’ എന്നീ അപൂര്‍വ ഇനം കുഴിയാനത്തുമ്പികളെ ക്രൈസ്റ്റ് കോളജിലെ ഷഡ്പദ എന്റമോളജി റിസര്‍ച്ച് ലാബ് ഗവേഷകന് ടി.ബി. സൂര്യനാരായണന്, എസ്ഇആര്‍എല്‍ മേധാവി ഡോ. സി. ബിജോയ്, ഹംഗേറിയന്‍ ശാസ്ത്രജ്ഞന് ലെവിന്‍ഡി എബ്രഹാം എന്നിവരാണ് കണ്ടെത്തിയത്.
സ്യൂഡോഫോര്മിക്കുലോ നൂബിക്കുലാ എന്ന കുഴിയാനത്തുമ്പിയെ ഇന്ത്യയില്‍ കേരളത്തിലെ തൃശൂര്‍ ജില്ലയിലെ മുളംകുന്നത്തുകാവ്, കലശമല, ഇരിങ്ങാലക്കുട പ്രദേശങ്ങളില്‍ നിന്നും, മലപ്പുറത്തെ എളമരം, അരൂര്‍ എന്നിവിടങ്ങളില്‍ നിന്നും കാസര്‍ഗോഡ് ജില്ലയിലെ പെരിയയില്‍ നിന്നും തായ്ലാന്‍ഡിലെ കണ്ടെത്തല്‍ വിയാങ് ഹെംങ്ങ് ജില്ലയിലെ ചിയാങ്ങ്ഡ്വാ പ്രദേശത്ത് നിന്നുമാണ് കണ്ടെത്തിയത്. ക്രിയോലിയോണ് സിന്നമോമിയസ് എന്നയിനം കുഴിയാനത്തുമ്പിയെ ഇന്ത്യയില്‍ കേരളത്തിലെ മലപ്പുറം ജില്ലയിലെ വാഴയൂര്‍, കണ്ണൂര്‍ ജില്ലയിലെ മാടായിപ്പാറ, തൃശൂര്‍ ജില്ലയിലെ കലശമല എന്നിവിടങ്ങളില്‍ നിന്നും വിയറ്റ്നാമിലെ ഫുക്കോക്ക് ദ്വീപില്‍ നിന്നുമാണ് കണ്ടെത്തിയത്.
സ്യൂഡോഫോര്മിക്കുലോ നൂബിക്കുലാ എന്ന ജീവിയുടെ സാന്നിധ്യവും ഇതിന്റെ പൂര്‍ണ വിവരണവും അടങ്ങിയ വിവരങ്ങള്‍ അന്താരാഷ്ട്ര ശാസ്ത്ര ജേണല്‍ ആയ ജേണല്‍ ഓഫ് ഇന്‍സെക്റ്റ് ബയോഡൈവേഴ്സിറ്റിയിലാണ് പ്രസിദ്ധീകരിച്ചിരിക്കുന്നത്. ക്രിയോലിയോണ് സിന്നമോമിയസ് എന്ന ജീവിയുടെ സാന്നിധ്യവും, ഇതിന്റെ പൂര്‍ണ വിവരണവും അടങ്ങിയ വിവരങ്ങള്‍ അന്താരാഷ്ട്ര ശാസ്ത്ര ജേണല്‍ ആയ ഓറിയന്റല്‍ ഇന്‍സെക്ട്സ് ജേണലിലുമാണ് പ്രസിദ്ധീകരിച്ചിരിക്കുന്നത്.
സാധാരണ കണ്ടുവരുന്ന സൂചി തുമ്പികളുമായി കുഴിയാനത്തുമ്പിയെ തെറ്റിദ്ധരിക്കപ്പെടാറുണ്ട്. മുന്നോട്ടു നീണ്ടു നില്ക്കുന്ന സ്പര്‍ശനി ഉള്ളതാണ് ഇവ സാധാരണ കാണപ്പെടുന്ന തുമ്പികളില്‍ നിന്നും വ്യത്യസ്തപ്പെടാന്‍ ഉള്ള പ്രധാന കാരണം. മറ്റുള്ള കുഴിയാനതുമ്പികളില് നിന്നും വ്യത്യസ്തമായി അയഞ്ഞ മണ്ണില്‍ കുഴികള്‍ ഉണ്ടാക്കാതെ മണ്ണിന്റെ പ്രതലത്തില്‍ ആണ് ഇവരുടെ ലാര്‍വകള്‍ കാണപ്പെടുന്നത്.
ഇന്ത്യയില്‍ നിന്നും ആദ്യമായാണ് സ്യൂഡോഫോര്മിക്കുലോ ജീനസിനെ റിപ്പോര്‍ട്ട് ചെയ്യുന്നത്. കേരളത്തില്‍ നിന്നും കണ്ടെത്തുന്ന ഏഴാമത്തെ ഇനം കുഴിയാനതുമ്പിയും, ഇന്ത്യയില്‍ നിന്നും ഉള്ള 120 ാമത്തെ ഇനം കുഴിയാനതുമ്പിയുയുമാണ് ഇത്. കൗണ്‍സില്‍ ഫോര്‍ സയന്തിഫിക്ക് ആന്‍ഡ് ഇന്‍ഡസ്ട്രിയല്‍ റിസര്‍ച്ച് ഗവേഷണ ഗ്രാന്റ് ഉപയോഗിച്ചാണ് ഈ പഠനം നടത്തിയത്. ക്രൈസ്റ്റ് കോളജിലെ ഷഡ്പദ എന്റമോളജി ഗവേഷണ കേന്ദ്രത്തില്‍ (എസ്ഇആര്‍എല്‍) ഇത്തരം ജീവികളുടെ ഗവേഷണത്തിനായി പ്രത്യേക ഊന്നല്‍ നല്‍കുന്നുണ്ട്.