മന്ത്രി ഡോ. ആര്. ബിന്ദുവിന്റെ ഓഫീസിലേക്ക് എബിവിപി മാര്‍ച്ചില്‍ സംഘര്‍ഷം
ഇരിങ്ങാലക്കുട: ഉന്നത വിദ്യാഭ്യാസ മേഖലയെ തകര്‍ക്കുന്ന സര്‍ക്കാര്‍ നയങ്ങള്‍ക്കെതിരേ എബിവിപി പ്രവര്‍ത്തകര്‍ മന്ത്രി ഡോ. ആര്. ബിന്ദുവിന്റെ ഓഫീസിലേക്ക് നടത്തിയ മാര്‍ച്ചില്‍ സംഘര്‍ഷം. സര്‍വകലാശാലകളിലെ പണം ദുരുപയോഗം ചെയ്യുന്നത് അവസാനിപ്പിക്കുക, സര്‍വകലാശാലകളിലെ അന്യായ ഫീസ് വര്‍ധന അവസാനിപ്പിക്കുക, നാലുവര്‍ഷബിരുദം കുറ്റമറ്റ രീതിയില്‍ നടപ്പിലാക്കുക, സര്‍ക്കാര്‍ കോളജില്‍ സ്ഥിരം പ്രിന്‍സിപ്പല്‍മാരെ നിയമിക്കുക, വിദേശ വിദ്യാര്‍ഥി റിക്രൂട്ട്മെന്റ് ഏജന്‍സികളെ നിയന്ത്രിക്കുക തുടങ്ങിയ ആവശ്യങ്ങള്‍ ഉന്നയിച്ചാണ് മാര്‍ച്ച് നടത്തിയത്.
പ്രതിഷേധ മാര്‍ച്ച് ബോയ്സ് ഹൈസ്കൂളിന്റെ മുന്നില്‍ നിന്നാണ് ആരംഭിച്ചത്. മാര്‍ച്ച് തടയാന്‍ ആല്‍ത്തറ പരിസരത്ത് ഡിവൈഎസ്പി എസ്. സുരേഷിന്റെ നേത്യത്വത്തില്‍ വന്‍ പോലീസ് സംഘം ബാരിക്കേഡുകള്‍ ഒരുക്കി തയ്യാറായി നിന്നിരുന്നു. ബാരിക്കേഡുകള്‍ക്ക് അടുത്തേക്ക് ഇരച്ച് എത്തിയ വിദ്യാര്‍ഥികള്‍ സര്‍ക്കാരിനും മന്ത്രിക്കുമെതിരെ മുദ്രാവാക്യങ്ങള്‍ മുഴക്കി. തുടര്‍ന്ന് പ്രവര്‍ത്തകര്‍ റോഡില്‍ കുത്തിയിരുന്നു. എബിവിപി സംസ്ഥാന സെക്രട്ടറി ഇ.യു. ഈശ്വര്‍ പ്രസാദ് യോഗം ഉദ്ഘാടനം ചെയ്തു.
യോഗം അവസാനിച്ച അടുത്ത നിമിഷത്തില്‍ തന്നെ വിദ്യാര്‍ഥികള്‍ വീണ്ടും ബാരിക്കേഡുകള്‍ തള്ളി നീക്കാനും മുകളില്‍ കയറാനും ശ്രമിച്ചു. തുടര്‍ന്ന് ഗതാഗതം തടസപ്പെടുത്തി കൊണ്ടുള്ള സമരം അവസാനിപ്പിക്കാന്‍ പോലീസ് ആവശ്യപ്പെട്ടു. വിദ്യാര്‍ഥികള്‍ സമരം തുടര്‍ന്നതോടെ പെണ്‍കുട്ടികള്‍ അടക്കമുള്ള എബിവിപി പ്രവര്‍ത്തകരെ പോലീസ് ബലമായി അറസ്റ്റ് ചെയ്ത് നീക്കി. വിദ്യാര്‍ഥികള്‍ ചെറുത്തതോടെ പെണ്‍കുട്ടികള്‍ അടക്കമുള്ളവരെ റോഡിലൂടെ വലിച്ചിഴച്ച് ജീപ്പിലും തുടര്‍ന്ന് എത്തിയ വാനിലും കയറ്റുകയായിരുന്നു. വാനിലും സമരക്കാര്‍ പ്രതിഷേധ മുദ്രാവാക്യങ്ങള്‍ തുടര്‍ന്നു.
സമര പരിപാടികള്‍ അവസാനിച്ച് മുഴുവന്‍ പ്രവര്‍ത്തകരും പിരിഞ്ഞ് പോയതിന് ശേഷമാണ് പ്രധാന റോഡിലൂടെയുള്ള ഗതാഗതം പുനരാരംഭിച്ചത്. കോടതി വിധി ആധാരമാക്കി ഗവര്‍ണര്‍ അയോഗ്യരാക്കിയ വിസി മാര്‍ക്ക് കേസ് വാദിക്കാന്‍ 1.13 കോടി സര്‍വകലാശാല ഫണ്ടില്‍ നിന്ന് അനുവദിച്ചത് വിദ്യാര്‍ഥി വിരുദ്ധനയമാണെന്നും വിദ്യാഭ്യാസമേഖലയെ തച്ചുടക്കുന്ന പ്രവര്‍ത്തനങ്ങള്‍ക്ക് നേതൃത്വം നല്കുന്ന ഉന്നത വിദ്യാഭ്യാസ മന്ത്രി ആര്. ബിന്ദുവിനെതിരെയും സര്ക്കാരിനെത്തനെതിരെയും ശക്തമായ പ്രതിഷേധം സംഘടിപ്പിക്കുമെന്ന് സംസ്ഥാന സെക്രട്ടറി ഈശ്വര്‍ പ്രസാദ് ഉദ്ഘാടന പ്രസംഗത്തില്‍ പറഞ്ഞു. സംസ്ഥാന ജോയിന്റ് സെക്രട്ടറി എസ്. അക്ഷയ് അധ്യക്ഷനായിരുന്നു. ജില്ലാ സെക്രട്ടറി കെ.എസ്. യദുകൃഷ്ണ, ദേശീയ നിര്‍വാഹക സമിതി അംഗം ശരത് സദന് എന്നിവര്‍ നേതൃത്വം നല്കി.