എടതിരിഞ്ഞി സ്മാര്‍ട്ട് വില്ലേജ് ഓഫീസ്; പഴയ കെട്ടിടം പൊളിച്ചുതുടങ്ങി
നൂറുവര്‍ഷത്തോളം പഴക്കം, ആദ്യകാലത്ത് അധികാരിയുടെ അംശകച്ചേരിയായിരുന്നുവെന്നാണ് പഴമക്കാര്‍
ഇരിങ്ങാലക്കുട: എടതിരിഞ്ഞി വില്ലേജ് ഓഫീസ് സ്മാര്ട്ടാകുന്നതിനായി പഴയ കെട്ടിടം പൊളിക്കുന്ന പ്രവൃത്തികള്‍ ആരംഭിച്ചു. പുതിയ കെട്ടിടം നിര്‍മിക്കുന്നതിന്റെ ഭാഗമായി കഴിഞ്ഞ ജനുവരിയില്‍ത്തന്നെ വില്ലേജ് ഓഫീസ് പ്രവര്‍ത്തനങ്ങള്‍ എടതിരിഞ്ഞി ചെട്ടിയാല്‍ സെന്ററിലേക്ക് മാറ്റിയെങ്കിലും ഇതുവരേയും പൊളിച്ചിരുന്നില്ല. തുടര്‍ന്ന് നിരവധി പ്രതിഷേധ സമരങ്ങളും അരങ്ങേറിയിരുന്നു. ഇരിങ്ങാലക്കുട മൂന്നുപീടിക സംസ്ഥാനപാതയില്‍ ചേലൂരിലാണ് എടതിരിഞ്ഞി വില്ലേജ് ഓഫീസ് കെട്ടിടം നില്‍ക്കുന്നത്.
നൂറുവര്‍ഷത്തോളം പഴക്കമുള്ളതാണ് എടത്തിരിഞ്ഞി വില്ലേജ് ഓഫീസ്. പഴയ ഓഫീസുകളിലൊന്നായ എടതിരിഞ്ഞി വില്ലേജ് ഓഫീസ് ആദ്യകാലത്ത് അധികാരിയുടെ അംശകച്ചേരിയായിരുന്നുവെന്നാണ് പഴമക്കാര്‍ പറയുന്നത്. കാലങ്ങളായി ഓടിട്ട പഴയ കെട്ടിടത്തില്‍ പ്രവര്‍ത്തിക്കുന്ന വില്ലേജ് ഓഫീസിന് പുതിയ കെട്ടിടം നിര്‍മിക്കാനും മറ്റ് സൗകര്യങ്ങളൊരുക്കുന്നതിനുമായി 50 ലക്ഷമാണ് സര്‍ക്കാര്‍ അനുവദിച്ചിരിക്കുന്നത്. പിഡബ്ല്യൂഡി കൊടുങ്ങല്ലൂര്‍ ബില്‍ഡിംഗ് വിഭാഗത്തിനാണ് നിര്‍മാണ ചുമതല. ജനുവരിയില്‍ത്തന്നെ പഴയ കെട്ടിടത്തില്‍നിന്ന് ചെട്ടിയാല്‍ സെന്ററിന് സമീപത്തുള്ള കെട്ടിടത്തിന്റെ ഒന്നാംനിലയിലേക്ക് വില്ലേജ് ഓഫീസ് പ്രവര്‍ത്തനങ്ങള്‍ മാറ്റിയിരുന്നു.
വാടകക്കെട്ടിടത്തിന്റെ മുകളിലത്തെ നിലയിലായതിനാല്‍ വില്ലേജ് ഓഫീസിലെത്താന്‍ മുതിര്‍ന്ന പൗരന്മാരും അംഗപരിമിതരും ബുദ്ധിമുട്ടുകയാണ്. പഴയ കെട്ടിടം എത്രയും വേഗം പൊളിച്ചുനീക്കി പുതിയ കെട്ടിടത്തിന്റെ നിര്‍മാണം പൂര്‍ത്തീകരിക്കണമെന്നായിരുന്നു നാട്ടുകാരുടെ ആവശ്യം. അതേസമയം കഴിഞ്ഞ ഡിസംബറില്‍ത്തന്നെ വില്ലേജ് ഓഫീസ് നിര്‍മാണത്തിനായി എംഎസ്ടിസി വഴി ലേലനടപടികള്‍ പൂര്‍ത്തിയാക്കിയിരുന്നെങ്കിലും കെട്ടിടത്തിന്റെ വൈദ്യുതി അടക്കമുള്ള സംവിധാനങ്ങള്‍ നീക്കാനും കരാറുകാരന് തുക കെട്ടിവയ്ക്കാനും വൈകിയതാണ് പൊളിക്കല്‍ തുടങ്ങാന്‍ താമസിച്ചത്.