ജനറല്‍ ആശുപത്രിയിലേക്ക് ഈ വര്‍ഷം നാല് കോടി രൂപയുടെ മരുന്നുകള്‍ ലഭിച്ചതായി ആശുപത്രി അധികൃതര്‍
ആശുപത്രിയിലെ ഡയാലിസിസ് കെട്ടിട നിര്‍മ്മാണവും അന്തിമഘട്ടത്തിലാണ്
ഇരിങ്ങാലക്കുട: ഇരിങ്ങാലക്കുട ജനറല്‍ ആശുപത്രിയിലേക്ക് ഈ വര്‍ഷം നാല് കോടി രൂപയുടെ മരുന്നുകള്‍ ലഭിച്ചതായി ആശുപത്രി അധികൃതര്‍. രണ്ട് കോടി രൂപയുടെ മരുന്നാണ് മുന്‍വര്‍ഷത്തില്‍ ലഭിച്ചത്. ആശുപത്രി വികസനസമിതി യോഗത്തില്‍ ആശുപത്രി സൂപ്രണ്ടാണ് ഇക്കാര്യം അറിയിച്ചത്. ആശുപത്രിയിലെ ഡയാലിസിസ് കെട്ടിട നിര്‍മ്മാണവും അന്തിമഘട്ടത്തിലാണ്. അതേ സമയം ഡയാലിസിസ് മെഷീനുകള്ക്കായിട്ടുള്ള ഫണ്ട് ശരിയായിട്ടില്ലെന്നും നാല് മെഷീനുകള്‍ സജ്ജീകരിക്കാന്‍ 60 ലക്ഷം രൂപ ചിലവ് വരുമെന്നും ആശുപത്രി സൂപ്രണ്ട് ഡോ. എം.ജി. ശിവദാസ് അറിയിച്ചു.
ഫണ്ടിനായി എംപിക്ക് അപേക്ഷ നല്കാന് യോഗം തീരുമാനിച്ചു. ആശുപത്രിയില്‍ എത്തുന്ന പൊതുജനങ്ങള്‍ക്കായി രണ്ട് ടോയ്ലറ്റുകള് കാന്റീന് പരിസരത്തായി സജ്ജീകരിച്ചിട്ടുണ്ട്. അഞ്ച് രൂപ ഈടാക്കി ടോയ്ലറ്റുകള് തുറന്ന് കൊടുക്കാന്‍ യോഗം തീരുമാനിച്ചു. ആശുപത്രി വികസന സമിതി നിയോഗിച്ചിട്ടുള്ള എണ്‍പതോളം കരാര്‍ ജീവനക്കാരുടെ ശമ്പളം വര്‍ധിപ്പിച്ച് നല്കാന് യോഗം തീരുമാനിച്ചു.
എംഎല്‍എ ഫണ്ട് ഉപയോഗിച്ച് ആശുപത്രിയിലേക്ക് വാങ്ങിക്കുന്ന ആംബുലന്‍സിന്റെ പര്‍ച്ചേയ്സ് ഓര്‍ഡര്‍ നല്കി കഴിഞ്ഞിട്ടുണ്ട്. നഗരസഭയില്‍ നിന്നുള്ള 31 ലക്ഷം രൂപ ഉപയോഗിച്ച് സ്ഥാപിക്കുന്ന അത്യാധുനിക മോര്‍ച്ചറിയുടെ നിര്‍മ്മാണ പ്രവര്‍ത്തനങ്ങളും അന്തിമ ഘട്ടത്തിലാണ്. ശുചിത്വമിഷന്റെ പദ്ധതിയില്‍ ഉള്‍പ്പെടുത്തി ആശുപത്രിയില്‍ മലിനജല സംസ്കരണ പ്ലാന്റ് സ്ഥാപിക്കാനും ആശുപത്രിയില്‍ പോലീസ് എയ്ഡ് പോസ്റ്റ് സ്ഥാപിക്കാനും നടപടികള്‍ സ്വീകരിക്കണമെന്ന് യോഗം ആവശ്യപ്പെട്ടു. പുതിയ ഒപി കെട്ടിടത്തിന്റെ നിര്‍മ്മാണം അടുത്ത വര്‍ഷം നവംബറില്‍ പൂര്‍ത്തിയാകുമെന്നാണ് പ്രതീക്ഷിക്കുന്നത്.
ആശുപത്രിയിലേക്കുള്ള സന്ദര്‍ശകരുടെ സമയം വൈകീട്ട് നാല് മുതല്‍ ആറ് വരെ എന്നുള്ളത് അഞ്ച് മുതല്‍ എഴ് വരെ എന്നാക്കാനും യോഗം തീരുമാനിച്ചു. യോഗത്തില്‍ നഗരസഭ ചെയര്‍പേഴ്സണ്‍ മേരിക്കുട്ടി ജോയ് അധ്യക്ഷത വഹിച്ചു. വൈസ്ചെയര്‍മാന്‍ ബൈജു കുറ്റിക്കാടന്‍, സ്റ്റാന്‍ഡിംഗ് കമ്മിറ്റി ചെയര്മാന്മാരായ അംബിക പള്ളിപ്പുറത്ത്, ജയ്സന് പാറേക്കാടന്‍, വാര്‍ഡ് കൗണ്‍സിലര്‍ പി.ടി. ജോര്‍ജ്ജ്, എംപിയുടെ പ്രതിനിധി ഷൈജു കുറ്റിക്കാട്ട്, വിവിധ രാഷ്ട്രീയ കക്ഷി പ്രതിനിധികായ വി.സി. വര്‍ഗീസ്, കെ.എ. റിയാസുദ്ദീന്‍, വി.സി. രമേഷ്, കെ.എസ്. പ്രസാദ്, നഴ്സിംഗ് സൂപ്രണ്ട് ഉമാദേവി തുടങ്ങിയവര്‍ പങ്കെടുത്തു.