തരിശുഭൂമിയായി കിടന്നിരുന്ന പാടശേഖരത്തിലെ കൃഷിയെന്ന സ്വപ്നം യാഥാർഥ്യമാകുകയാണ്
മൂർക്കനാട്: 25 വർഷത്തിലേറെ തരിശുഭൂമിയായി കിടന്നിരുന്ന പാടശേഖരത്തിലെ കൃഷിയെന്ന സ്വപ്നം യാഥാർഥ്യമാകുകയാണ്. നെൽകൃഷി ഇറക്കിയാലോ എന്ന് വാട്സ് ആപ് ഗ്രൂപ്പിൽ ഒരാൾ പങ്കുവെച്ച ആശയത്തിനു അംഗങ്ങൾ പിന്തുണയുമായി എത്തിയതോടെയാണു ഈ സ്വപ്നം യാഥാർഥ്യമാകുന്നത്. വർഷങ്ങൾക്കു മുമ്പ് കളിമണ്ണെടുത്തതിനെ തുടർന്ന് നിരപ്പ് നഷ്ടപ്പെട്ട നിലത്താണു മൂർക്കനാട് ജനകീയ കൂട്ടായ്മയിൽ നെൽകൃഷിയൊരുക്കുന്നത്. ഇതിനായി മൂർക്കനാട്-കാറളം ബണ്ട് റോഡിന്റെ വടക്കുഭാഗത്തായി നൂറുപറ നിലത്തിൽനിന്ന് അടമ്പയും പുല്ലും തെങ്ങുകളും മറ്റു ചെടികളും കാടും നീക്കി നിലം ഒരുക്കുകയാണ്. ഹിറ്റാച്ചി ഉപയോഗിച്ചാണു നിലം സജ്ജമാക്കുന്നത്. നിലം നിരത്തി പത്തേക്കർ കൃഷിയോഗ്യമാക്കുന്നതിനു ഏകദേശം അഞ്ചുലക്ഷം രൂപ ചെലവ് വരുമെന്നാണു കരുതുന്നത്. ബെംഗളൂരുവിൽ സോഫ്റ്റ്വയർ കമ്പനിയിൽ ജോലി ചെയ്യുന്ന നെല്ലിപറമ്പിൽ ആനന്ദ് ശങ്കറാണ് താൻ അഡ്മിനായ ഇരിങ്ങാലക്കുട നഗരസഭ ഒന്നാം വാർഡ് മൂർക്കനാട് ജനകീയ കൂട്ടായ്മ എന്ന വാട്സ് ആപ് ഗ്രൂപ്പിൽ ആശയം പങ്കുവെച്ചത്. കോവിഡ് ഭീഷണിയിൽ അന്യദേശ തൊഴിലാളികൾ നാട്ടിലേക്കു മടങ്ങിയതിനെ തുടർന്ന് പണിക്ക് ആളെ കിട്ടുമോയെന്ന ആശങ്കയിൽ കൃഷിയിറക്കാൻ ആളുകൾ മടിച്ചുനിൽക്കുമ്പോഴാണു ആനന്ദിന്റെ നേതൃത്വത്തിൽ ഇത്തരം ഒരാശയം മുളയെടുത്തത്. ആശയത്തിനു റിട്ട. ടെലികോം ജീവനക്കാർ ഗോപാലകൃഷ്ണൻ തച്ചിലത്ത്, വിദേശത്തുനിന്ന് മടങ്ങിയെത്തിയ ബഷീർ മാളിയേക്കൽ, ക്ഷീരകർഷകയായ ഗീത നമ്പിളിപുറത്ത്, അഭിഭാഷകനായ പ്രമോദ് പുത്തൻവീട്ടിൽ, അലുമിനിയം ഫാബ്രിക്കേറ്ററായ പ്രസാദ് പരന്തര, അധ്യാപകനായ മെൽവിൻ, വീട്ടമ്മമാരായ ജ്യോതി, പള്ളത്തുപറമ്പിൽ ഷാനിത, പലചരക്ക് കടക്കാരനായകബീർ, മുനിസിപ്പൽ ജീവനക്കാരനായ രമേഷ്, ഹോം ഡെലിവറി നടത്തുന്ന ധനേഷ്, കാർ കമ്പനി എക്സിക്യുട്ടീവ് പ്രവീൺ ആർ. മേനോൻ എന്നിവർ പിന്തുണയുമായി രംഗത്തെത്തിയതോടെ കൂട്ടായ്മ നിലം കണ്ടെത്തുകയായിരുന്നു. അങ്ങനെ വള്ളികാഞ്ഞിരം കൊമ്പുകുത്തൽ നടക്കുന്ന സ്ഥലത്തിന്റെ പടിഞ്ഞാറു വശത്ത് തരിശുകിടക്കുന്ന നിലം ഏറ്റെടുത്ത് കൃഷി നടത്താൻ തീരുമാനിച്ചു. ഉടമകളെ സമീപിച്ചപ്പോൾ കൂട്ടായ്മയ്ക്ക് മൂന്നു വർഷത്തേക്ക് കൃഷിയിറക്കുന്നതിനു അനുവദിച്ചു. ഡിസംബർ പകുതിയോടെ കൃഷിയിറക്കാനാകുമെന്നാണു കരുതുന്നതെന്നു കൂട്ടായ്മ പ്രവർത്തകർ പറഞ്ഞു.