കനത്ത പോളിംഗ് അട്ടിമറിക്കും അടിയൊഴുക്കുകള്‍ക്കും സാധ്യത……..
ഇരിങ്ങാലക്കുട: പോളിംഗ് ശതമാനം ഉയര്‍ന്നതു ഇരുമുന്നണികള്‍ക്കും വിജയപ്രതീക്ഷ നല്കുന്നുവെങ്കിലും പല വാര്‍ഡുകളിലും പോളിംഗ് ശതമാനം കുറഞ്ഞതു അടിയൊഴുക്കുകള്‍ക്കുള്ള സാധ്യതയും തള്ളി കളയുന്നില്ല. നഗരസഭയിലെ 27 വാര്‍ഡുകളില്‍ കഴിഞ്ഞ തവണത്തേക്കാള്‍ പോളിംഗ് ശതമാനം കുറയുകയാണുണ്ടായത്. ഏഴു വാര്‍ഡുകളില്‍ 80 ശതമാനത്തിലും മുകളില്‍ പോളിംഗ് നടന്നു. 20 വാര്‍ഡുകളില്‍ 75 ശതമാനത്തിലധികം പോളിംഗ് നടന്നു. ആറ്, എട്ട്, ഒമ്പത്, 11, 34, 36, 39 എന്നീ വാര്‍ഡുകളായ ഹോളിക്രോസ്, മാടായിക്കോണം സ്കൂള്‍, നമ്പ്യാങ്കാവ്, പോലീസ് സ്റ്റേഷന്, പൊറത്തിശേരി, ഫയര്‍ സ്റ്റേഷന്, കല്ലട എന്നീ വാര്‍ഡുകളിലാണു 80 ശതമാനത്തിലധികം പോളിംഗ് നടന്നത്. 74.02 ശതമാനമാണു ആകെ നഗരസഭയിലെ പോളിംഗ്. 84.68 ശതമാനം പോളിംഗ് നടന്ന പൊറത്തിശേരി 34-ാം വാര്‍ഡിലാണു നഗരസഭയില്‍ ഏറ്റവും കൂടുതല്‍ പോളിംഗ് നടന്ന വാര്‍ഡ്. 56.5 ശതമാനം പോളിംഗ് നടന്ന ആശുപത്രി 16-ാം വാര്‍ഡിലാണു നഗരസഭയില്‍ ഏറ്റവും കുറവ് പോളിംഗ് നടന്നത്. കഴിഞ്ഞ തവണയും ആശുപത്രി വാര്‍ഡിലാണ് പോളിംഗ് കുറവുണ്ടായിരുന്നത്. പല വാര്‍ഡുകളിലും പോളിംഗ് കുറയാനുണ്ടായതിനു പിന്നിലെ കാരണങ്ങള്‍ സ്ഥാനാര്‍ഥികളും പാര്‍ട്ടി നേതാക്കളും വിലയിരുത്തുന്നുണ്ട്. കോണ്‍ഗ്രസിന്റെ റിബലുകള്‍ മല്‍സരിക്കുന്ന വാര്‍ഡുകളില്‍ വിജയം പ്രവചനാതീതമാണ്. മുന്‍ നഗരസഭാ ചെയര്‍പേഴ്സണ്‍ ബെന്‍സി ഡേവിഡ്, മുന്‍ നഗരസഭാ വൈസ് ചെയര്മാന് സതീഷ് പുളിയത്ത്, മുന്‍ കൗണ്‍സിലര്‍ വാഹിദ ഇസ്മയില്‍, കോണ്‍ഗ്രസുമായി പ്രവര്‍ത്തിച്ചിരുന്ന രമേശ് പള്ളിച്ചാടത്ത്, ലിഷോണ്‍ കാട്ട്ള, കൊച്ചുത്രേസ്യ ജേക്കബ്, വര്‍ഗീസ് എക്കാടന്‍ എന്നിവര്‍ മല്‍സരിക്കുന്ന വാര്‍ഡുകള്‍ കോണ്‍ഗ്രസിനു നിര്‍ണായകമാണ്. കനത്ത പോളിംഗ് സ്ഥാനാര്‍ഥികളില്‍ പലരും മനസില്‍ ആശങ്ക ബാക്കി നിര്‍ത്തി തങ്ങള്ക്കനുകൂലമാകുമെന്നു പറയുകയാണ്. പ്രത്യക്ഷത്തില്‍ വിജയസാധ്യത പ്രകടിപ്പിക്കുന്ന പലരും സൗഹൃദ സംഭാഷണത്തിനിടയില്‍ ഇക്കാര്യം സൂചിപ്പിക്കുകയും ചെയ്തു. ഇന്നലെ സ്ഥാനാര്‍ഥികളും മുന്നണി നേതാക്കളും കൂട്ടലും കിഴിക്കലും പലയിടത്തും നടത്തി. തങ്ങളോടു ആഭിമുഖ്യം ഉള്ളവരെല്ലാം വോട്ട് ചെയ്യാന്‍ സന്നദ്ധരായിയെന്നാണു പൊതുവേ പാര്‍ട്ടിക്കാരും സ്ഥാനാര്‍ഥികളും അവകാശപ്പെടുന്നത്. വനിതാ വാര്‍ഡുകളില്‍ മാത്രമല്ല ജനറല്‍ സീറ്റുകളിലും പലയിടത്തും വനിതാ വോട്ടര്‍മാരുടെ എണ്ണം പുരുഷന്മാരെക്കാള് കൂടുതലായിരുന്നുവെന്നതിനും വനിതാ കൂട്ടായ്മകള്‍ നിഷേധിക്കാനാവാത്ത യാഥാര്‍ഥ്യമാണ്. അട്ടിമറികളും അടിയൊഴുക്കുകളും പൂര്‍ണമായി തള്ളിക്കളയാനാവാത്ത സാഹചര്യത്തില്‍ സ്ഥാനാര്‍ഥി നിര്‍ണയത്തിലെ അസംതൃപ്തി വോട്ടെടുപ്പില്‍ സാധാരണ വ്യക്തമായതായാണ് സൂചന. ചില വാര്‍ഡുകളില്‍ ഔദ്യോഗിക സ്ഥാനാര്ഥികളെക്കാള് ഊര്‍ജസ്വലതയോടെ വിമതര്‍ പ്രവര്‍ത്തിച്ചു. അന്തിമഘട്ടത്തില്‍ വിമതര്‍ പോരാട്ടത്തിന്റെ മുന്‍നിരയിലെത്തുകയും ചെയ്തു. പോളിംഗിലെ വര്‍ധനവ് തങ്ങള്‍ക്കു അനുകൂലമാണെന്നു വിമതര്‍ വിശ്വസിക്കുന്നതും അതുകൊണ്ടാണ്. സ്വതന്ത്ര സ്ഥാനാര്‍ഥികളും സകല അടവുമെടുത്തു പയറ്റിയ ചില വാര്‍ഡുകളിലും മുന്‍വര്‍ഷത്തെക്കാള്‍ പോളിംഗ് രേഖപ്പെടുത്തി. വിജയിക്കാനുള്ള സാധ്യതയെക്കാള്‍ പലരുടെയും വിജയപ്രതീക്ഷയെ തകിടം മറിക്കുന്നതായിരിക്കും തങ്ങള്‍ക്കു ലഭിച്ചിട്ടുള്ള വോട്ടുകളെന്നും വിമതരിലെ ചിലര്‍ അഭിപ്രായപ്പെട്ടു. തങ്ങള്‍ക്കനുകൂലമായ രാഷ്ട്രീയ കാലാവസ്ഥയാണിതെന്നു ഇരുമുന്നണികളിലെയും നേതാക്കള്‍ ആവര്‍ത്തിക്കുന്നു. അതേ സമയം ലഭിക്കാനിടയുള്ള സീറ്റുകളുടെ കാര്യത്തില്‍ ഇരുമുന്നണികളും രണ്ടറ്റത്താണ്. അതിരു കവിഞ്ഞ ആത്മവിശ്വാസത്തോടെയാണു എല്‍ഡിഎഫ് നേതാക്കളും പ്രവര്‍ത്തകരും വോട്ടെടുപ്പിനെ നോക്കിക്കാണുന്നത്. എന്നാല്‍ പോളിംഗ് ശതമാനം കൂടിയത് യുഡിഎഫിന്റെ വിജയം ഉറപ്പിക്കുന്നതാണെന്നാണു യുഡിഎഫ് നേതൃത്വത്തിന്റെ വിലയിരുത്തല്‍. 25 മുതല്‍ 30 സീറ്റുകള്‍ വരെ ലഭിക്കുമെന്നാണ് ഇരുമുന്നണികളുടെയും കണക്കുകൂട്ടല്‍. കഴിഞ്ഞ തവണ ലഭിച്ച സീറ്റുകളേക്കാള്‍ കൂടുതല്‍ സീറ്റുകള്‍ നഗരസഭയില്‍ ഇത്തവണ ലഭിക്കുമെന്ന വിലയിരുത്തലിലാണു ബിജെപി നേതൃത്വം.
ബ്ലോക്കുകളിലെയും പഞ്ചായത്തുകളിലെയും പോളിംഗ് നില
തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളിലേക്കു നടന്ന തെരഞ്ഞെടുപ്പില്‍ ബ്ലോക്ക് പഞ്ചായത്തില്‍ 76.91 ശതമാനവും വെള്ളാങ്കല്ലൂര്‍ ബ്ലോക്കില്‍ 76.34 ശതമാനവും പോളിംഗ് രേഖപ്പെടുത്തി. കാറളം പഞ്ചായത്തില്‍ 77.71 ശതമാനവും കാട്ടൂരില്‍ 73.86 ശതമാനവും മുരിയാട് പഞ്ചായത്തില്‍ 76.27 ശതമാനവും പടിയൂരില്‍ 79.13 ശതമാനവും പൂമംഗലത്ത് 76.85 ശതമാനവും വേളൂക്കരയില്‍ 75.59 ശതമാനവും വോട്ട് രേഖപ്പെടുത്തി. വെള്ളാങ്കല്ലൂര്‍ ബ്ലോക്കില്‍ 76.24 ശതമാനം സ്ത്രീകളും 76.44 ശതമാനം പുരുഷന്മാരും വോട്ടു രേഖപ്പെടുത്തി.