ചേലൂരിലെ ടാര്‍ മിക്സിംഗ് യൂണിറ്റ്; പെര്‍മിറ്റ് റദ്ദ് ചെയ്യണമെന്ന് എഐവൈഎഫ്
ഇരിങ്ങാലക്കുട: ജനവാസ കേന്ദ്രത്തില്‍ ടാര്‍ മിക്സിംഗ് യൂണിറ്റിനു അനുമതി നല്കിയ ഇരിങ്ങാലക്കുട നഗരസഭ അധികൃതര്‍ തന്നെ മിക്സിംഗ് യൂണിറ്റിനെതിരെ പ്രതിഷേധവുമായി രംഗത്ത് വരുന്ന പ്രഹസനത്തിനെതിരെ എഐവൈഎഫ് പ്രവര്‍ത്തകര്‍. യൂണിറ്റിനു പെര്‍മിറ്റ് നല്‍കിയതില്‍ അഴിമതി ഉണ്ടെന്നും കൗണ്‍സില്‍ ചര്‍ച്ച ചെയ്യാതെയാണു പ്ലാന്റിനു അംഗീകാരം നല്‍കിയതെന്നും അടിയന്തിര കൗണ്‍സില്‍ ചേര്‍ന്നു പെര്‍മിറ്റ് റദ്ദ് ചെയ്യണമെന്നും പ്ലാന്റ് സ്ഥിതി ചെയ്യുന്ന വാര്‍ഡിലെ കൗണ്‍സിലര്‍ കൂടിയായ ചെയര്‍പേഴ്സണ്‍ ഇടപെടണമെന്നും എഐവൈഎഫ് ആവശ്യപ്പെട്ടു. മിക്സിംഗ് യൂണിറ്റിലേക്കു എഐവൈഎഫ് പടിയൂര്‍ മേഖലാ കമ്മിറ്റി നടത്തിയ മാര്‍ച്ചും ധര്‍ണയും സ്റ്റേറ്റ് കമ്മിറ്റി അംഗം കെ.സി. ബിജു ഉദ്ഘാടനം ചെയ്തു. മേഖലാ പ്രസിഡന്റ് വി.ആര്. രഞ്ജിത് അധ്യക്ഷത വഹിച്ചു. വിഷ്ണു ശങ്കര്‍, വി.ആര്. രമേഷ്, ടി.വി. വിബിന്, കെ.പി. കണ്ണന്, പി.എസ്. മിഥുന്, ഇ.എസ്. അഭിമാന്, കൃഷ്ണദാസ് എന്നിവര്‍ പ്രസംഗിച്ചു.
ടാര്‍ മിക്സിംഗ് യൂണിറ്റ് നിര്ത്തിവെപ്പിക്കാനെത്തിയ ഇരിങ്ങാലക്കുട നഗരസഭ അധികൃതര്‍ ലക്ഷ്യം സാധിക്കാതെ മടങ്ങി
ഇരിങ്ങാലക്കുട: അധികൃതരുടെ ഉത്തരവ് അവഗണിച്ചു വീണ്ടും പ്രവര്‍ത്തനം തുടങ്ങിയ ടാര്‍ മിക്സിംഗ് യൂണിറ്റ് നിര്ത്തിവെപ്പിക്കാനെത്തിയ ഇരിങ്ങാലക്കുട നഗരസഭ അധികൃതര്‍ ലക്ഷ്യം സാധിക്കാതെ മടങ്ങി. നഗരസഭയുടെ 27-ാം വാര്‍ഡില്‍ സ്വകാര്യ വ്യക്തിയുടെ ഒരേക്കര്‍ സ്ഥലത്ത് പ്രവര്‍ത്തിക്കുന്ന ടാര്‍ മിക്സിംഗ് യൂണിറ്റിന്റെ പ്രവര്‍ത്തനം താത്കാലികമായി നിര്‍ത്തിവെക്കാന്‍ 27, 28 വാര്‍ഡിലെ പ്രദേശവാസികളുടെ പരാതിയുടെ അടിസ്ഥാനത്തില്‍ നഗരസഭ സെക്രട്ടറി ഈ മാസം 24 നു ഉത്തരവിട്ടിരുന്നു. ഉത്തരവ് ലംഘിച്ച് വീണ്ടും പ്രവര്‍ത്തനം ആരംഭിച്ചതായി പരിസരവാസികള്‍ ശ്രദ്ധയില്‍പ്പെടുത്തിയതിനെ തുടര്‍ന്ന് നഗരസഭ ചെയര്‍പേഴ്സണ്‍ സോണിയ ഗിരി, 28-ാം വാര്‍ഡ് മെമ്പര്‍ കെ.എം. സന്തോഷ് എന്നിവര്‍ സ്ഥലത്തെത്തുകയായിരുന്നു. നഗരസഭയുടെ നിബന്ധനകള്‍ പാലിക്കാതെയാണ് വീണ്ടും ടാര്‍ മിക്സിംഗ് യൂണിറ്റ് പ്രവര്‍ത്തനം ആരംഭിച്ചിരിക്കുന്നതെന്നു ചെയര്‍പേഴ്സണ്‍ പറഞ്ഞു. എന്നാല്‍ എല്ലാ വ്യവസ്ഥകളും പാലിച്ച് നഗരസഭയുടെയും പൊലൂഷന്‍ കണ്‍ട്രോളിന്റെയും അംഗീകാരത്തോടെയാണു യൂണിറ്റ് പ്രവര്‍ത്തിക്കുന്നതെന്നും നഗരസഭാ അധികൃതര്‍ നല്കിയ സ്റ്റോപ്പ് മെമ്മോയ്ക്കെതിരെ ഹൈക്കോടതി ട്രിബ്യൂണലില്‍ നിന്നും സ്റ്റേ നേടിയിട്ടുണ്ടെന്നും പണി തടസപ്പെടുത്തിയവര്‍ക്കെതിരെ ഒരു കോടി രൂപയുടെ നഷ്ടപരിഹാരത്തിനു കേസ് നല്‍കുമെന്നും ടാര്‍ മിക്സിംഗ് യൂണിറ്റ് ഉടമ പറഞ്ഞു. സ്റ്റേ ഒഴിപ്പിക്കാനുള്ള നടപടികളുമായി മുന്നോട്ടുപോകുമെന്നും പരിസരവാസികളോടു നഗരസഭ അധികൃതര്‍ വിശദീകരിച്ചു. പടിയൂര്‍ പഞ്ചായത്ത് പ്രസിഡന്റ് ലത സഹദേവനും സ്ഥലത്തെത്തിയിരുന്നു. വിഷയം ആരോഗ്യവകുപ്പ് മന്ത്രിയുടെ ശ്രദ്ധയില്‍ അടിയന്തിരമായിപ്പെടുത്തണമെന്നു നാട്ടുകാര്‍ നഗരസഭാ അധികൃതരോടു ആവശ്യപ്പെട്ടു. അതേസമയം പ്ലാന്റ് നിര്‍മാണത്തിനു 2019 ഡിസംബര്‍ 20 നു നഗരസഭാ കൗണ്‍സിലില്‍ അനുമതി നല്‍കിയിട്ടുള്ളതാണെന്നും 2019-20, 2020-21 വര്‍ഷങ്ങളില്‍ ലൈസന്‍സ് നല്‍കിയിട്ടുണ്ടെന്നും നഗരസഭ ഉദ്യോഗസ്ഥര്‍ പറഞ്ഞു.