കോവിഡ് വാക്സിന് കുത്തിവയ്പ്പിന് ഇരിങ്ങാലക്കുട ജനറല്‍ ആശുപത്രിയില്‍ തുടക്കമായി
ഇരിങ്ങാലക്കുട: കോവിഡിനെതിരെ പ്രതിരോധം തീര്‍ക്കാനുള്ള കുത്തിവയ്പ്പിനു ഇരിങ്ങാലക്കുട ജനറല്‍ ആശുപത്രിയില്‍ തുടക്കമായി. രാവിലെ 8.45 നു പോലീസ് സുരക്ഷയില്‍ ആശുപത്രിയില്‍ എത്തിച്ച 110 ഡോസ് വാക്സിന് നഗരസഭ, ആശുപത്രി അധികൃതര്‍ ചേര്‍ന്ന് എറ്റുവാങ്ങി. ജനറല്‍ ആശുപത്രിയിലെ മാതൃശിശുവിഭാഗത്തിലെ ബ്ലോക്കാണു കുത്തിവയ്പ്പിനായി സജീകരിച്ചിരിക്കുന്നത്. ഇവിടെയുണ്ടായിരുന്ന രണ്ടു ഒപികള്‍ താത്കാലികമായി കെട്ടിടത്തിലെ മറ്റൊരിടത്തേക്കു മാറ്റി. വാക്സിന് സൂക്ഷിക്കാനുള്ള ഐസ് ലാന്‍ഡ് റഫ്രിജറേറ്റര്‍ നിലവില്‍ ആശുപത്രിയില്‍ ഉണ്ട്. ഇരിങ്ങാലക്കുട ജനറല്‍ ആശുപത്രിയില്‍ ആദ്യ ദിനത്തില്‍ 110 വാക്സിനാണു എത്തിയിരിക്കുന്നത്. പോലീസ് സുരക്ഷയില്‍ ഡിഎംഒ ഓഫീസിലെ ഓഫീസര്‍ പി.പി. രാജീവിന്റെ നേതൃത്വത്തില്‍ എത്തിച്ചേര്‍ന്ന വാക്സിന് നഗരസഭ ചെയര്‍പേഴ്സണ്‍ സോണിയഗിരി, ആരോഗ്യ സ്റ്റാന്‍ഡിംഗ് കമ്മിറ്റി ചെയര്മാന് അംബിക പള്ളിപ്പുറത്ത്, ആശുപത്രി സൂപ്രണ്ട് ഡോ. മിനിമോള്‍, വാക്സിനേഷന് നോഡല്‍ ഓഫീസര്‍ ഡോ. എ.പി. ബിജു, നഴ്സിംഗ് സൂപ്രണ്ട് പി.പി. പ്രീതി, പബ്ലിക് ഹെല്‍ത്ത് നഴ്സ് റോസിലി, സി. പ്രസാദ് എന്നിവരുടെ നേതൃത്വത്തില്‍ ഏറ്റുവാങ്ങി. ആരോഗ്യവകുപ്പില്‍ നിന്നുള്ള നിര്‍ദേശം അനുസരിച്ച് സര്‍ക്കാര്‍ നിര്‍ദേശിച്ചിട്ടുള്ള മുന്‍ഗണനാ പട്ടികയിലുള്പ്പെട്ടവര്ക്കു തുടര്‍ന്നുള്ള ദിവസങ്ങളില്‍ വാക്സിന് നല്കുമെന്നു സൂപ്രണ്ട് ഡോ. മിനിമോള്‍ പറഞ്ഞു. ഓരോ ദിവസവും 100 പേര്‍ക്ക് വീതം വാക്സിന് നല്‍കാനാണു നിര്‍ദേശം നല്‍കിയിട്ടുള്ളതെന്നും ഓരോ ഘട്ടമായി പോലീസ്, മുനിസിപ്പല്‍, റവന്യു, ഹെല്‍ത്ത് ഡിപ്പാര്‍ട്ട്മെന്റ് എന്നീ മേഖലകളിലുള്ളവര്‍ക്കു വാക്സിന് നല്‍കുമെന്നും മിനിമോള്‍ പറഞ്ഞു. മേഖലയിലെ ആശുപത്രികള്‍, ക്ലിനിക്കുകള്‍, ലാബുകള്‍ എന്നിവയിലെ ആരോഗ്യപ്രവര്‍ത്തകര്‍, ആശാപ്രവര്‍ത്തകര്‍, അങ്കണവാടി പ്രവര്‍ത്തകര്‍ എന്നിവര്‍ക്കാണ് ആദ്യഘട്ടത്തില്‍ വാക്സിന് നല്‍കുന്നത്. പ്രഫ. കെ.യു. അരുണന് എംഎല്‍എ ആശുപത്രിയിലെത്തി സ്ഥിതിഗതികള്‍ വിലയിരുത്തി. ലോകാരോഗ്യ സംഘടനയില്‍ നിന്നുള്ള എക്സ്റ്റേണല്‍ മോണിറ്റര്‍ ഡബ്ല്യുഎച്ച്ഒ പ്രതിനിധി ഡോ. എസ്.ആര്. ടിനുവും ആശുപത്രയില്‍ എത്തിയിരുന്നു. ഇതുസംബന്ധിച്ച റിപ്പോര്‍ട്ട് ലോകാരോഗ്യ സംഘടനയ്ക്ക് കൈമാറുമെന്നു ഇവര്‍ അറിയിച്ചു. പ്രധാനമന്ത്രിയുടെ അഭിസംബോധനയ്ക്കുശേഷം 11.30 ഓടെയാണു കുത്തിവയ്പ്പിനുള്ള നടപടികള്‍ ആരംഭിച്ചത്. കാറളം, പൊറത്തിശേരി പ്രാഥമികാരോഗ്യ കേന്ദ്രങ്ങളില്‍ നിന്നുള്ള ആരോഗ്യപ്രവര്‍ത്തകരാണു ആദ്യഘട്ടത്തില്‍ കുത്തിവയ്പിനു വിധേയരായത്. രാവിലെ ഒമ്പതു മുതല്‍ വൈകീട്ട് അഞ്ചു വരെയാണ് വാക്സിനേഷന് നല്‍കുന്നത്.