കൂടല്‍മാണിക്യം തിരുവുത്സവത്തിന് 71 ലക്ഷം രൂപയുടെ ബജറ്റ്
2020 ലെ ഉത്സവം മാര്‍ച്ച് 28 നു കൊടിയേറി ഏപ്രില്‍ ഏഴിനു ആറാട്ടോടെ സമാപിക്കും
കോവിഡ് പശ്ചാത്തലത്തില്‍ മാതൃക്കല്‍ ദര്‍ശനം അനുവദിക്കില്ല
2021 ലെ ഉത്സവം ഏപ്രില്‍ 24 നു കൊടിയേറും
മൂന്നാനകളെ എഴുന്നള്ളിക്കും
ഇരിങ്ങാലക്കുട: കൂടല്‍മാണിക്യം ക്ഷേത്രത്തിലെ 2020, 2021 വര്‍ഷങ്ങളിലെ ഉത്സവങ്ങള്‍ ആചാരാനുഷ്ഠാനങ്ങളോടെ നടത്താന്‍ തീരുമാനിച്ചു. ഇതിനായി സംഘാടക സമിതി രൂപവത്കരിച്ച് 71 ലക്ഷം രൂപയുടെ ബജറ്റ് അംഗീകരിച്ചു. രണ്ടു വര്‍ഷത്തെ ഉത്സവസംഘാടക സമിതി യോഗത്തിലാണു 71 ലക്ഷം രൂപ വരവും 70.50 ലക്ഷം ചെലവും വരുന്ന ബജറ്റ് അഡ്മിനിസ്ട്രേറ്റര്‍ എ.എം. സുമ അവതരിപ്പിച്ചത്. മാറ്റിവെയ്ക്കപ്പെട്ട 2020 ലെ ഉത്സവം മാര്‍ച്ച് 28 നു കൊടിയേറി ഏപ്രില്‍ ഏഴിനു ആറാട്ടോടുകൂടി സമാപിക്കും. 2021 ലെ ഉത്സവം ഏപ്രില്‍ 24 നു കൊടിയേറി മേയ് നാലിനു ആറാട്ടോടെ സമാപിക്കും. ആചാരനുഷ്ഠാനങ്ങളോടെയും മൂന്നു ആനകളുടെ എഴുന്നള്ളിപ്പോടെയും മാത്രമായി നടത്തുന്ന ഉത്സവത്തിന്റെ ആറാട്ട് ചാലക്കുടി കൂടപ്പുഴയിലും 2021 ലെ ഉത്സവത്തിന്റെ ആറാട്ട് രാപ്പാള്‍ ആറാട്ടുകടവിലും നടത്തും. മാര്‍ച്ചിലെ ഉത്സവം കോവിഡ് പ്രോട്ടോക്കോള്‍ പാലിച്ച് നടത്തും. കോവിഡ് പശ്ചാത്തലത്തില്‍ ഈ ഉത്സവത്തിനു മാതൃക്കല്‍ ദര്‍ശനം അനുവദിക്കില്ല. ഏപ്രിലില്‍ നടക്കുന്ന ഉത്സവത്തില്‍ കോവിഡ് അനുസരിച്ച് നാട്ടിലെ കലാകാരന്മാരുടെ കലാപരിപാടികള്‍ ഉള്‍പ്പെടുത്തുവാനും മേളത്തിനും മാര്‍ച്ചിലെ ഉത്സവത്തിനുശേഷം യോഗം ചേര്‍ന്നു തീരുമാനമെടുക്കും. ഉത്സവത്തിനു ദീപാലങ്കാരങ്ങള്‍ നടത്താനും യോഗം തീരുമാനിച്ചിട്ടുണ്ട്. രണ്ടു ഉള്ളാനകളടക്കം മൂന്നു ആനകളെ ഉള്‍പ്പെടുത്തി ഉത്സവം നടത്താനാണു തീരുമാനം. മൂന്നാനകളുടെ ഉത്സവത്തിനും ആറാട്ടിനും അനുമതി ആവശ്യപ്പെട്ട് ജില്ലാ കളക്ടറെ സമീപിക്കാന്‍ യോഗം തീരുമാനിച്ചു. ഉത്സവത്തിനു മുന്നോടിയായി കൊല്ലം തോറും ആര്‍ഡിഒയുടെ അധ്യക്ഷതയില്‍ ഉദ്യോഗസ്ഥതല മീറ്റിംഗ് വിളിച്ചു ചേര്‍ക്കാറുണ്ട്. ഇത്തവണയും യോഗം വിളിക്കാന്‍ അപേക്ഷിക്കാനും തീരുമാനിച്ചു. യോഗത്തില്‍ ദേവസ്വം ചെയര്മാന് യു. പ്രദീപ് മേനോന് അധ്യക്ഷത വഹിച്ചു. ഭരണസമിതി അംഗങ്ങള്‍, സംഘാടക സമിതി ഭാരവാഹികള്‍ എന്നിവര്‍ പങ്കെടുത്തു.