വര്‍ഗീയതയെ നേരിടുന്നതില്‍ പരാജയപ്പെട്ട കോണ്‍ഗ്രസ് മരണത്തോടടുക്കുകയാണ്-കോണ്‍ഗ്രസിനെതിരെ കടുത്ത വിമര്‍ശനവുമായി പി.സി. ചാക്കോ
കല്ലേറ്റുംകര: വര്‍ഗീയതയെ നേരിടുന്നതില്‍ പരാജയപ്പെട്ട കോണ്‍ഗ്രസ് മരണത്തോടടുക്കുകയാണെന്നും നിയമസഭ തെരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസ് ഒറ്റസംഖ്യയില്‍ എത്തിച്ചേര്‍ന്നാല്‍ വിസ്മയിക്കേണ്ടതില്ലെന്നും പി.സി. ചാക്കോ പറഞ്ഞു. നിയോജകമണ്ഡലം എല്‍ഡിഎഫ് സ്ഥാനാര്‍ഥി പ്രഫ. ആര്. ബിന്ദുവിന്റെ തെരഞ്ഞെടുപ്പ് പ്രചരണാര്‍ഥം കല്ലേറ്റുംങ്കര സെന്ററില്‍ നടന്ന യോഗം ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു അദ്ദേഹം. കരാട്ടെ പഠിപ്പിക്കാനല്ല, ഫാസിസത്തെ എങ്ങനെ നേരിടുമെന്നു പറയാനാണു രാഹുല്‍ ഗാന്ധി ശ്രമിക്കേണ്ടത്. നേമത്ത് ജയിച്ചത് കോണ്‍ഗ്രസുകാരുടെ വോട്ട് കൊണ്ടാണെന്ന കെ. രാജഗോപാലിന്റെ പ്രസ്താവനയ്ക്ക് ഉമ്മന്‍ചാണ്ടിയും രമേശ് ചെന്നിത്തലയും മറുപടി പറയണം. പക്വതയില്ലാത്ത രാഹുലിന്റെ നടപടികള്‍ മൂലം കോണ്‍ഗ്രസ് പാര്‍ലിമെന്റിന്റെ ഒരു മൂലയില്‍ ഒതുങ്ങി. കഴിഞ്ഞ അഞ്ചു വര്‍ഷത്തെ പിണറായി സര്‍ക്കാരിന്റെ ഭരണം പുതിയ ഒരു വികസന കാഴ്ചപ്പാടാണു അവതരിപ്പിച്ചത്. പ്രകൃതി ദുരന്തങ്ങളെയും മഹാമാരിയെയും നേരിട്ട കേരളത്തില്‍ ഒരാള്‍പ്പോലും പട്ടിണി കിടന്നു മരിച്ചിട്ടില്ല. ഉമ്മന്‍ചാണ്ടി ഉപേക്ഷിച്ച ഗെയ്ല് പദ്ധതി യാഥാര്‍ഥ്യമാക്കാന്‍ പിണറായി സര്‍ക്കാരിനു കഴിഞ്ഞു. 67,000 കോടി രൂപയാണു കിഫ്ബിയിലൂടെ അടിസ്ഥാന വികസനത്തിനായി സര്‍ക്കാര്‍ ചെലവഴിച്ചത്. കിഫ്ബി നിറുത്തലാക്കുമെന്നു പറയാന്‍ രമേശ് ചെന്നിത്തലയ്ക്ക് കഴിയുമോ എന്നു പി.സി. ചാക്കോ ചോദിച്ചു. വികസനത്തിനു നേരെ മുഖം തിരിച്ചു നില്ക്കുന്ന സമീപനം പ്രതിപക്ഷം ഉപേക്ഷിക്കണം. പഴയ പല്ലവി തുടര്‍ന്നാല്‍ കോണ്‍ഗ്രസിനെ ജനങ്ങള്‍ ഇരുത്തേണ്ടിടത്തു ഇരുത്തുമെന്നു പി.സി. ചാക്കോ പറഞ്ഞു. കോണ്‍ഗ്രസിന്റെ ദേശീയ, സംസ്ഥാന നേതൃത്വത്തിനെതിരെ കടുത്ത വിമര്‍ശനവുമായിരുന്നു എന്‍സിപി നേതാവും മുന്‍ എംപിയുമായ പി.സി. ചാക്കോ അഴിച്ചുവിട്ടത്. എല്‍ഡിഎഫ് ആളൂര്‍ നോര്‍ത്ത് മേഖല പ്രസിഡന്റ് ബിന്ദു ഷാജു അധ്യക്ഷത വഹിച്ചു. ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് പി.കെ. ഡേവിസ് മാസ്റ്റര്‍, എല്‍ഡിഎഫ് നേതാക്കളായ ഉല്ലാസ് കളക്കാട്ട്, പോള്‍ കോക്കാട്ട്, പി. മണി, എം.എസ്. മൊയ്തീന്, എം.ബി. ലത്തീഫ്, ടി.കെ. വര്‍ഗീസ്, എം.സി. ചാക്കോ, ഐ.എം. ബാബു, പഞ്ചായത്ത് പ്രസിഡന്റ് കെ.ആര്. ജോജോ എന്നിവര്‍ പ്രസംഗിച്ചു