കൂടല്‍മാണിക്യം ദേവസ്വം പോട്ട പ്രവൃത്തി കച്ചേരി ഭൂമിയില്‍ തെങ്ങിന് തൈകള്‍ വെച്ചു
ഇരിങ്ങാലക്കുട: കൂടല്‍മാണിക്യം ദേവസ്വം പോട്ട പ്രവൃത്തി കച്ചേരി ഭൂമിയില്‍ തെങ്ങിന് തൈകള്‍ വെച്ചു. വാഴ, പച്ചക്കറി കൃഷികള്‍ക്കും തുടക്കം കുറിച്ചു. കൂടല്‍മാണിക്യം ദേവസ്വം ഭൂമികളില്‍ 500 തെങ്ങിന് തൈകള്‍ നടുന്നതിന്റെ ഭാഗമായി പോട്ട പ്രവൃത്തി കച്ചേരി ഭൂമിയിലും പാമ്പാമ്പോട്ട് ശിവക്ഷേത്രം ഭൂമിയിലും തെങ്ങിന് തൈകള്‍ നടുന്നതിനു തുടക്കം കുറിച്ചു. ദേവസ്വം ചെയര്മാന് യു. പ്രദീപ് മേനോനും ചാലക്കുടി നഗരസഭാ ചെയര്മാന് വി.ഒ. പൈലപ്പനും ചേര്‍ന്ന് തെങ്ങിന് തൈകള്‍ നട്ടു. പോട്ട പ്രവൃത്തി കച്ചേരിയില്‍ 40 തെങ്ങിന് തൈകള്‍ വെയ്ക്കും. ബാക്കി വരുന്ന സ്ഥലത്ത് വാഴയും പച്ചക്കറികളും കൃഷി ചെയ്യും. വര്‍ഷം തോറും നിറപുത്തിരിയ്ക്കായി കൂടല്‍മാണിക്യം ക്ഷേത്രത്തിലേയ്ക്കു കൊണ്ടുപോകുന്ന തണ്ടികയ്ക്ക് ആവശ്യമായ നേന്ത്രപഴം, കദളി പഴം, വഴുതിന തുടങ്ങി ആവശ്യമായ എല്ലാ പച്ചക്കറികളും ഇവിടെ ഉല്പാദിപ്പിക്കും. കീഴേടം ക്ഷേത്രമായ പാമ്പാമ്പോട്ട് ശിവക്ഷേത്രം കമ്മിറ്റിയുടെ നേതൃത്വത്തിലാണു കൃഷിയിറക്കുന്നത്. പാമ്പാമ്പോട്ട് ശിവക്ഷേത്രോദ്ധാരണ സമിതി പ്രസിഡന്റ് കെ.ജി. സുന്ദരന്‍, നഗരസഭാ കൗണ്‍സിലറും ക്ഷേത്രം കമ്മിറ്റി സെക്രട്ടറിയുമായ വത്സന് ചമ്പക്കര, പീതാംബരന് കോന്നാത്ത്, പി.ആര്. ശിവശങ്കരന്, ശ്രീധരന് മാടപ്പാട്ട് എന്നിവര്‍ പ്രസംഗിച്ചു.